ചെന്നൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയാണ് മീ ടൂ ആരോപണങ്ങൾ ചർച്ചയായത്. സിനിമയിലെ സ്ത്രീ ചൂഷണമാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടത്. ഇതോടെ കൊച്ചിയിൽ സ്ത്രീയെ ആക്രമിക്കപ്പെട്ട കേസിന്റെ പല തലങ്ങളും ചർച്ചയായി. ഇതിനിടെ തമിഴിലും ഉയർന്നു ആരോപണങ്ങൾ. അതിൽ ഏറ്റവും ചർച്ചയാകുന്ന ഒന്നാണ് അവസാനം പുറത്തു വരുന്നത്.

തമിഴ് സംവിധായകൻ സുസി ഗണേശനെതിരെയുള്ള മീ ടൂ ലീന മണിമേഖയുടെ മീ ടു ആരോപണം ശരിവച്ച് അമല പോൾ രംഗത്തെത്തുമ്പോൽ ചർച്ചകൾക്ക് പുതിയമാനം വരുകയാണ്. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്. ഇതോടെ മീ ടൂവിൽ കോളിവുഡ് വിറയ്ക്കുകയാണ്.

സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാൻ. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അർത്ഥം വെച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വിൽ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളർന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നാണ് അമലാ പോൾ പറയുന്നത്. തമിഴിൽ ഒറ്റയ്ക്ക് സിനിമകൾ വിജയിപ്പിക്കാൻ പോന്ന ആരാധക വൃന്ദമുള്ള നായികയാണ് അമലാ പോൾ. അത്തരത്തിലൊരു നടിക്ക് പോലും ഇത്തരം അനുഭവങ്ങളുണ്ടാകുന്നുവെന്ന് പറയുന്നിടത്താണ് പ്രശ്‌നത്തിന്റെ ഗൗരവം.

'പൊതുസമൂഹത്തിന് മുന്നിൽ ഇതു തുറന്നുപറയാൻ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവർ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഏത് സാഹചര്യം വന്നാലും അവർ വിട്ടുകളയില്ല. നമ്മുടെ യഥാർത്ഥ കഴിവുകൾ പുറത്തുകാണിക്കാൻ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.'മീ ടു പോലുള്ള ക്യാംപെയ്‌നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവൺമെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.'അമല ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

2005 ൽ ചാനൽ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശൻ മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടിൽ വിടാമെന്നു പറഞ്ഞു കാറിൽ കയറ്റി. കാർ നീങ്ങിയ ഉടൻ ഗണേശന്റെ വീട്ടിലേക്കു പോകാമെന്നു നിർബന്ധിച്ചു ഡോറുകൾ ലോക്ക് ചെയ്തു. തന്റെ മൊബൈൽ ഫോൺ എടുത്തു വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ടു സ്വയം മുറിവേൽപ്പിക്കുമെന്നു പറഞ്ഞതോടെയാണു ഗണേശൻ പിന്മാറിയത്. 2015 ൽ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഡബ്ല്യുസിസിയുടെ വാർത്താ സമ്മേളനം ടിവിയിൽ കണ്ടതോടെയാണു തനിക്കു പേരുൾപ്പെടെ തുറന്നു പറയാനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞു. ആരോപണം നിഷേധിച്ച ഗണേശൻ, ക്ഷമാപണം നടത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നിയമനടപടി പേടിച്ച് ഇനിയും മിണ്ടാതിരിക്കില്ലെന്നു ലീന തിരിച്ചടിച്ചു.

ഇതുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യ മഞ്ജരിയും തന്നെ ഫോണിൽ വിളിച്ചെന്നും അവരുടെ പ്രതികരണത്തിൽ ഞെട്ടിപ്പോയെന്നും അമല പോൾ പറയുന്നു. 'എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോൾ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണിൽ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാൾ ഇത് പറയുമ്പോൾ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവർ രണ്ടുപേരും കൂടി ചേർന്ന് എന്നെ നാണംകെടുത്താൻ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.'അമല പോൾ പറഞ്ഞു.

ലീന മണിമേഖലയ്‌ക്കെതിരെ സുസി ഗണേശൻ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ്. അതിനിടെ, മണിമേഖലയുടെ വാക്കുകൾ വ്യാജമാണെന്നു ഗണേശന്റെ ഭാര്യ മഞ്ജരി ആരോപിച്ചു. അതേസമയം ലീന മണിമേഖലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നും അവ തന്നെ ഞെട്ടിച്ചെന്നുമാണ് സൂസി ഗണേശൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചത്. അവരുടെ കഥ വെറും കെട്ടുകഥയാണെന്നും സൂസി പറയുന്നു. ഈ ലോകം നുണയന്മാരുടെയും കള്ളന്മാരുടെയുമാണെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സൽപ്പേര് പ്രധാനമാണ്. തനിക്കും അങ്ങനെ തന്നെയാണെന്നും അതിനാലാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതെന്നും സൂസി ഗണേശ് കൂട്ടിച്ചേർത്തു.

മറ്റൊരു സംഭവത്തിൽ, തനിക്കെതിരെ ആരോപണമുന്നയിച്ച ഫൊട്ടോഗ്രഫർ പ്രതിക മേനോനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നറിയിച്ചു നടനും സംവിധായകനുമായ ത്യാഗരാജനും രംഗത്തെത്തി. നടി നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണി കന്നഡ സംവിധായകൻ രവി ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തി. 2006ൽ ആദ്യസിനിമയായ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവിയിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നു പറയുന്നു.