വാഷിങ്ങ്ടൺ: ലോകപ്രശസ്ത മോഡലുകളും സിനിമാതാരങ്ങളും നിറഞ്ഞുനിൽക്കുന്ന ഫാഷൻ മാഗസിൻ വോഗിന്റെ മുഖചിത്രമായി കവയത്രി എത്തുന്നു. അമേരിക്കൻ കവയത്രിയും സാമൂഹ്യപ്രവർത്തകയുമായ അമൻഡ ഗോർമനാണ് വോഗ് മാഗസിന്റെ മെയ്‌ ലക്കത്തിന്റെ മുഖചിത്രമായി വരുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കവിത ആലപിച്ചതിലൂടെ പ്രശസ്തയാണ് അമാൻഡ.അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കവിത ചൊല്ലാൻ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കവി, കറുത്ത വർഗക്കാരി എന്നീ അപൂർവ പദവികൾ നേടിയതോടെയാണ് 22 ാം വയസ്സിൽ അമൻഡ ലോക ശ്രദ്ധയിലേക്കുയർന്നത്. നേരത്തേ. ടൈം മാഗസിന്റെ കവറിലും അമൻഡ ഇടംപിടിച്ചിരുന്നു. വോഗിന്റെ മെയ്‌ ലക്കത്തിലാണ് രണ്ടു വ്യത്യസ്ത കവറുകളിൽ അമൻഡ എന്ന കവി നിറഞ്ഞുനിൽക്കുന്നത്.

ആനി ലെയബോവിറ്റ്‌സ് എന്ന ഫോട്ടോഗ്രാഫറാണ് അമൻഡയെ വോഗിനുവേണ്ടി ചിത്രങ്ങളിലേക്കു പകർത്തിയത്.2015 ൽ പ്രസിദ്ധീകരിച്ച ദ് വൺ ഫോർ ഹും ഫുഡ് ഈസ് നോട്ട് ഇനഫ് എന്ന കവിതാ സമാഹാരമാണ് അദ്യത്തെ പുസ്തകം. എന്നാൽ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ ചൊല്ലിയ ദ ഹിൽ വി ക്ലൈംബ് അമൻഡയെ ലോകത്തിന്റെ പ്രിയ കവിയാക്കിമാറ്റി. പിന്നീട് പ്രസിദ്ധീകരിച്ച അവരുടെ രണ്ടു കവിതാ സമാഹാരങ്ങളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു.