പൃഥ്വിരാജിന്റെ നായികയായി അമലാപോൾ വീണ്ടും മലയാളത്തിലേക്ക്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അമലാപോൾ വീണ്ടും മലയാളത്തിലെത്തുന്നത്. സിനിമയിലെ നായകനായ നജീബിന്റെ ഭാര്യ സൈനുവായാണ് അമലാപോൾ ചിത്രത്തിൽ വേഷമിടുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അമലാ പോൾ ഇക്കാര്യം അറിയിച്ചത്.

സൈനുവിന്റെ വേഷത്തിൽ എത്താൻ അവസരം കൈവന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമല കുറിച്ചു. 'എല്ലാ മലയാളികളുടെയും മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്ന കഥാപാത്രമാണ് ബെന്യാമിന്റെ ക്ലാസിക് നോവൽ ആട് ജീവിതത്തിലെ സൈനു. മനോഹരമായ തിരക്കഥയിൽ ഈ ആട് ജീവിതം ഒരു 3ഡി ആവിഷ്‌ക്കാരമായാണ് എത്തുക.

സംഗീതത്തിലെ ലെജൻഡ് എ ആർ റഹ്മാൻ 25 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദവും ഇന്ത്യയിലെ മികച്ച ക്യാമറമാന്മാരിൽ ഒരാളായ കെ.യു മോഹൻ ദൃശ്യവും ഒരുക്കുന്നു.

പ്രവാസി വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെ. ജി. എ ഫിലിംസാണ് ആട് ജീവിതം നിർമ്മിക്കുന്നത്. കുവൈറ്റ്, ദുബായ്, ജോർദാൻ എന്നിവിടങ്ങളിൽ ചിത്രീകരിക്കും. മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട കഥയാണ് നജീബിന്റെ കഥയാണ് ആട് ജീവിതം.