കൊച്ചി: സംവിധായകരായ അൻവർ റഷീദ്, അമൽ നീരദ് എന്നിവർക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധം വ്യാപകം. നടിയെ ആക്രമിച്ച കേസുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടിയുടെ പിന്നിൽ അണിനിരന്നവരിൽ പ്രമുഖയാണ് റീമാ കല്ലിങ്കൽ. റീമിയുടെ ഭർത്താവായ ആഷിഖ് അബുവിന്റെ സുഹൃത്തുക്കളാണ് ഇരുവരും. നടികളുടെ കൂട്ടായ്മയുമായി ഇവർക്കെല്ലാം ബന്ധമുണ്ട്. ഇതുകൊണ്ടാണ് വിലക്കെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് വിലക്കിനെതിരെ പ്രതിഷേധവുമായി സംവിധായകൻ ആഷിക് അബു രംഗത്ത് എത്തിയത്. വിലക്കിയാലും ഞങ്ങൾ സിനിമകൾ ചെയ്യും വിതരണം ചെയ്യും നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അക്കാര്യത്തിൽ വേണ്ടന്ന് ആഷിക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോരച്ചേട്ടൻ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നു പോവുകയാണ്. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങൾ ഞങ്ങളെ ഊരുവിലക്കാൻ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു-ആഷിക് പറഞ്ഞു.

സിനിമ ഫാസിസം എന്ന ഹാഷ്ടാഗോട് കൂടിയാണ് ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതോടെ വിലക്ക് രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ്. ഇനി വിലക്ക് രാഷ്ട്രീയം സിനിമയിൽ ഉണ്ടാകില്ലെന്നാണ് ഏവരും പരസ്യമായി പ്രഖ്യാപിക്കുന്നത്. ലിബർട്ടി ബഷീറിനെ ഒതുക്കി സിനിമയിലെ അധികാരം ദിലീപ് പിടിച്ചെടുത്തത് ഈ പ്രഖ്യാപനവുമായാണ്. എന്നിട്ടും പ്രമുഖരെ തന്നെ അകറ്റി നിർത്തുകയാണ്. വിനയന്റെ സിനിമകൾക്കുള്ള വിലക്ക് താരസംഘടനായായ അമ്മ പിൻവലിച്ചിരുന്നു. അതിന് ശേഷമാണ് വിതരണക്കാരും മറ്റും യുവ സംവിധായകരെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി എത്തുന്നത്.

ആഷികിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കോരചേട്ടൻ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങൾ സിനിമകൾ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതിൽ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങൾ ഞങ്ങളെ ഊരുവിലക്കാൻ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു !
സിനിമഫാസിസം

മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുത്തില്ല എന്ന ഒറ്റക്കാരണത്താൽ റിലീസ് ചെയ്ത സിനിമയുടെയും റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെയും ഭാവി സംബന്ധിച്ച് ആശങ്കയിൽ സംവിധായകരും നിർമ്മാതാക്കളുമായ അമൽ നീരദും അൻവർ റഷീദും രംഗത്ത് വന്നിട്ടുണ്ട്.