- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷൂസിട്ട ത്രേസ്യ '
പ്രവാസികളോട് വിമാനക്കമ്പനികൾ ചെയ്യുന്ന ദ്രോഹം ഇന്ന് ഒരു വിഷയമല്ലാതായി. നാട്ടിൽ പോയി ഒന്ന് മടങ്ങി വരിക എന്നത് ഒരു ശരാശരി ഗൾഫ് പ്രവാസി കുടുംബത്തിന് താങ്ങാനാവാത്തതാണ് . നേരിട്ടല്ലാതെ, കണക്ഷൻ ഫ്‌ളൈറ്റുകൾ ആണ് ഇന്നു പലരും ആശ്രയിക്കുന്നത്. മണിക്കൂറുകൾ നീളുന്ന വിവിധ വിമാനത്താവളങ്ങളിലെ കാത്തിരിപ്പുകൾ , വളരെയേറുന്ന യാത്ര സമയം ഇതൊക്കെ അലട്ടുമെങ്കിലും മലയാളിയുടെ ഈ 'ഫിനാൻസ് മാനേജ്‌മെന്റ്' ഞാനും പ്രയോഗിക്കാറുണ്ട്. അങ്ങനെ ആണ് കഴിഞ്ഞ മാസം കൊച്ചിയിൽ നിന്നും ദുബായിലേക്ക് എന്റെ 'പര്യടനം ' തുടങ്ങിയത് . ഇവിടെ നിന്നും ബാംഗ്ലൂർ വഴി ചണ്ഡീഗണ്ട്. അവിടെ നിന്നും ട്രെയിനിൽ അമൃത്സർ . പിറ്റേ ദിവസം ഉച്ചക്ക് ഗുരു രാംദാസ് ജീ എയർപോർട്ടിൽ നിന്നും നമ്മുടെ സ്വന്തം എയർ ഇന്ത്യ എക്‌സ്‌പ്രെസ്സിൽ ദുബായിലേക്ക് . ഇതായിരുന്നു എന്റെ ട്രാവൽ പ്ലാൻ.വീണത് വിദ്യയാക്കുന്ന പോലെ ഒരു സുവർണ്ണ ക്ഷേത്ര സന്ദർശനവും പിന്നെ വാഗാ അതിർത്തിയിലേക്ക് ഒരു എത്തിനോട്ടവും. രാവിലെ 6 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം. സാധാരണ, നേരത്തെ ഉണരാത്ത നമ്മുടെ പപ്പാസ് ബോയ
പ്രവാസികളോട് വിമാനക്കമ്പനികൾ ചെയ്യുന്ന ദ്രോഹം ഇന്ന് ഒരു വിഷയമല്ലാതായി. നാട്ടിൽ പോയി ഒന്ന് മടങ്ങി വരിക എന്നത് ഒരു ശരാശരി ഗൾഫ് പ്രവാസി കുടുംബത്തിന് താങ്ങാനാവാത്തതാണ് . നേരിട്ടല്ലാതെ, കണക്ഷൻ ഫ്‌ളൈറ്റുകൾ ആണ് ഇന്നു പലരും ആശ്രയിക്കുന്നത്. മണിക്കൂറുകൾ നീളുന്ന വിവിധ വിമാനത്താവളങ്ങളിലെ കാത്തിരിപ്പുകൾ , വളരെയേറുന്ന യാത്ര സമയം ഇതൊക്കെ അലട്ടുമെങ്കിലും മലയാളിയുടെ ഈ 'ഫിനാൻസ് മാനേജ്‌മെന്റ്' ഞാനും പ്രയോഗിക്കാറുണ്ട്.
അങ്ങനെ ആണ് കഴിഞ്ഞ മാസം കൊച്ചിയിൽ നിന്നും ദുബായിലേക്ക് എന്റെ 'പര്യടനം ' തുടങ്ങിയത് . ഇവിടെ നിന്നും ബാംഗ്ലൂർ വഴി ചണ്ഡീഗണ്ട്. അവിടെ നിന്നും ട്രെയിനിൽ അമൃത്സർ . പിറ്റേ ദിവസം ഉച്ചക്ക് ഗുരു രാംദാസ് ജീ എയർപോർട്ടിൽ നിന്നും നമ്മുടെ സ്വന്തം എയർ ഇന്ത്യ എക്‌സ്‌പ്രെസ്സിൽ ദുബായിലേക്ക് . ഇതായിരുന്നു എന്റെ ട്രാവൽ പ്ലാൻ.
വീണത് വിദ്യയാക്കുന്ന പോലെ ഒരു സുവർണ്ണ ക്ഷേത്ര സന്ദർശനവും പിന്നെ വാഗാ അതിർത്തിയിലേക്ക് ഒരു എത്തിനോട്ടവും.
രാവിലെ 6 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം. സാധാരണ, നേരത്തെ ഉണരാത്ത നമ്മുടെ പപ്പാസ് ബോയ് ( ഇവാൻ ) ദേ മടിയിൽ ഇരുപ്പ് ഉറപ്പിച്ചു. ഈ കുരുന്നുകളുടെ എന്ത് ബയോസെൻസർ ആണ് ഇങ്ങനെ പ്രവർത്തിക്കുന്നത് ? ഇത്തരം അദൃശ്യ ബന്ധങ്ങൾ എല്ലാം നമ്മൾ മറന്നു പോകുന്നു അല്ലെങ്കിൽ അറിയുന്നില്ല . ഇനി പുറത്തു ചാടാൻ പണിയാണ്. അവൻ കരഞ്ഞു തകർക്കും . ഞങ്ങൾ പ്രവാസികൾക്ക് ഇത് ശീലമാണല്ലോ. പോയല്ലേ പറ്റൂ.
പെരിയാർ കുത്തിയൊലിച്ചു പാഞ്ഞ റൺവേയിലൂടെ വിമാനം പറന്നു പൊങ്ങിയപ്പോൾ നെഞ്ച് ഒന്നു പിടച്ചു . ഇന്നലെ റൺവേ തുറന്നതല്ലേ ഉള്ളൂ ഉറപ്പ് ഉണ്ടോ എന്ന് ഒരു ഉറപ്പില്ലായ്മ. വിൻഡോ സീറ്റിൽ ആകാശം നോക്കി ഇരിക്കുമ്പോൾ ആണ് പല ചിന്തകളും മനസ്സിൽ വരുന്നത് . ചിലപ്പോൾ വിചാരിക്കും അതൊക്കെ ഒന്ന് എഴുതിയാലോ എന്ന് .പിന്നെ വിചാരിക്കും ആവശ്യത്തിന് 'ദുരന്തങ്ങൾ' ഇപ്പോൾ തന്നെ ഉണ്ടല്ലോ.പിന്നെ ട്രോളന്മാര്ക്കും പൊങ്കാല ബ്രോസിനും ഒരാളെ കൂടി സമ്മാനിക്കണ്ടല്ലോ.
ചണ്ഡിഗണ്ഡ് എത്തിയപ്പോൾ ഉച്ചയായി.രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമല്ലേ കുറച്ചു തലക്കനം പ്രതീക്ഷിച്ചു. ഇല്ല, ഒരു സാധാരണ ഉത്തരേന്ത്യൻ നഗരം പോലെ തന്നെ. ഒരു കേന്ദ്ര ഭരണ പ്രദേശമായതിനാൽ വൃത്തി ഉള്ളതായി തോന്നി. റെയിവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ട് . എനിക്കുള്ള ട്രെയിൻ 4 മണിക്കാണ് . അമൃത്സർ ജൻശതാബ്ദി. വിമാന യാത്ര വൃത്തിയായി യൂണിഫോം ധരിച്ചു ടൈയും കെട്ടിപോകുന്ന ഇംഗ്ലീഷ് മീഡിയം കുട്ടിയാണെങ്കിൽ , ട്രെയിൻ യാത്ര നമ്മുടെ നാടൻ ഗവണ്മെന്റ് സ്‌കൂൾ കുട്ടിപോലെ തോന്നി.
ജലന്ധർ എത്തിയപ്പോളാണ് എതിർ വശത്തിരിക്കുന്ന പഞ്ചാബി വല്യമ്മച്ചിയെ ഒന്ന് ശ്രദ്ധിച്ചത്. നല്ല ആരോഗ്യവതി, ഉറച്ചശരീരം. കാലിൽ നല്ല വിലയുള്ള സ്പോർട്സ് ഷൂസ് . ഇത് കണ്ടതും എനിക്ക് ഇടക്ക് വരാറുള്ള വേദന നിറഞ്ഞ ചിരി അനുഭവപ്പെട്ടു. ജോബിയുടെ വല്യമ്മച്ചി ത്രേസ്യയുടെ മുഖവും മനസ്സിൽ ഓടിയെത്തി.
ജോബിയും ഞാനും അയൽക്കാർ ആണ്. ഒരേ സ്‌കൂളിൽ ആണ് പഠിച്ചത്. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന നന്നായി വെറ്റില മുറുക്കുന്ന നല്ല ആഢ്യത്തമുള്ള സ്ത്രീ ആയിരുന്നു ത്രേസ്യ. 198285 ആണ് കാലഘട്ടം. അന്നൊക്കെ ക്യാൻവാസ് / സ്‌പോർട്ട് ഷൂസ് എന്നൊക്കെ പറഞ്ഞാൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ആഡംബരമാണ്. ജോബിക്ക് അമേരിക്കയിലുള്ള അവന്റെ ബന്ധു കൊടുത്തുവിട്ട വെള്ളനിറത്തിലുള്ള ഒരു ജോഡി ഷൂസ് ഉണ്ടായിരുന്നു. 'ഷൂസ്‌ജോബി'ഞങ്ങൾ ആൺകുട്ടികൾക്ക് അസൂയയും പെൺകുട്ടികൾക്ക് ആരാധനപാത്രവും ആയിരുന്നു. ത്രേസ്യ വല്യമ്മച്ചി ഒറ്റക്ക് ബസിൽ യാത്ര ചെയ്ത് അവരുടെ തറവാട്ടിലും ബന്ധു വീടുകളിലും പോകുമായിരുന്നു. കുറച്ചു ഓർമ്മക്കുറവും ലേശം സ്ഥലകാല ബോധക്കുറവും അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് ഞങ്ങൾ സ്‌കൂൾ വിട്ട് വന്നപ്പോൾ ജോബിയുടെ വല്യമ്മച്ചിയെ കാണാനില്ല.ഞങ്ങൾ എല്ലാവരും കൂടി അവിടെയെല്ലാം അന്വേഷിച്ചു. അപ്പോളാണ് അറിഞ്ഞത് , 3 കിലോമീറ്റർ അകലെ ഉള്ള ഒരു ബസ്റ്റോപ്പിൽ വല്യമ്മച്ചി ഇരിപ്പുണ്ടെന്ന് . ഉടനെ ഞങ്ങൾ രണ്ടാളും കൂടി ഒരു ഓട്ടോയിൽ അങ്ങോട്ട് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ ചിരി ഞരമ്പുകളുടെ നിയന്ത്രണം കളഞ്ഞു. ചട്ടയും മുണ്ടും ഉടുത്തു ജോബി മോന്റെ ഷൂസും ധരിച്ചു പല്ലില്ലാത്ത മോണകാട്ടി വല്യമ്മച്ചി ചിരിച്ചു നിൽക്കുന്നു .നാണം കൊണ്ട് അവന്റെ തൊലി ഉരിഞ്ഞു. ഇത്രനാൾ അവൻ അഭിമാനത്തോടെ തെല്ല് അഹങ്കാരത്തോടെ ധരിച്ചിരുന്ന ഷൂസ് അവനെ നോക്കി പൊട്ടിക്കരഞ്ഞു. എനിക്കാണെങ്കിൽ ഈ വിവരം സ്‌കൂൾ മുഴുവൻ പാടി നടക്കാൻ വെമ്പലായി. വല്യമ്മച്ചിയെ ഓട്ടോയിൽ കയറ്റിയപ്പോൾ അവനെന്നെ ഒന്ന് ദയനീയമായി നോക്കി. അങ്കത്തിൽ തോറ്റ് രാജ്യം നഷ്ടപ്പെട്ട് വിവസ്ത്രനായ രാജാവിനെപ്പോലെ. 'നീ ഇത് ആരോടും പറയരുത് , ഞാൻ എന്തുവേണമെങ്കിലും തരാം '. ഒരു പരാജിതനെ വീണ്ടും തോൽപ്പിക്കാൻ പാടില്ലല്ലോ . എങ്കിലും ഇത് നാളെ സ്‌കൂളിൽ പറയാതെ ഞാൻ എങ്ങനെ പിടിച്ചു നിൽക്കും ? അസംബ്ലി ഉള്ള ബുധനാഴ്ചകളിലാണ് ജോബി തന്റെ ഷൂസ് ധരിച്ചു സ്‌കൂളിൽ വരാറുള്ളത്.പിറ്റേ ബുധനാഴ്‌ച്ച അസംബ്ലി ഉണ്ടായിരുന്നു. ഞാൻ ജോബി വരുന്നതും ,അല്ല അവന്റെ കാല് വരുന്നതും കാത്തു അസംബ്ലിക്ക് വേണ്ടി സ്‌കൂൾ മുറ്റത്തു നിന്നു . അവൻ ഒരു സാദാ ചെരുപ്പും ധരിച്ചു വന്നു, പ്രതിജ്ഞ ചൊല്ലി തന്നു.
മിനിയാന്ന് ഡോ.ജോബിയെ വിളിച്ചപ്പോൾ അവനാണ് അൾഷെമേഴ്‌സ് ദിനാചരണത്തെക്കുറിച്ചു പറഞ്ഞത് . ഞാൻ എന്റെ അമൃതസർ യാത്രയിൽ ഷൂസിട്ട ത്രേസ്യയെ കണ്ട കാര്യം പറഞ്ഞു.അവൻ ജോലിചെയ്യുന്ന ടെക്‌സസിലെ ജെറിയാട്രിക് സെന്ററിൽ നിന്നും അവിടുത്തെ അന്തേവാസികളെയും കൂട്ടി ഒരു വൺഡേ ടൂർ പോകുന്ന കാര്യം അവൻ സൂചിപ്പിച്ചു. അവിടെ അവന്റെ വല്യമ്മച്ചിയുടെ പേരിൽ ഒരു റൂമും പണികഴിപ്പിച്ചിട്ടുണ്ട്. അൽഷൈമേഴ്‌സ് രോഗത്തിൽ ഡോക്ടറേറ്റ് നേടാൻ പ്രചോദനം 'ഷൂസിട്ട ത്രേസ്യ' ആയിരുന്നല്ലോ. എന്നോടും ഈ ദിവസത്തിൽ എന്തെങ്കിലും ചെയ്യാൻ അവൻ ആവശ്യപ്പെടുകയും ചെയ്തു.
ഇനി നമ്മുക്ക് കാര്യത്തിലേക്ക് വരാം. നാളെ ( സെപ്റ്റംബർ 21) ആണ് ലോക അൽഷൈമേഴ്‌സ് (Alzheimer's Day) ദിനമായി ആചരിക്കുന്നത്. ഈ ദിവസം തന്നെയാണ് ലോക കൃതജ്ഞത ( Gratitude Day) ദിനാചരണവും. കൂടാതെ UN സമാധാന ദിനവും. നന്ദിയും സമാധാനവും മറവിയും എല്ലാം ഒരുമിച്ച് ഒരു നിമിത്തമാവാം ഇത് . ലോകത്തു ഇന്ന് മറവി രോഗികളുടെ എണ്ണം വല്ലാതെ കൂടി വരുന്നുണ്ട് .ഏററവും കൂടുതൽ കാണുന്ന മറവി രോഗമാണ് അൽഷൈമേഴ്‌സ് രോഗം . റൊണാൾഡ് റീഗൻ , വാജ്‌പേയി തുടങ്ങിയ പല പ്രശസ്തരെയും ഈ രോഗം അലട്ടിയിരുന്നു. വർധിച്ച അളവിൽ തലച്ചോറിൽ ഉണ്ടാകുന്ന അമൈലോയിഡ് പ്രോടീൻ (amyloid protein) നാഡീ കോശങ്ങളെ ബാധിക്കുകയും അത് വഴി തലച്ചോറിനുണ്ടാകുന്ന നാശവുമാണ് ( Neuro degeneration) ഇതിനു കാരണമായി പറയുന്നത്. ജനിതക ഘടന, പാരമ്പര്യം , അന്തരീക്ഷ / ജീവിത ശൈലി ( environmental/life tsyle) ഇതെല്ലാം കാരണമാകുന്നു എന്ന് പറയപ്പെടുന്നു. പ്രായമാകുംതോറും തലച്ചോർ ക്രമേണ ചുരുങ്ങി വരാറുണ്ട്. എന്നാൽ അത് സാവധാനത്തിൽ ആയിരിക്കും. എന്നാൽ അൽഷൈമേഴ്‌സ് ബാധിച്ചവരിൽ മധ്യവയസ്സിൽ തന്നെ ഇത് ആരംഭിക്കും. അത് വളരെ വേഗത്തിൽ ആയിരിക്കുകയും ചെയ്യും. സ്ത്രീകളിൽ നേരത്തെ തന്നെ ആർത്തവ വിരാമം (menopause) സംഭവിക്കുകയും അതോടൊപ്പം തന്നെ തലച്ചോറിന്റെ സങ്കോചം ( shrinking ) ആരംഭിക്കുകയും ചെയ്യുന്നു. പുരുഷ ഹോർമോൺ ആയ റ്റെസ്റ്റോസ്റ്റീറോണിന്റെ (testosterone) കുറഞ്ഞ അളവ് അൽഷൈമേഴ്‌സ് രോഗത്തെ ത്വരിതപ്പെടുത്തുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ പ്രധാനമായും ഓർമ്മകൾ, ചിന്താശക്തി & കാര്യഗ്രഹണ ശേഷി ഇവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ചിരിക്കും. 2005 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'തന്മാത്ര' രമേശനിലൂടെ രോഗലക്ഷണങ്ങൾ കാണിച്ചു തരുന്നുണ്ട് . താക്കോൽ പേഴ്‌സ് മുതലായവ മറന്നു പോകുന്നത് മുതൽ തൊട്ട് മുമ്പ് ചെയ്ത കാര്യം വരെ മറക്കുന്നതും ഇതിന്റെ ചില ലക്ഷങ്ങളാണ്.ഡോ:ജോബിയുടെ വല്യമ്മച്ചിയും അൽഷൈമേഴ്‌സിന്റെ ഇരയായിരുന്നു. വീട്ടിലേക്കുള്ള വഴി മറക്കുക, വികലമായ വസ്ത്രധാരണം , സ്വഭാവ വ്യതിയാനം ഇവയെല്ലാം അവരിലും കണ്ടിരുന്നു . ശരീരത്തിനും മനസിനും ഉള്ള വ്യായാമം , പുകവലി ഉപേക്ഷിക്കൽ ,6 മണിക്കൂർ എങ്കിലും ഉള്ള ഉറക്കം , ആഴ്ചയിൽ ഒരിക്കൽ ഉപവാസം , വെളിച്ചെണ്ണ & സംഭാരം ഇവയുടെ ഉപയോഗം ഇതൊക്കെ വഴി മറവി രോഗം നിയന്ത്രിക്കാൻ ഒരുപരിധിവരെ കഴിയും എന്നാണ് ഡോ: ജോബി തന്റെ ചികിത്സ പരിചയത്തിൽ നിന്നും എന്നെ അറിയിച്ചത്.നേരത്തെ തിരിച്ചറിഞ്ഞാൽ ഹോമിയോ ചികിത്സവവഴി രോഗം മൂർച്ഛിക്കുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാനും പറഞ്ഞു.
ഇത്രയും ഒക്കെ അറിഞ്ഞാൽ മതിയല്ലോ. അപ്പോൾ ഡോ.ജോബി എന്നെ ഏല്പിച്ച പണി ഞാൻ നിങ്ങളെയും ഏൽപ്പിക്കുന്നു. നാളെ നിങ്ങളും എന്തെങ്കിലും ചെയ്യണം. ഒന്നുകിൽ ഒരു രോഗിയെ സന്ദർശിക്കുക, അവരോടൊത്തു കുറച്ചു സമയം ചിലവഴിക്കുക. അല്ലെങ്കിൽ അവരെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കുക, അവർ ചെയ്യുന്ന ത്യാഗത്തെ ഒന്ന് അഭിനന്ദിക്കുക. ഒരു കൃതജ്ഞത ദിനാചരണം എങ്കിലും ആകട്ടെ . ഇന്ന് രാത്രി ഉറങ്ങുമ്പോൾ 'ചട്ടയും മുണ്ടും ഉടുത്തു ജോബി മോന്റെ ഷൂസും ധരിച്ചു പല്ലില്ലാത്ത മോണ കാട്ടി ഷൂസിട്ട ത്രേസ്യ ചിരിക്കുമ്പോൾ', ചങ്ക് ബ്രോസും ടീമും നാളെ ബസ്റ്റോപ്പിൽ വരും എന്ന് പറഞ്ഞോട്ടെ ?
എന്ന് സ്വന്തം ഡോക്റ്റർ ബ്രോ
ഡോ.സിൻസൻ ജോസഫ്