- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസ തേടിയ രണ്ട് ലക്ഷം പേരുടെ വിശദാംശങ്ങൾ ചോർന്നു; എച്ച് ഐ വി ടെസ്റ്റ് സന്നദ്ധത അറിയിച്ച രോഗികളുടെ വിവരങ്ങൾ പോലും ഇന്റർനെറ്റിൽ; അതീവ സുരക്ഷിതമാക്കേണ്ട ഫോൾഡറുകൾ ആർക്കും തുറക്കാവുന്ന പാകത്തിൽ സൂക്ഷിച്ചത് വിനയായി; സംഭവിച്ചത് ഹാക്കിങ് എന്ന് മറുനാടനോട് പ്രതികരിച്ച് ആശുപത്രിയും
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുള്ള രണ്ടു ലക്ഷത്തോളം പേരുടെ രോഗവിവരങ്ങൾ ഇന്റർനെറ്റ് വഴി പുറത്തായതായുള്ള വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ആരോഗ്യമേഖല. സംഭവം ആശുപത്രി അധികൃതർ മറുനാടനോട് സ്ഥിരീകരിച്ചു. എച്ച്ഐവി ടെസ്റ്റിനു സന്നദ്ധത അറിയിച്ചു രോഗികൾ സമർപ്പിച്ചതും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങൾ വരെ പുറത്തായ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ രേഖകളും മറുനാടന് കിട്ടി.
കഴിഞ്ഞ 6 വർഷത്തിനിടെ ആശുപത്രിയിൽ ചികത്സയ്ക്കും ടെസ്റ്റുകൾക്കും മറ്റുമായി എത്തിയവരുടെ പരിശോധനാഫലങ്ങൾ, മരുന്നുകുറിപ്പടികൾ, ലാബ് ടെസ്റ്റ് ഫലങ്ങൾ എന്നിവയാണ് ഇന്റർനെറ്റിൽ പരസ്യമായത്. ആരോഗ്യമേഖലയിൽ നിന്നും ഇത്രയേറെ വിവരങ്ങൾ ഇന്റർനെറ്റിലൂടെ പരസ്യമാവുന്നത് ഇത് ആദ്യമാണെന്നാണ് സൂചന.
ഡൽഹി കേന്ദ്രമായ ഒബ്സർവർ റിസർച് ഫൗണ്ടേഷനിലെ (ഒആർഎഫ്) ആരോഗ്യവിഭാഗം തലവനും മലയാളിയുമായ ഉമ്മൻ സി.കുര്യനാണ് ഗുരുതരമായ പിഴവു് വെളിച്ചത്തു കൊണ്ടു വന്നത്.കോവിഡ് ടെസ്റ്റിങ് ലാബ് കൂടിയുള്ളതിനാൽ ആയിരക്കണക്കിനാളുകളുടെ കോവിഡ് റിപ്പോർട്ടുകളും ചോർന്നു.
അതീവ സുരക്ഷിതമാക്കി വയ്ക്കേണ്ട ഫയലുകൾ ഉൾപ്പെട്ട ഫോാൾഡറുകൾ ഇന്റർനെറ്റിൽ ആർക്കും തുറക്കാവുന്ന പാകത്തിൽ സൂക്ഷിച്ചതാണ് ചോരാൻ കാരണമെന്നും ജിബി കണക്കിനു ഡേറ്റയാണ് ഓൺലൈൻ ഫോൾഡറുകളിലുണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. രോഗവിവരങ്ങൾക്കു പുറമേ ഇമെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ നിർണായക വിവരങ്ങം ചോർന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ.
ഒറ്റ ഇൻഡക്സ് പേജിൽ എല്ലാ രോഗികളെയും ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ സൈബർ തട്ടിപ്പുകാർക്ക് ഇവ എളുപ്പം ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന തരത്തിലാണു കിടന്നതെന്ന് ഉമ്മൻ സി കുര്യൻ തിരിച്ചറിഞ്ഞു. എന്നാൽ പുറത്തുവന്ന വിവരങ്ങളിൽ ഒട്ടുമുക്കാലും വാസ്തവ വിരുദ്ധമാണെന്നും ഹാക്കിങ് വഴിയാണ് ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചോർന്നിട്ടുള്ളതെന്നും ഇക്കാര്യത്തിൽ ഉടൻ പൊലീസിൽ പരാതി നൽകുമെന്നും ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു.
പുറത്തുവന്നതായിപ്പറയപ്പെടുന്നത് ആശുപത്രിയിൽ രോഗികൾ കൊണ്ടുവന്ന റിപ്പോർട്ടുകളുടെ സ്കാൻ ചെയ്ത കോപ്പികളാണെന്നാണ് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുള്ളതെന്നും അത്യന്തം രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സുരക്ഷിതമാണെന്നും സുരക്ഷ വീഴ്ച ബോദ്ധ്യപ്പെട്ടയുടൻ ഐ ടി വിഭാഗം ഇത് പരിഹരിച്ചിട്ടുണ്ടെന്നും ആശുപത്രി വിശദീകരിക്കുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലന്നുമാണ് മാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
മറുനാടന് മലയാളി ലേഖകന്.