- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണം മോഷ്ടിക്കാൻ സിസ്‌മോളെ പ്രേരിപ്പിച്ചത് ഭർത്താവ് സജിത്ത്; സ്‌ട്രോങ് റൂമിൽ ഇരുന്ന സ്വർണം എടുത്തു മാറ്റിയപ്പോൾ പകരം വെച്ചവയിൽ കുപ്പിവളകളും പ്ലാസ്റ്റിക് വസ്തുക്കളും; ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം ഉപയോഗിച്ചത് ഭർത്താവിന്റെ ബിസിനസ് വികസിപ്പിക്കാൻ: സിസ്മോളും സജിത്തും രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
ആലുവ: യൂണിയൻ ബാങ്ക് ആലുവാ ശാഖയിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണവുമായി മുങ്ങിയ അസിസ്റ്റന്റ് മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി വീട്ടിൽ സിസ്‌മോളെയും ഭർത്താവ് കളമശേരി സ്വദേശി സജിത്തിനെയും ഇനിയും പിടികൂടാനാവാതെ പൊലീസ്. കഴിഞ്ഞ ദിവസം ഇരുവരും ബാംഗ്ലൂരിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇരുവരും ഉടൻ നാട്ടിലെത്തി കീഴടങ്ങുമെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം കാത്തിരുന്നെങ്കിലും ഇരുവരും എത്തിയില്ല. എന്നാൽ ഇപ്പോൾ ഇവർ രാജ്യം വിടാൻ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ പൊലീസിന് ലഭിക്കുന്ന വിവരം. ഇരുവർക്കും വേണ്ടി പൊലീസ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ബന്ധുക്കൾ മുഖേന ഇരുവരും വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. നിലവിൽ സിസ് മോളെ (35) മാത്രമേ കേസിൽ പ്രതിയാക്കിയിട്ടുള്ളൂ. അതേസമയം സിസ്‌മോളെ മോഷണത്തിന് പ്രേരിപ്പിച്ചത് സജിത്താണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബാങ്ക് ലോക്കറിന്റെ ചുമതല ഉണ്ടായിരുന്ന സിസ്‌മോൾ ഒരു വർഷം ക
ആലുവ: യൂണിയൻ ബാങ്ക് ആലുവാ ശാഖയിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണവുമായി മുങ്ങിയ അസിസ്റ്റന്റ് മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി വീട്ടിൽ സിസ്‌മോളെയും ഭർത്താവ് കളമശേരി സ്വദേശി സജിത്തിനെയും ഇനിയും പിടികൂടാനാവാതെ പൊലീസ്. കഴിഞ്ഞ ദിവസം ഇരുവരും ബാംഗ്ലൂരിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇരുവരും ഉടൻ നാട്ടിലെത്തി കീഴടങ്ങുമെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം കാത്തിരുന്നെങ്കിലും ഇരുവരും എത്തിയില്ല. എന്നാൽ ഇപ്പോൾ ഇവർ രാജ്യം വിടാൻ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ പൊലീസിന് ലഭിക്കുന്ന വിവരം. ഇരുവർക്കും വേണ്ടി പൊലീസ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.
ബന്ധുക്കൾ മുഖേന ഇരുവരും വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. നിലവിൽ സിസ് മോളെ (35) മാത്രമേ കേസിൽ പ്രതിയാക്കിയിട്ടുള്ളൂ. അതേസമയം സിസ്‌മോളെ മോഷണത്തിന് പ്രേരിപ്പിച്ചത് സജിത്താണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബാങ്ക് ലോക്കറിന്റെ ചുമതല ഉണ്ടായിരുന്ന സിസ്‌മോൾ ഒരു വർഷം കൊണ്ടാണ് ഇത്രയും സ്വർണം അടിച്ചു മാറ്റിയത്. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച കവറുകളിൽ സ്വർണത്തിനുപകരം അതേ തൂക്കത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും കുപ്പിവളകളും വയ്ക്കുക ആയിരുന്നു.
വെള്ളിയാഴ്ച സിസിമോൾ ബാങ്കിന്റെ പരിശീലനത്തിനു പോയപ്പോൾ ഒരാൾ പണയവസ്തു തിരിച്ചെടുക്കാനെത്തി. കവർ തുറന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് സ്വർണത്തിനു പകരം പ്ലാസ്റ്റിക് സാധനങ്ങൾ കണ്ടത്. സിസിമോളെ ബാങ്കിലേക്കു വിളിച്ചുവരുത്തി. സ്വർണം എടുത്തുവെന്നു സമ്മതിച്ച സിസിമോൾ ബാങ്കിൽ നിന്നിറങ്ങി ഫോൺ സ്വിച്ച് ഓഫാക്കി കടന്നുകളയുകയായിരുന്നു. ബാങ്ക് അധികൃതർ അപ്പോൾ പൊലീസിനെ അറിയിച്ചില്ല. പിറ്റേന്നു വൈകിട്ടാണ് പരാതി നൽകിയത്.സിഐയുടെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരാണു കേസ് അന്വേഷിക്കുന്നത്.
ആലുവ ശാഖയിൽ മൂന്ന് വർഷമായി ജോലി ചെയ്യുകയാണ് സിസ്‌മോൾ. ഭർത്താവിന്റെ ഷെയർ മാർക്കറ്റ് സ്ഥാപനത്തിൽ നിക്ഷേപിക്കാനാണ് സിസ്‌മോൾ ബാങ്കിൽ ഉണ്ടായിരുന്ന രണ്ടരക്കോടിയുടെ സ്വർണം മോഷ്ടിച്ചത്. അതേസമയം ഭാര്യയെ തട്ടിപ്പിനു പ്രേരിപ്പിക്കുകയും സ്വർണം വിറ്റ പണം ഓഹരിവ്യാപാരത്തിൽ നിക്ഷേപിക്കുകയും ചെയ്ത് സജിത്തും തട്ടിപ്പിൽ പങ്കാളിയായെന്നു സിഐ വിശാൽ ജോൺസൺ പറഞ്ഞു.
സിസ്മോളുടെ ഭർത്താവ് സജിത്ത് പ്രമുഖ ഷെയർമാർക്കറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ബിസിനസിലെ നേട്ടം മനസിലാക്കിയ ഇയാൾ സ്വന്തമായി ഷെയർ മാർക്കറ്റ് സ്ഥാപനം ആരംഭിച്ചു. ഇതിലേക്ക് നിക്ഷേപം കണ്ടെത്താൻ ഭാര്യയുടെ ബാങ്ക് ഉദ്യോഗം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബാങ്കിൽ പണയ ഇടപാടുകളുടെ ചുമതല വഹിച്ചിരുന്ന സിസ്മോൾ ഈ സൗകര്യം ഉപയോഗിച്ച് പലപ്പോഴായി ലോക്കറിൽനിന്നും സ്വർണം കൈക്കലാക്കുകയായിരുന്നു.
പകരം അതേ രൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടങ്ങളും കുപ്പിവളകളും പ്ലാസ്റ്റിക്ക് വസ്തുക്കളും ലോക്കറിൽ തിരികെ വയ്ക്കുകയും ചെയ്തു. എറണാകുളത്ത് ബാങ്കിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സിസ്മോൾ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം ഒളിവിൽ പോകുകയായിരുന്നുവെന്നാണ് സൂചന.
സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റൂറൽ എസ്‌പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം സിഐ വിശാൽ കെ. ജോൺസണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.