ചെന്നൈ: അമല പോൾ-വിജയ് വിവാഹ മോചനം വാർത്തകളെ സ്ഥിരീകരിച്ച് പുതിയൊരു വെളിപ്പെടുത്തൽ ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകാതെയാണ് മാനസികമായി അമലയെ വിജയ്‌യുടെ വീട്ടുകാർ വേദനിപ്പിച്ചു കൊണ്ടിരുന്നതെന്ന വിമർശനവുമായി അമല പോളിന്റെ സുഹൃത്ത് രംഗത്ത് വന്നു. അമലാപോൾ വിജയ് ദാമ്പത്യത്തിൽ വിള്ളൽ വീഴ്‌ത്തിയത് വിജയുടെ വീട്ടുകാരാണ് എന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്ത് പറയുന്നത്. അതിനിടയിൽ ചില സൂപ്പർ സ്റ്റാറുകളുടെ പേരിൽ ചില മാദ്ധ്യമങ്ങളിൽ അമലയ്‌ക്കെതിരെ വന്ന പരാമർശം വിജയ് പൂർണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങൾ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നില്ലെന്നും സുഹൃത്ത് വിശദീകരിക്കുന്നു

മാദ്ധ്യങ്ങളിൽ വന്ന വാർത്ത പോലെ അമലയ്ക്കും വിജയിനും ഇടയിൽ പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്ന് കൊമേഷ്യൽ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് കമ്മിറ്റ് ചെയ്ത 3 സിനിമകൾ അമലയ്ക്ക് തീർക്കാൻ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂർണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകൾ അമല പൂർത്തിയാക്കിയത്. സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരിൽ നിന്നും അമല നേരിട്ട് കൊണ്ടിരുന്നത് കടുത്ത മാനസീക പീഡനമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകിയില്ല. മാനസികമായി അമലയെ വിജയ്‌യുടെ വീട്ടുകാർ വേദനിപ്പിച്ചു. ആ വീട്ടിൽ അമലയുടെ താല്പര്യങ്ങൾക്ക് യാതൊരു വിധ പരിഗണനയും നൽകിയിരുന്നില്ല.

ഇത് വിജയ്ക്കും അറിവുള്ള കാര്യമാണ്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ വിജയുടെ പൂർണ്ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നു. ഒരു ഭാര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമല അർഹിക്കുന്ന എല്ലാ പരിഗണനയും വിജയ് നൽകിയിട്ടുണ്ട്. സിനിമ സെറ്റുകളിൽ കൂടെ വരാറുള്ള വിജയ് തന്നെയാണ് അവസാനം അഭിനയിച്ച തമിഴ് സിനിമയുടെ ഡബ്ബിംഗിന് അമലയെ സഹായിച്ചത്. ഇരുവർക്കും ഇടയിൽ യാതൊരു വിധ ദാമ്പത്യ പ്രശ്‌നവും ഉണ്ടായിരുന്നില്ല. കുടുംബ വഴക്കാണ് കാര്യങ്ങൾ വഷളാക്കിയത്. വിജയ്‌യുടെ വീട്ടുകാരിൽ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് വിവാഹമോചനം എന്ന ചിന്തയിൽ ഇരുവരും എത്തിയത്. ഏകപക്ഷീയമായ ഒരു തീരുമാനമല്ല വിവാഹമോചനത്തിന്ന് പിന്നിൽ. ഏറെ മാസങ്ങൾക്ക് മുൻപ് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്നാണ് മ്യൂച്വൽ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്, ഇരുവരുടെയും കുടുംബത്തെ അടുത്തറിയാവുന്ന സുഹൃത്ത് വെളിപ്പെടുത്തി.

അമല പോൾ-എ എൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി നടനും നിർമ്മാതാവും എ എൽ വിജയ്‌യുടെ പിതാവുമായ എ എൽ അളഗപ്പൻ രംഗത്ത്. അമല പോളിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് അളഗപ്പൻ രംഗത്തെത്തിയത്. ഒരു തമിഴ്മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 'ഈ വിഷയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാർത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്.-അളഗപ്പൻ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തിൽ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്. 'അമല തമിഴ് ചിത്രങ്ങളിൽ തുടരെ അഭിനയിക്കുന്നതും കരാർ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിന് കാരണം. അത് വിജയ്‌യ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിൽ ചെറിയൊരു വഴക്ക് ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇനി ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തതുമാണെന്നും അളഗപ്പൻ പറഞ്ഞിരുന്നു.

എന്നാൽ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമ്മിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്‌യ്ക്കും ഞങ്ങൾക്കും ഒത്തുവന്നില്ലെന്നും വിജയിന്റെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമലയുടെ ഭാഗത്താണ് ശരിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്റെ പേരിൽ വെളിപ്പെടുത്തൽ തമിഴ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അമല ഇപ്പോൾ വിജയ്‌യുമായി പിരിഞ്ഞാണ് താമസമെന്നും റിപ്പോർട്ട് ഉണ്ട്. ഇക്കാര്യത്തിൽ അമല പോൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമലയുടെ മൊബൈൽ ഫോണിന്റെ ഇൻകമിങ് കോൾ പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്.

ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണെന്നതും ശ്രദ്ധേയം.