ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ആറ് ഡി.വൈ.എസ്‌പിമാർ, പതിനേഴ് ഇൻസ്‌പെക്ടർമാർ, നൂറ്റിപതിനാറ് എസ്‌ഐ - എഎസ്ഐ മാർ ഉൾപ്പെടെ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കനത്ത സുരക്ഷയാണ് ആലുവയിലും മണപ്പുറത്തും പരിസര പ്രദേശങ്ങളിലുമായി ഏർപ്പെടുത്തിയിട്ടുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡു വഴി ആയുർവ്വേദ ആശുപത്രിക്ക് മുന്നിലൂടെ വൺവേ ആയി മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്. മണപ്പുറം ഭാഗത്ത് നിന്നുള്ള ബസ്സുകളും മറ്റ് പ്രൈവറ്റ് വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ വൺവേ ആയി എത്തണം. തോട്ടയ്ക്കാട്ടുക്കര ജംങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.

വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ തോട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് , അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർകവല, യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്റിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ ബൈപാസ് മെട്രോ സർവ്വീസ് റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്നും ആലുവയ്ക്ക് വരുന്ന കെ.എസ് ആർ.ടി.സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാന്റിൽ എത്തി പ്രൈവറ്റ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തേണ്ടതും, തിരികെ ബാങ്ക് ജംഗ്ഷൻ ബൈപാസ് മെട്രോ സർവ്വീസ് റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതുമാണ്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ് ആർ.ടി.സി ബസ്സുകൾ പമ്പ് ജംങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാന്റിൽ എത്തി അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ഡി.പി.ഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ കാരോത്തുകുഴി വഴി സ്റ്റാന്റിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെന്റ് ഹോസ്പിറ്റൽ റെയിൽവേ സ്‌ക്വയർ പമ്പ് ജംഷൻ വഴി തിരികെ പോകേണ്ടതാണ്.

1 ന് വൈകീട്ട് 8 മുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. 1 ന് വൈകിട്ട് 8 മുതൽ എൻ.എച്ച് ഭാഗത്തു നിന്നും ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെന്റ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നുള്ള ടൗൺ വഴി എൻ.എച്ചി ലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംഗ്ഷൻ, സീനത്ത്, ഡി.പി.ഒ ജംഗ്ഷൻ, ഗവ.ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരിയിൽ നിന്നും കണ്ടെയ്‌നർറോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.

ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദനീയമല്ല. മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല.
ആലുവ മുനിസിപ്പാലിറ്റി ഏരിയ യാചക നിരോധന മേഖലയായി ഇരുപത്തിയെട്ടാം തീയതി മുതൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, ഫയർഫോഴ്‌സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ്. റൗഡികളുടെയും, ഗുണ്ടകളുടെയും പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനായി സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്. പ്രധാനപ്പെട്ട ജംങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്.