തന്റെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയാണെന്ന് കാട്ടി നൽകിയ പരാതിയിലാണ് പൊലീസ് നടപടിയൊന്നുമെടുക്കുന്നില്ലെന്ന് അമലകുര്യൻ ആരോപിക്കുന്നത്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി പുരുഷന്മാരെ വഞ്ചിക്കുന്നുവെന്ന പരാതിയുമായാണ് അമല സൈബർ സെല്ലിലും പൊലീസ് സ്റ്റേഷനിലും നൽകിയത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് താരം പറയുന്നു.

തന്റെ ഫോട്ടോ ഉപയോഗിച്ച് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആദ്യം യുവാക്കളുമായി പരിചയപ്പെട്ട് പിന്നീടു സൗഹൃദത്തിലും പ്രണയത്തിലുമാവുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. പിന്നീട് അവരുടെ വീട്ടുകാരുമായും അടുത്ത ബന്ധം സ്ഥാപിക്കും. വിവാഹത്തോട് അടുക്കുന്ന നാളിലാണ് വഞ്ചിക്കപ്പെട്ടതാണെന്ന് യുവാക്കൾ തിരിച്ചറിയുന്നത്.

ദീപ്തി, നിഖിത ഇമ്മാനുവൽ, നിമ്മി, തുമ്പി എന്നീ പേരുകളിൽ പരിചയപ്പെടാനെത്തുന്ന പെൺകുട്ടികൾ 00917550336443, 00919514059798, 0091754888 8092 എന്നീ നമ്പറുകളിൽ നിന്നാണ് വിളിച്ചിരുന്നത്. തന്റെ പേരിൽ ആരും വഞ്ചിക്കപ്പെടരുതെന്ന് കരുതിയാണ് സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചത്. എന്നാൽ ഇരുസ്ഥലത്തു നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്. തങ്ങൾ ഇത്തരം പരാതികൾ ഇപ്പോൾ സ്വീകരിക്കാറില്ലെന്നാണ് സൈബർ സെല്ലിൽ നിന്നു ലഭിച്ച മറുപടി. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സമീപിച്ചപ്പോൾ അവർക്ക് ഇവയിൽ ഇടപെടാൻ താൽപര്യം ഇല്ലെന്നും അറിയിച്ചു.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പലതവണ ഇക്കാര്യത്തിനായി സമീപിച്ചപ്പോൾ വാട്സാപും ഫെയിസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികൾ ആണെന്നാണ് മറുപടി. വീണ്ടും സൈബർ സെല്ലിനെ സമീപിച്ചപ്പോഴുള്ള മറുപടി ഒരിക്കൽ കൂടി കേസ് ഫയൽ ചെയ്യാനാണ്. ഒരുപാടു കോളുകൾ വരുന്നതാണ്, സംസാരിക്കാൻ സമയം ഇല്ല, വേണമെങ്കിൽ വന്നു റിട്ടൺ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണുണ്ടായതെന്ന് അമല പറയുന്നു. ഒരു പെൺകുട്ടി എവിടെയാണ് നീതി തേടേണ്ടതെന്ന ചോദ്യമാണ് പോസ്റ്റിലൂടെ അമല ഉയർത്തുന്നത്.

അമലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒന്നിനു പുറകെ മറ്റൊന്നായി സൈബർ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെൺകുട്ടികളും. കഴിഞ്ഞ ജനുവരിയിൽ ഞാൻ അറിഞ്ഞു എന്റെ ഫോട്ടോകൾ ഉപയോഗിച്ച് മറ്റൊരു പേരിൽ ഒരു പെൺകുട്ടി കേരള മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുകയും പല പേരിൽ എന്റെ ഫോട്ടോകൾ വച്ച് വാട്സാപിലും ഫേസ്‌ബുക്കിലും ഐഎംഒയിലും എല്ലാം എക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യർത്ഥനകൾ നടത്തുകയും ചെയ്യുന്നു.
വിവാഹത്തിന്റെ വക്കിൽ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടർന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഞാൻ സൈബർ സെല്ലിൽ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയൽ ചെയ്തു. വാട്സ്ആപ് നമ്പർ ട്രേസ് ചെയ്തപ്പോൾ കോയമ്പത്തൂർ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാർത്ഥികൾ ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാൻ ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവർ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സാപും ഫെയിസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികൾ ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ അവർക്കു താൽപര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെൺകുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെൺകുട്ടികൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ അവർ പ്രതികരിക്കില്ലേ.
ഞാൻ വീണ്ടും സൈബർ സെല്ലിനെ സമീപിച്ചു. കേസ് ഫയൽ ചെയ്ത തീയതി ഉൾപ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കൽക്കൂടി കേസ് ഫയൽ ചെയ്യാനാണ് അവർ പറഞ്ഞത്. എത്ര ഫയൽ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകൾ വരുന്നതാണ്, സംസാരിക്കാൻ സമയം ഇല്ല, വേണമെങ്കിൽ വന്നു റിട്ടൺ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്.
എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകൾ) തുടങ്ങിയ ഏതെങ്കിലും പേരുകളിൽ എന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കിൽ അത് ഫേക് ആണെന്ന് എല്ലാവരും മനസിലാക്കുക.

എനിക്ക് ഈ ഒരു ഫേസ്‌ബുക് അക്കൗണ്ട് മാത്രമേ നിലവിലുള്ളു.

വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത സുഹൃത്തുക്കളുടെ കയ്യിലുണ്ട്, ആകെ ഒരു വാട്സ്ആപ്പ് നമ്പർ മാത്രമേയുള്ളു.

എനിക്ക് ഐഎംഒ ഇല്ല

ഞാൻ ഒരുവിധ മാട്രിമോണിയൽ സൈറ്റുകളിലും രജിസ്റ്റർ ചെയ്തിട്ടില്ല.
തൽക്കാലം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല.

ഏതെങ്കിലും അക്കൗണ്ടിൽ നിന്നും എന്റെ പ്രൊഫൈൽ വച്ചിട്ടോ മറ്റു പ്രൊഫൈലുകളിൽ എന്റെ ഫോട്ടോകൾ വച്ചോ വന്നാൽ അതു ഫേക് ആണെന്നു മനസിലാക്കുക. ഇതിന്റെ പിന്നിൽ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂർവം എന്നെ കരിവാരിതേക്കാൻ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവർ നേടുന്നത് എന്താണെന്ന് എനിക്കറിയില്ല. എല്ലാ പെൺകുട്ടികളെയും പോലെ തന്നെ ഇവിടെ എന്നെ സഹായിക്കാൻ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാൻ ഈ ഫേസ്‌ബുക്കിൽ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കൾ ഇത് ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കു. ലൈക്കുകൾക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാൾ പോലും വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.