ചണ്ഡിഖർ: ആംആദ്മി പാർട്ടിയുടെ ആധികാരിക വിജയത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന് വമ്പൻ പരാജയം. ബിജെപിയുടെ ശക്തമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയ ക്യാപ്റ്റന് അടിപതറി. തെരഞ്ഞെടുപ്പിൽ അമരീന്ദറിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പാട്യാല മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്ലി മിന്നും വിജയം സ്വന്തമാക്കിയപ്പോൾ ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഹർപാൽ ജുനേജയ്ക്കും കോൺഗ്രസ് സ്ഥാനാർത്ഥു വിഷ്ണു ശർമ്മയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് അമരീന്ദർ പിന്തള്ളപ്പെടുകയായിരുന്നു.കോൺഗ്രസ് നേതൃത്വവുമായി പിണങ്ങിയ അമരീന്ദർ സ്വന്തം പാർട്ടി പ്രഖ്യാപിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പഞ്ചാബ് ലോക് കോൺഗ്രസ് നിർണായക ശക്തിയായി മാറുമെന്നും ക്യാപ്റ്റൻ അവകാശവാദം ഉന്നയിച്ചിരുന്നു.എന്നാൽ ആംആദ്മി തരംഗത്തിൽ കോൺഗ്രസിന് അടിപതറിയപ്പോൾ പഞ്ചാബ് ലോക് കോൺഗ്രസിന് അവകാശവാദങ്ങളുടെ സമീപത്തു പോലും എത്താനായില്ല. അതേസമയം സംസ്ഥാനത്ത് എഎപി ആധിപത്യം വിജയം സ്വന്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

നിലവിലെ ലീഡ് നില അനുസരിച്ച് 117ൽ 91 സീറ്റുകളിൽ എഎപി മുന്നേറുകയാണ്. കോൺഗ്രസ് വെറും 19 സീറ്റിലേക്ക് ഒതുങ്ങി. അകാലിദൾ നാലും ബിജെപിക്ക് മൂന്നും മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ട്. ഈ നില തുടർന്നാൽ സംഗ്രൂർ എംപി ഭഗവന്ത് മൻ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഡെൽഹിക്ക് പുറത്ത് കോൺഗ്രസ് നേടുന്ന ആദ്യ വിജയമാണിത്.