- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ ആലങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവം: ഭർത്താവ് മുഹമ്മദലി ജവഹറും സുഹൃത്ത് സഫലും അറസ്റ്റിൽ; ഇരുവരേയും പിടികൂടിയത് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദ്ദിച്ച കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് നോർത്ത് പറവൂർ മന്നം തോട്ടത്തിൽ പറമ്പ് വീട് മുഹമ്മദലി ജവഹർ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പിൽ വീട്ടിൽ സഫൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുപ്പത്തടത്തുനിന്ന് പിടിയിലായത്.
കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ജവഹർ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും മർദനത്തിൽ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ജവഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനും യുവതിയെ മർദിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഒളിവിൽ പോയ ജവഹറിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂരപീഡനമാണ് ഏൽക്കേണ്ടിവന്നത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ജവഹർ നിരന്തരം മർദിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഗർഭിണിയായ ശേഷവും മർദനം തുടർന്നു. കഴിഞ്ഞദിവസം യുവതിയെ മതിലിൽ ചാരിനിർത്തി ചവിട്ടിയെന്നും ഇത് തടയാൻ ശ്രമിച്ചതിനാണ് തന്നെ മർദിച്ചതെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്യത്തിൽ ആലുവ വെസ്റ്റ് ഇൻസ്പെക്ടർ എം.ആർ. മൃദുൽ കുമാർ, സബ് ഇൻസ്പെക്ടർ ജി. അജയകുമാർ, എഎസ്ഐ മാരായ സി.കെ.രാമചന്ദ്രൻ, ഇ.ടി. ജയകൃഷ്ണൻ, എസ്.സി.പി.ഒ എം. സജിത്ത്, സി.പി.ഒ മാരായ നൗഫൽ, മുരുകേശൻ, ഡബ്ല്യു.എസ്സ്.സി.പി.ഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.