- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എന്തിനാണ് ലേലം വച്ചത് ; ഗുരുവായുർ ദേവസ്വത്തിനെതിരെ അമൽ മുഹമ്മദലി; ലേലത്തിൽ പങ്കെടുത്തത് എല്ലാ നിയമനടപടികളും പാലിച്ച്; ലേലം റദ്ദാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അമൽ; ഥാറിന് 21 ലക്ഷം വരെ മുടക്കാമെന്നും ലേലം വീണ്ടും ഓൺലൈനായി നടത്തണമെന്നും ദേവസ്വത്തിന് പ്രവാസിയുടെ ഇ മെയിൽ.
ഗുരുവായൂർ: ഗുരുവായുരിലെ ഥാർ ലേലവുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുതൽ വിശദീകരണവുമായി അമൽ മുഹമ്മദലി.നിയമനടപടികൾ എല്ലാം പാലിച്ചാണ് ഗുരുവായൂരിലെ 'ഥാർ' ലേലത്തിൽ പങ്കെടുത്തതെന്ന് അമൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലേലത്തിന് ശേഷം വാഹനം വിട്ടുനൽകാനാകില്ലെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല, വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും അമൽ മുഹമ്മദലി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 'ഥാർ' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാൽ വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.ഈ തുക പരിമിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.
അതേസമയം വാഹനത്തിന് 21 ലക്ഷം വരെ മുടക്കാമെന്നും ലേലം വീണ്ടും ഓൺലൈനായി നടത്തണമെന്നും കാണിച്ച് പ്രവാസി ദേവസ്വത്തിന് ഇ മെയിൽ സന്ദേശമയച്ചു.പ്രവാസി മലയാളി വിഗ്നേശ് മേനോനണ് ദേവസ്വത്തിന് ഇ മെയിൽ സന്ദേശമയച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ വിഗ്നേഷ് ദുബൈയിൽ ബിസിനസുകാരനാണ്. ഥാർ വാഹനത്തിന്റെ ലേലം ഓൺലൈൻ മുഖേന നടത്തണമെന്നാണ് ആവശ്യം.
'പ്രവാസിയായതിനാൽ എനിക്ക് ലേലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നിലവിൽ ഞാൻ ഒരു തുക ഗുരുവായൂർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ലേലം ഓൺലൈൻ മുഖാന്തരം നടത്തണമെന്നും അതിൽ പങ്കെടുക്കാൻ നിരവധി പേർക്ക് കഴിയട്ടെയെന്നാണ് ആഗ്രഹം.' വിഗ്നേഷ് ആവശ്യപ്പെട്ടു.
ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.
ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവിയെ വിപണിയിൽ അവതരിപ്പിച്ചത്. എത്തി ഒരുവർഷത്തിനിടെ വിപണിയിൽ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.
2020ൽ നിരത്തിൽ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ