- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവരുടെ മുത്തശ്ശന്മാർ ഭീകരവാദികളാൽ കൊല്ലപ്പെട്ടിരുന്നു; ആ ത്യാഗത്തിന് നൽകിയ ചെറിയൊരു സമ്മാനം; എംഎൽഎമാരുടെ മക്കൾക്ക് ജോലി നൽകിയതിനെ ന്യായികരിച്ച് അമരീന്ദർ സിങ്
ചണ്ഡീഗഢ്: കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തിൽ ഉറച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്. എംഎൽഎമാരുടെ പ്രവർത്തനമികവിന്റെയും ത്യാഗത്തിന്റെയും ഒരു സമ്മാനമെന്ന നിലയിലാണ് മക്കൾക്ക് ജോലി നൽകിയതെന്നും ആ തീരുമാനത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും അമരീന്ദർ സിങ് പറഞ്ഞു.
'രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് ജോലി നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കില്ല. അവരുടെ കുടുംബങ്ങൾ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയരീതിയിലുള്ള പ്രതിഫലമാണിത്. ഈ തീരുമാനത്തിന് ചില ആളുകൾ രാഷ്ട്രീയനിറം നൽകുന്നു എന്നത് നാണക്കേടാണ്', സർക്കാർ തീരുമാനത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി അമരീന്ദർ സിങ് പറഞ്ഞു.
എംഎൽഎമാരായ അർജുൻ പ്രതാപ് സിങ് ബാജ്വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പൊലീസ് ഇൻസ്പെക്ടർ, നായിബ് തഹസിൽദാർ എന്നീ തസ്തികകളിൽ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്.
ഇരുവരുടെയും മുത്തശ്ശന്മാർ ഭീകരവാദികളാൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനം നൽകാൻ തീരുമാനിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും രണ്ട് എംഎൽഎമാരും രംഗത്തെത്തിയിരുന്നു.
കുൽജിത് നാഗ്രയും അമരീന്ദർ സിങ് രാജ വാരിംഗുമാണ് തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച കോൺഗ്രസ് എംഎൽഎമാർ.
ന്യൂസ് ഡെസ്ക്