തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നെന്നും എന്റെ വോട്ട് ബിജെപിക്കാണെന്നും പരസ്യപ്രഖ്യാപനം നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ വിശദീകരണവുമായി രംഗത്തെത്തി.

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ആ പോസ്റ്റുകളൊന്നും ഇട്ടതെന്നുമാണ് അമലിന്റെ പുതിയ വിശദീകരണം. വോട്ടവകാശം പോലുമില്ലാത്ത ഞാൻ ഏത് പാർട്ടിക്കാണ് വോട്ടു ചെയ്യേണ്ടതെന്നും അമൽ വിശദീകരണ പോസ്റ്റിൽ ചോദിക്കുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കല്ലെറിയേണ്ട കാര്യമില്ലെന്നും അമൽ പറയുന്നു.

കഴിഞ്ഞ ദിവസം അമൽ എഴുതിയ ഫേ്‌സ്ബുക്ക് പോസ്റ്റുകൾ സൈബർ ലോകത്ത് വൈറലായിരുന്നു. കർണാടകത്തിലെ കോൺഗ്രസിന്റെ പരാജയത്തെ പരിഹസിക്കുകയും രാഹുൽഗാന്ധിയെ ട്രോളിയുമാണ് അമൽ തന്റെ ഫേസ്‌ബുക്കിൽ ആദ്യം പ്രതികരിച്ചത്. പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ തന്റെ നിലപാട് പരസ്യമായി അമൽ വെളിപ്പെടുത്തുകയായിരുന്നു.

അച്ഛന്റെ വോട്ട് കോൺഗ്രസിനാണെന്നും എന്റെ വോട്ട് ബിജെപിക്കെന്നുമായിരുന്നു അമൽ ഉണ്ണിത്താന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിമർശനങ്ങൾ കമന്റായി വന്നപ്പോൾ ഇതിന് രൂക്ഷഭാഷയിൽ തന്നെ അമൽ പ്രതികരണവും രേഖപ്പെടുത്തി. കോൺഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും കോൺഗ്രസ് അഴിമതി പാർട്ടിയാണെന്നും എന്റെ അച്ഛന് പുല്ലുവില കൽപിച്ച പാർട്ടിയാണ് കോൺഗ്രസെന്നും അമലിന്റെ കമന്റിൽ പറയുന്നു.

മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും മാത്രം ജീവിച്ചാൽ പോരാ ഞങ്ങൾക്കും ഇവിടെ ജീവിക്കണമെന്നും അമൽ കമന്റിൽ പറയുന്നു. ഫെയ്സബുക്ക് കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് വക്താവിന്റെ മകൻ തന്നെ വിമർശനവുമായി രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലുമായി. സംഭവത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഇതുവരെ പരസ്യപ്രതികരണ0ം നടത്തിയിരുന്നില്ല. ഇതിനിടെയാണ് തന്റെ എഫ്‌ഐ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന പുതുവാദവുമായി അമൽ ഉണ്ണിത്താൻ രംഗത്തെത്തിയത്.