ചെന്നൈ: ചെന്നൈയിൽ വെച്ച് ബിസിനസുകാരനായ അഴകേശൻ അമല പോളിനോട് മോശമായി പെരുമാറിയതും തുടർന്നുള്ള അറസ്റ്റുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോൾ അന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സ് തുറക്കുകയാണ് അമല പോൾ.


അന്ന് നടന്ന സംഭവത്തെക്കുറിച്ച് അമല പറഞ്ഞത് ഇങ്ങനെ:

'ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാൾ (ബിസിനസുകാരൻ അഴകേശൻ) തന്നോട് മലേഷ്യൻ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കണമെന്ന് മാറ്റിനിർത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷൽ ഡിന്നറിന് വരണമെന്ന് അയാൾ പറഞ്ഞു.

'എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാൻ ചോദിച്ചപ്പോൾ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' എന്ന് പ്രത്യേക രീതിയിൽ മറുപടി നൽകി.

'ഞാൻ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാൾ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാൻ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂർ കഴിഞ്ഞ് അവരെത്തുമ്പോഴും അയാൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ' അവൾക്ക് താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ, ഇതൊക്കെ വലിയ വിഷയമാണോ' അയാൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയിൽ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യൻ ഷോയിൽ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പർ അയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു.

'പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനിൽ അയാളെ ഏൽപ്പിച്ചു. പരാതി നൽകാൻ ഞാൻ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതൽ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാർത്തകൾ നൽകിയാൽ അവർക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.

ഇക്കാര്യത്തിൽ പെട്ടന്ന് നടപടിയെടുത്ത പൊലീസ് നന്ദി. ഇനിയും കൂടുതൽപേർ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾ മുന്നിൽ വെളിപ്പെടുത്തി തനിനിറം പുറത്തുകൊണ്ടുവരണം'.

ചില മാധ്യമങ്ങൾ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാൻ മാനനഷ്ടത്തിന് പരാതി നൽകും.'അമല പോൾ വ്യക്തമാക്കി.