കോഴിക്കോട് : ആഡംബര കാർ പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തിൽ ന്യായീകരണവുമായി നടി അമലാപോൾ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകൽ. ഇന്ത്യൻ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് അമലാ പോളിന്റെ വിശദീകരണം. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്നുൾപ്പടെ ഉയരുന്നത്.

അമലാപോൾ ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെൻസ് വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന താരം വിശദീകരണവുമായി രംഗത്തെത്തിയത്. അധികൃതർ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് വ്യക്തമാക്കുന്ന അമലാ പോൾ, ഫേസ്‌ബുക്ക് പോസ്റ്റിലുടനീളം നിയമവിരുദ്ധ പ്രവർത്തനം ന്യായീകരിക്കുന്നു.

ഇന്ത്യൻ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിമർശകരുടെ അനുവാദം വേണമോയെന്നും അമല പറയുന്നു.

പുതുച്ചേരിയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പേരിലാണ് അമലാപോളിന്റെ വാഹനം അമലാ പോൾ രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സർക്കാരിന് നഷ്ടമായത്.