സ്‌റ്റൈലിഷ് സംവിധായകൻ അമൽ നീരദും യുവതാരങ്ങളിലെ ഫാഷൻ ഐക്കൺ ദുൽഖർ സൽമാനും ഒത്തുചേരുമ്പോഴുള്ള മാജിക്കിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് അൽപ്പ കാലമായി. ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തുടക്കം മുതൽ തടസങ്ങൾ നേരിടുകയാണ്. കേരളത്തിലെ ഷെഡ്യൂൾ നേരത്തേ പൂർത്തിയായിരുന്നെങ്കിലും യുഎസ് ചിത്രീകരണം പ്രതീക്ഷിച്ചതിൽ നിന്ന് ഏറെ വൈകിയാണ് അമലിന് ആരംഭിക്കാനായത്. ചിത്രീകരണസംഘത്തിലെ ചിലരുടെ വിസ പ്രശ്നമാണ് യുഎസ് ഷെഡ്യൂൾ വൈകാൻ കാരണമായതെന്ന് റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ നവംബർ അവസാനത്തോടെ യുഎസ് ഷെഡ്യൂൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎസിൽ ചിത്രീകരിച്ച ഭാഗത്തിന്റെ ചില സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിൽ ചിത്രീകരിക്കുന്ന സ്റ്റണ്ട് സീനുകളിൽ ഒപ്പം അഭിനയിക്കുന്ന ഹോളിവുഡ് വില്ലന്മാർ എന്ന രീതിയിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഒപ്പം ഒരു സ്റ്റണ്ട് കോഡിനേറ്ററിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.മാർക് ചവാറിയ എന്ന ഹോളിവുഡ് സ്റ്റണ്ട്മാനാണ് ലൊക്കേഷൻ ചിത്രത്തിൽ അമൽനീരദിനൊപ്പം ഇരിക്കുന്നതും ചിത്രത്തിൽ ഉണ്ട്.

കേരളത്തിൽ പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ബിജോയ് നമ്പ്യാരുടെ ആദ്യമലയാളചിത്രം 'സോളോ'യുടെ ചിത്രീകരണം തുടങ്ങിവച്ചശേഷമാണ് ദുൽഖർ യുഎസിലെത്തിയത്. ഒരു മാസത്തെ യുഎസ് ഷെഡ്യൂളാണ് അമൽ പ്ലാൻ ചെയ്തിരിക്കുന്നത്.

കാർത്തിക മുരളീധരൻ നായികയാകുന്ന ചിത്രത്തിൽ സൗബിനും പ്രധാന വേഷത്തിലുണ്ട്. ഷിബിൻ തിരക്കഥ എഴുതുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദറാണ്.