- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജീവ് ഗാന്ധിയുടെ സുഹൃത്ത്; ഇന്ദിര കൊല്ലപ്പെട്ട ശേഷമുള്ള സിഖ് വിരുദ്ധ കലാപത്തിൽ അകാലിദള്ളിൽ എത്തി; സ്വന്തം പാർട്ടിയുണ്ടാക്കി വീണ്ടും കോൺഗ്രസിൽ ലയിച്ചു; ഇനി പരിവാറുകാർക്കൊപ്പം? കർഷക നിയമങ്ങളിൽ മാറ്റം വന്നാൽ ക്യാപ്ടൻ ബിജെപി ക്യാമ്പിലെത്തും; മോദിയും അമിത് ഷായും നിർണ്ണായക ആലോചനകളിൽ

ന്യൂഡൽഹി: ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടുണ്ടെങ്കിലും പഞ്ചാബിൽ ഇനിയും പരിവാർ പ്രസ്ഥാനങ്ങൾക്ക് വലിയ സ്വാധീനമില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന് അപ്പുറം സിഖ് രാഷ്ട്രീയത്തിനാണ് പഞ്ചാബിൽ സ്വാധീനം. അകാലിദൾ ദുർബലമായതോടെ ബിജെപി മുന്നണിക്കും കോട്ടം തട്ടി. കർഷക സമരത്തിന് പിന്തുണയുമായി അകാലിദൾ, ബിജെപിയെ വിടുകയും ചെയ്തു.
കർഷക സമരത്തിന്റെ ജീവനാഡിയാണ് പഞ്ചാബിലെ കർഷകർ. സിഖുകാർ മാത്രമല്ല, പഞ്ചാബിലെ എല്ലാ വിഭാഗക്കാരും കേന്ദ്രസർക്കാരിന്റെ 3 കൃഷി നിയമങ്ങളിൽ അസ്വസ്ഥരാണ്. ചില ബിജെപി നേതാക്കൾ സമരക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചതും സ്ഥിതി വഷളാക്കി. ഇത് മാറ്റിയെടുക്കാൻ ബിജെപി കിണഞ്ഞു ശ്രമിച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി ഇക്‌ബാൽ സിങ് ലാൽപുരയെയും പട്ടിക വിഭാഗ കമ്മിഷൻ ചെയർമാനായി വിജയ് സാംപ്ലയെയും നിയമിച്ചത് പഞ്ചാബിനോടുള്ള മമത കാണിക്കാൻ കൂടിയായിരുന്നു. നേരത്തേ സിഖ് വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്ന ഹരിന്ദർ സിങ് ഖാലോൺ അടക്കം പലരെയും പാർട്ടിയിലെത്തിച്ചു. വിവിധയിടങ്ങളിൽ പാർട്ടി വക്താക്കളായി സിഖ് സമുദായത്തിലുള്ളവരെ നിയമിച്ചു. അപ്പോഴും എൻഡിഎയെ നയിക്കാൻ പഞ്ചാബില്ഡ നേതാവില്ല. ഇത് മറികടക്കാനാണ് 'അമരീന്ദർ' മാജിക്കിനുള്ള ശര്മം.
ബിജെപിയുടെ പഞ്ചാബിലെ വോട്ടുശതമാനം പോയ വർഷങ്ങളിലൊക്കെ കുറഞ്ഞു വരികയാണ്. 2007ൽ 8.21% വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2012ൽ 7.13 ശതമാനവും 2017ൽ 5.4 ശതമാനവുമായിരുന്നു വോട്ടു കിട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകാലിദളിന്റെ പിന്തുണയോടെ 23 സീറ്റിൽ മത്സരിച്ചു. ജയിച്ചത് മൂന്നു സീറ്റിൽ മാത്രം. അതുകൊണ്ട് തന്നെ അമരീന്ദർ സിംഗിനെ ബിജെപിയുമായി അടുപ്പിക്കേണ്ടത് അനിവാര്യതയാണ്. അതിന് വേണ്ടി എന്തു വിട്ടു വീഴ്ചയും ബിജെപി ചെയ്യും. അമരിന്ദർ സിങ്ങിനും ബിജെപിക്കുമിടയിലുള്ള പ്രധാന വിള്ളൽ 3 കൃഷി നിയമങ്ങളാണ്. ഇതിൽ മുൻ മുഖ്യമന്ത്രി പറയുന്നതെല്ലാം ചെയ്യാനാണ് ബിജെപിയുടെ ആലോചന.
ദേശസ്‌നേഹത്തിൽ ബിജെപിക്കൊപ്പമാണ് എന്നും അമരീന്ദർ. 2016ലെ പാക്കിസ്ഥാനിലെ സർജിക്കൽ സ്‌ട്രൈക്കിലും 2019ലെ ബാലാക്കോട്ട് ആക്രമണത്തിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചപ്പോൾപോലും അമരിന്ദർ അവയ്ക്ക് കൈയടിച്ചു. നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ പാക്കിസ്ഥാൻ സൗഹൃദങ്ങൾ ചൂണ്ടിക്കാട്ടി 'ദേശത്തിനു വേണ്ടി, അയാളെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെ'ന്ന് ക്യാപ്റ്റൻ പറഞ്ഞതും ദേശ സ്‌നേഹത്താലാണ്. ഈ ഘടകങ്ങളെല്ലാം മുൻനിർത്തി പ്രധാനമന്ത്രിക്കും അമരീന്ദറിനോട് താൽപ്പര്യമാണ്. എങ്ങനേയും അമരീന്ദറിനെ ബിജെപിയോട് അടുപ്പിക്കാനാണ് നീക്കം.
രാജീവ് ഗാന്ധിയുടെ സുഹൃത്തെന്ന നിലയിൽ 1980ലാണ് ക്യാപ്റ്റൻ കോൺഗ്രസിൽ ചേരുന്നത്. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. പിന്നീട് അകാലിദളിൽ ചേർന്നു. സുർജിത് സിങ് ബർണാലയുടെ മന്ത്രിസഭയിൽ അംഗമായി. 1992ൽ ശിരോമണി അകാലിദൾ (പാന്തിക്) പാർട്ടിയുണ്ടാക്കി. 1998ൽ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. പിന്നെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായി. ഇതിനിടെ സിദ്ദു എത്തി. കോൺഗ്രസ് അമരീന്ദറിനെ കൈവിട്ടു. എങ്ങനേയും അമരീന്ദറിനെ സ്വീകരിക്കാനാണ് ബിജെപി നീക്കം. ഇതിന് വേണ്ടി പറയുന്നത് എന്തും ചെയ്തു കൊടുക്കും.
കൃഷി നിയമങ്ങളിൽ ഇളവുകളും മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള ശക്തമായ നിയമവും വന്നാൽ ക്യാപ്റ്റന് ബിജെപിക്കൊപ്പം ചേരാനാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ക്യാപ്റ്റൻ മുന്നോട്ടുവച്ച ഫോർമുലയും കർഷകർക്ക് വേണ്ടിയുള്ള തീരുമാനങ്ങളാണ്. കർഷക നിയമങ്ങൾ മരവിപ്പിക്കുകയും മിനിമം താങ്ങുവില ഉറപ്പാക്കുകയും ചെയ്യുകയും പഞ്ചാബിൽ കൃഷി വൈവിധ്യത്തിന് പദ്ധതികൾ നടപ്പാക്കുകയുമാണ് അമരീന്ദറിന്റെ ആവശ്യം.
പഞ്ചാബിൽ ഹിന്ദുത്വ രാഷ്ട്രീയം വിലപ്പോവില്ലെന്ന് ബിജെപിക്കു കൃത്യമായി അറിയാം. ജനസംഖ്യയിൽ ആകെ 1.9% മാത്രമാണ് മുസ്ലിംകൾ. അതുകൊണ്ടു തന്നെ എൻഡിഎയ്ക്ക് വളരാൻ അമരീന്ദറിനെ പോലൊരു നേതാവിന്റെ ആവശ്യകത ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ കർഷക സമരങ്ങളിൽ അതിവേഗ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.


