- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂടൂബർ അമല അനുവും ക്യാമറാമാനും പാലക്കാട് നിന്നും രക്ഷപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് തൊട്ടു മുമ്പ്; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തി കോയമ്പത്തൂരിലേക്ക് കടന്നത് ബൈക്കിന്റെ എഞ്ചിൻ പോലും ഓഫാക്കാതെ; ഒളിവിൽ കഴിഞ്ഞത് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച്; യൂടൂബറെ പൊക്കാൻ തമിഴ്നാട്ടിലേക്കും വല വിരിച്ച് വനം വകുപ്പ്
തിരുവനന്തപുരം: അനുമതിയില്ലാതെ വനത്തിൽ കയറി കാട്ടാനയെ ഓടിച്ച്ദൃശ്യങ്ങൾ ചിത്രീകരിച്ച യുട്ഊബർ അമല അനു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. കഴിഞ്ഞ ദിവസം പുലർച്ചെ അമല അനുവും ക്യാമറാമാൻ വിഷ്ണുവും ഒളിവിൽ കഴിഞ്ഞ പാലക്കാട്ടെ വീട്ടിൽ നിന്നും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് രക്ഷപ്പെട്ടത്. ഒരു ഫോൺ വന്നുവെന്നും പെട്ടന്ന് പോകണമെന്നും പറഞ്ഞ് താമസിച്ച വീട്ടിലെ ബൈക്കുമായി പോയ ഇവർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തശേഷം ബൈക്ക് പോലും ഓഫാക്കാതെയാണ് തീവണ്ടിയിൽ കയറി രക്ഷപ്പെട്ടത്.
കോയമ്പത്തൂരിലേയ്ക്ക് കടന്നുവെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ഇവർ ഒളിവിൽ കഴിഞ്ഞ വീട്ടിലുള്ളവരെ ചോദ്യം ചെയ്തുവെങ്കിലും തെറ്റിദ്ധരിപ്പിച്ചാണ് വീട്ടിൽ താമസിച്ചതെന്നും തങ്ങൾക്കൊന്നും അറിയില്ലെന്നും ഇവർ മൊഴി നല്കി. തിരുവില്വാമലയ്ക്ക് സമീപമുള്ള മലേശ മംഗലത്തും പ്രതികൾ ഒളിവിൽ കഴിഞ്ഞു. ഇവിടെയും വനം വകുപ്പ് എത്തി തെളിവെടുപ്പ് നടത്തി. പാലക്കാട്ടെ ഫ്ളയിങ് സ്ക്വാഡും ആലത്തൂർ, ഒറ്റപ്പാലം റേയ്ഞ്ച് ഓഫീസർമാരും അമല അനുവിനെ പിടിക്കാൻ രംഗത്തുണ്ട്.
പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തതിനാൽ കൃത്യമായി ഫോളോ ചെയ്യാനാകുന്നില്ലെന്നും ആവശ്യമെങ്കിൽ തമിഴ്നാട് വനം വകുപ്പിന്റെ സഹായം തേടാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആലോചനയുണ്ട്. ഇവർ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. തൃശൂരിലേക്കും പിന്നീട് പാലക്കാടേക്കും പോകുന്നതിന് മുൻപ് അമലയും ക്യാമറാമാനും പോത്തൻകോട്ടെ സുഹൃത്തിന്റെ വീട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നു.
അതേ സമയം അമല അനുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ഇതിന്റെ ഭാഗമായി പുനലൂർ ഡി എഫ് ഒ സ്പെഷ്യൽ ഗവൺമെന്റ് പ്ളീഡറുമായി ചർച്ച നടത്തി. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വനംവകുപ്പ് സത്യവാങ്മൂലവും സമർപ്പിച്ചു. കാട്ടാനയെ പ്രകോപിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്ത അമല അനുവിനെതിരെ വനം വന്യജീവി നിയമം, കേരള വനം നിയമം എന്നീ നിയമങ്ങളിൽപെടുത്തി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
അമല അനു ക്രൂരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം നൽകിയത്. ഇതോടൊപ്പം അമല അനു ഉപയോഗിച്ച കാർ തിരുവനന്തപുരം പോത്തൻകോട്ട് നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.നടപടികൾ പൂർത്തിയാക്കി ഈ കാർ പുനലൂർ വനം കോടതിയിൽ ഹാജരാക്കി. പ്രതികൾ പാലക്കാട് ജില്ലയിൽ തന്നെയുണ്ടെന്നും ഉദ്യോഗസ്ഥർക്കു വിവരം ലഭിക്കുന്നുണ്ട്. സൈബർ സെല്ലുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവില്വാമലയിൽ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് അമലയുടെ ഫോൺ സ്വിച്ച് ഓഫ് ആയത് പിന്നീട് ഫോൺ ഉപയോഗിച്ചിട്ടില്ല എന്നതും വെല്ലുവിളിയാണ്. കാട്ടാനകളെ പ്രകോപിപ്പിച്ച് ഓടിക്കുന്നത് ഉൾപ്പെടെയുള്ളദൃശ്യം പകർത്തുമ്പോൾ ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേരുണ്ടായിരുന്നെന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണച്ചുമതലയുള്ള റേഞ്ച് ഓഫിസർ ബി.ദിലീഫ് അറിയിച്ചിരുന്നു. ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമലയുടെ അമ്മയുടെ കൈവശം നോട്ടീസ് നൽകി മടങ്ങുകയായിരുന്നു.
നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. ആറു മാസം മുൻപ് തെന്മല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച അമല അനു ഹെലിക്യാം, മറ്റു ക്യാമറകൾ എന്നിവ ഉപയോഗിച്ച് കാട്ടാനകളെ ഉൾപ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് കേസ്. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങൾക്ക് വനം ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണം. ഹെലിക്യാം ഉപയോഗിച്ച് ദൃശ്യം പകർത്തുമ്പോൾ ഭയന്നു കാട്ടിലേക്ക് ഓടിയ കാട്ടാന, പ്രകോപിപ്പിച്ചതോടെ അമല അനുവിനു നേരെ ചീറിപ്പാഞ്ഞെത്തുന്നതും യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ ഉണ്ട്. കേസ് എടുത്തതോടെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ അപ്രത്യക്ഷമായിട്ടുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്