മനാമ: കഴിഞ്ഞ ദിവസം നിര്യാതയായ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അമലാ റെജി (15) ക്ക് ബഹ്‌റിൻ മലയാളി സമൂഹം ഇന്ന് വിടയേകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായി. ഇന്ന് രാത്രി 8.30 നുള്ള ഗൾഫ് എയർ ഇന്ത്യ വിമാനത്തിൽ ആണ് മൃതദേഹം നാട്ടിലേക്ക് അയക്കുക. ഓ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലും പുറത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

അപ്രതീക്ഷിതമായി എത്തിയ മരണ വാർത്തയെ പൂർണമായും ഉൾക്കൊള്ളാൻ ബഹ്‌റൈൻ മലയാളി സമൂഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ബഹ്റിൻ ഇന്ത്യൻ സ്‌കൂളിൽ പത്താം തരം വിദ്യാർത്ഥിനിയായിരുന്നു അമല. ഇടുക്കി വണ്ടൻ മേട് സ്വദേശിയും അഹമ്മദ് മൻസൂർ അൽ അലി കമ്പനിയിൽ എഞ്ചിനിയറുമായ റെജി മോൻ ജോർജ്ജിന്റെയും ജെസ്സിയുടെയും രണ്ടാമത്തെ മകളാണ് അമല റെജി. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ചർദ്ദി ഉണ്ടായതിനെ തുടർന്ന് അമലയെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ട് ചെന്ന് പരിശോധിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ കുട്ടി അൽപ്പസമയത്തിനകം ബോധം കെട്ടു വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബി ഡി എഫ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി.

തുടർന്ന് സ്‌കാനിംഗിന് വിധേയമാകിയപ്പോഴാണ് തലച്ചോറിൽ രക്തം ബ്ലോക്കായിരിക്കുന്നതായി അറിയാൻ കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഏഴ് മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ക്രിസ്റ്റീൻ ഏക സഹോദരനാണ്.