ചെന്നൈ: നടി അമല പോൾ വിവാഹമോചന ഹർജി സമർപ്പിച്ചു. ചെന്നൈ ഹൈക്കോടതിയിലാണ് അഭിഭാഷകൻ സെയ്ബ് ജോസ് കിടങ്ങൂർ മുഖേന അമല ഹർജി സമർപ്പിച്ചത്.

സംവിധായകൻ എ എൽ വിജയ്‌യുമായുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കുംവിധം പ്രതികരണം നടത്തിയിരുന്നില്ല.

'ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങൾ ഇതിൽ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും' - എന്നായിരുന്നു ഗോസിപ്പു കോളങ്ങളിലെ കണ്ടെത്തലുകൾക്കു വിജയിന്റെ മറുപടി. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഒന്നും അമല പ്രതികരിച്ചില്ല.

അമല പോൾ പറഞ്ഞാൽ അനുസരിക്കാത്തവളെന്ന് എ എൽ വിജയിന്റെ പിതാവും നടനും നിർമ്മാതാവുമായ അളഗപ്പനും പ്രതികരിച്ചു. സിനിമയിൽ തുടരെ അഭിനയിക്കുന്നത് കുടുംബവഴക്കിന് കാരണമായി എന്ന നിലയിലായിരുന്നു കാര്യങ്ങൾ.

ഗോസിപ്പുകോളങ്ങൾ വിവിധ കാരണങ്ങൾ നിരത്തി ഇരുവരുടെയും വേർപിരിയിൽ ആഘോഷിക്കുന്നതിനിടെയാണ് അമല പോൾ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ താളപ്പിഴകൾ സൃഷ്ടിക്കുന്നുവെന്ന വാർത്തകൾ തമിഴ് മാദ്ധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. അടുത്തിടെയായി ഇരുവരും പൊതു പരിപാടികളിൽ ഒരുമിച്ചു പങ്കെടുക്കാറില്ല എന്നതും ചർച്ചയായി. തമിഴകത്തെ ഒരു സൂപ്പർ താരവുമായി അമലയ്ക്ക് അടുപ്പമുണ്ടെന്നും ഇതാണു വേർപിരിയലിനു കാരണമെന്നും ഗോസിപ്പു കോളങ്ങൾ എഴുതിയിരുന്നു. തമിഴ് മാദ്ധ്യമങ്ങളിലും സിനിമാ ലോകത്തും വാർത്ത വന്നിട്ടും അമല വിഷയത്തിൽ പ്രതികരിക്കാത്തത് ഇത് വെറും ഗോസിപ്പല്ലെന്നതിന്റെ തെളിവായി പൊതുവിൽ വിലയിരുത്തലുമുണ്ടായി.

വിവാഹശേഷവും തുടർന്ന് സിനിമയിൽ സജീവമായി നിൽക്കാനുള്ള അമലയുടെ മോഹമാണ് വിവാഹ ബന്ധം തകർത്തതെന്ന വിധത്തിലായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. വിവാഹത്തിന് ശേഷം അമല തുടരെ തുടരെ ചിത്രങ്ങളിൽ കരാർ ഒപ്പിടുകയായിരുന്നു. ഏറ്റവു ഒടുവിൽ ധനുഷിന്റെ സിനിമയിലും നായികയായി. ഇങ്ങനെ സിനിമയിൽ തന്നെ അമല തുടരുന്നത് വിജയിന്റെ മാതാപിതാക്കൾക്ക് ഇഷ്ടമായില്ലെന്നും ഈ ഭിന്നതയാണ് ഇപ്പോൾ രൂക്ഷമായതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ എൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. 2014 ജൂൺ 12ന് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. വിജയ്യുടെ പുതിയ ചിത്രമായ ഡെവിൾ റിലീസിനു തയ്യാറെടുക്കുകയാണ്. പ്രഭുദേവ നായകനാകുന്ന ചിത്രത്തിൽ അമലയുടെ സഹോദരൻ അഭിജിത് പോളാണു വില്ലൻ വേഷത്തിൽ എത്തുന്നത്.