ഒരു സ്ത്രീക്ക് തെറ്റ് പറ്റാത്ത രണ്ട് കാര്യങ്ങളുണ്ട്; അവൾക്ക് നൂറു ശതമാനം മാത്രം ബോദ്ധ്യമുള്ളതുകൊണ്ടും സഹിക്കാൻ കഴിയാത്തത്ര ആഴത്തിലുള്ള മുറിവ് അത് മനസ്സിലേൽപ്പിക്കുന്നതുകൊണ്ടും മാത്രം അറ്റകൈ എന്ന നിലയിൽ അവൾ തുറന്ന് പറയുന്ന രണ്ട് കാര്യങ്ങൾ

1. താൻ റേപ്പ് ചെയ്യപ്പെട്ടു എന്ന് അവൾ വെറുതെ പറയില്ല. തന്നെ റേപ്പ് ചെയ്തവനെ അവൾക്ക് തിരിച്ചറിയാനും കഴിയും.
2. താൻ ഗർഭിണിയാണെന്നും അവൾ വെറുതെ പറയില്ല. തന്റെ ഗർഭത്തിനുത്തരവാദിയായവനെയും അവൾക്ക് തിരിച്ചറിയാൻ കഴിയും. (ഒരു കൂട്ട ബലാൽസംഗത്തിൽ ഒഴികെ)

ഒരു സ്ത്രീ അങ്ങേയറ്റം മുറിപ്പെടുകയും തകരുകയും ചെയ്യുന്ന രണ്ട് അവസ്ഥകളാണ് ഇതിന്മേലുള്ള സന്ദേഹങ്ങൾ; പരിഹാസങ്ങൾ; നിരാസങ്ങൾ. അവളുടെ സമനില തെറ്റിക്കും അത്.

പറഞ്ഞ് വന്നത് ഇതാണ്. ഒരു സ്ത്രീ കേരള സമൂഹത്തിനു മുമ്പിൽ വന്ന് തന്നോട് ചിലർ ക്രൂരമായ ലൈഗീകാതിക്രമം കാട്ടി എന്ന് വിളിച്ച് പറഞ്ഞപ്പോൾ കൂടെ നിന്നു എന്ന് ഭാവിച്ച കപട കേരള സമൂഹമേ, പുശ്ചമാണ് നിങ്ങളോട്.

കേരളത്തിൽ ഇന്ന് നിലവിലുള്ള കോടതിയിലും നീതിന്യായ വ്യവസ്ഥയിലും ഈ നിമിഷം വരെ വിശ്വാസമുണ്ട്. ആ കോടതി ജാമ്യം പോലും നിഷേധിച്ച് അകത്തിട്ടിരിക്കുന്ന ഒരാളുടെ സിനിമ വിജയിപ്പിക്കാൻ നിങ്ങളെല്ലാവരും സിനിമാപ്രേമികൾ എന്ന നിലയിൽ നടത്തുന്ന പരാക്രമമുണ്ടല്ലോ.. ലജ്ജിക്കുന്നു നിങ്ങളെ ഓർത്ത്.

ഈ പറഞ്ഞ അതിക്രമത്തിനിരയായ നടി തന്റെ തകർന്ന മനസ്സിന്റെ ചില്ലുകൾ പെറുക്കി കൂട്ടിവച്ച് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു. അവരെ മനസ്സിലാക്കുന്ന ചില സഹജീവികൾ അവർക്കൊപ്പം പാറ പോലെ ഒപ്പം നിന്നിരുന്നു. (പലരും ചെയ്യും പോലെ വെറും വാക്കോ ഭാവിക്കലോ അല്ല. ഒപ്പം നിന്നു അവർ) ആദം ജോൺ എന്ന പേരിൽ ഒരു സിനിമയും ഇറങ്ങിയിരുന്നു അവരുടെതായി.

മാന്യ സിനിമാ പ്രേമികളെ, എവിടെയായിരുന്നു നിങ്ങൾ? ആ സിനിമ വിജയിപ്പിച്ച് അവർക്കൊപ്പം നിന്നോ? എന്നിട്ടിപ്പോ വന്നിരിക്കുന്നു; സിനിമാ വ്യവസായത്തെ രക്ഷിക്കലാണത്രെ. ഒരു കുന്തവുമല്ല.

സ്വന്തം അമ്മയെയോ മകളേയോ ഒരുത്തൻ പിച്ചി ചീന്താത്തിടത്തോളം നിനക്കൊന്നും ഒന്നും തോന്നില്ല. അഞ്ചാറു വാക്കുകൾ ചേർത്ത് ഒരു ളയ പോസ്റ്റുമിട്ട് പഞ്ചാരയടിച്ചും സല്ലപിച്ചും, ശേഷം തല വഴി പുതപ്പ് മൂടി ഉറങ്ങുകയും ചെയ്യും നിങ്ങളോരോരുത്തരും. വേണമെങ്കിൽ ഒരു മേമ്പൊടിക്ക് കുറച്ച് പൂങ്കണ്ണീരും ചൊരിയും; അല്ലെങ്കിൽ ചങ്ക് പൊട്ടി കരയുന്ന രീതിയിൽ ഒരു നിലവിളി. എന്നിട്ട് മാനമായി പോയി ഇത്തരം കുറ്റവാളികൾക്ക് കൂട്ട് നിൽക്കും. ഉളുപ്പില്ലേ നിങ്ങൾക്ക്?

അല്ലെങ്കിലും അധികാരവും പണവുമുള്ളിടത്ത് ചേർന്ന് നിൽക്കുന്ന സ്വാർത്ഥരാണ് നിങ്ങളോരോരുത്തരും. പരസ്യമായി സ്ത്രീപക്ഷ വാദികളാകും നിങ്ങൾ; രഹസ്യമായി നിങ്ങൾ തന്നെ ഒരു ഉളുപ്പുമില്ലാതെ ചോദിക്കും; മാനസീകമായ ഒരു പ്രശ്‌നമല്ലേയുള്ളൂ; അല്ലാതെന്താ എന്ന്? എന്നിട്ട് മനോനില തെറ്റിയ അവളുടെ നിലവിളികൾക്കിടയിലൂടെ അവളുടെ ഹൃദയം പൊടിഞ്ഞ ചോരയിൽ ചവിട്ടി ബധിരനായും അന്ധനായും നടന്ന് പോയി ജീവിതം ആഘോഷിക്കും നിങ്ങൾ. ഹിപ്പോക്രാറ്റുകൾ.

നിങ്ങളൊക്കെ കുറ്റവാളിക്കോ കുറ്റാരോപിതനോ ഒപ്പം നിന്ന് അയാളുടെ സിനിമ കണ്ട് ആസ്വദിച്ച്; ജീവിതമാസ്വദിക്കുന്നതിന്റെ ളയ പോസ്റ്റുകൾ തലങ്ങും വിലങ്ങും ഇട്ട് അർമ്മാദിക്കൂ; മനസമാധാനത്തോടെ ഉറങ്ങൂ. നിങ്ങളുടെയൊന്നും അമ്മക്കും മകൾക്കും ഇത് സംഭവിക്കാതിരിക്കട്ടെ.

എന്ന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പോയിട്ട് ശ്വസിക്കാൻ പോലും കഴിയാത്ത ഒരു സ്ത്രീ.

ഒരു സ്ത്രീയുടെ നെഞ്ച് പൊട്ടിയുള്ള അവസ്ഥക്കും അവളുടെ തകർന്ന മനോനിലക്കും ഉരുകി തീരുന്ന പ്രാണനും കണ്ണീരിനും എന്ത് വിലയുണ്ടെന്ന് കാലം തെളിയിക്കട്ടെ.