- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമരീന്ദർ ഇനി 'പഞ്ചാബ് ലോക് കോൺഗ്രസി'ന്റെ ക്യാപ്റ്റൻ; പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് കോൺഗ്രസിൽ നിന്നുള്ള രാജിക്ക് പിന്നാലെ; സിദ്ദുവിനെ രാഹുലും പ്രിയങ്കയും സംരക്ഷിച്ചു; തന്റെ സർക്കാരിനെ താഴ്ത്തിക്കെട്ടിയെന്നും സോണിയക്ക് അയച്ച രാജിക്കത്തിൽ
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'പഞ്ചാബ് ലോക് കോൺഗ്രസ്' എന്നാണ് പുതിയ പാർട്ടിയുടെ പേര്. അധികാര തർക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ ഇടഞ്ഞു നിന്നിരുന്ന അമരീന്ദർ സിങ് പാർട്ടി രൂപീകരണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നില്ല. ഇപ്പോൾ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഔദ്യോഗികമായി കോൺഗ്രസിൽ നിന്നുള്ള രാജിയും.പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടി രൂപീകരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
'കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജിവെക്കാനുണ്ടായ കാരണങ്ങൾ കത്തിൽ വിവരിച്ചിട്ടുണ്ട്. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിന് വൈകാതെ അംഗീകാരം ലഭിക്കും'-അമരീന്ദർ ട്വീറ്റ് ചെയ്തു.
താൻ രൂപീകരിച്ച പുതിയ പാർട്ടിയുടെ പേര് പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
സോണിയക്കയച്ച രാജിക്കത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദർ രുക്ഷമായി വിമർശിക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ സഹായിയുമായ നവജോത് സിങ് സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.
1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിച്ച് പൊതുജനങ്ങൾക്കിടയിൽ ഇറങ്ങിയിട്ട് 52 വർഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ അദ്ദേഹം എംഎൽഎമാർക്കും മന്ത്രിമാർക്കും എതിരെ ഉന്നയിക്കുന്നത്. പല മന്ത്രിമാർക്കും എംഎൽഎമാർക്കും മണൽ മാഫിയയുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം.
സെപ്റ്റംബറിലാണ് പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ക്യാപ്റ്റനെ നീക്കണമെന്ന് ഭൂരിഭാഗം എംഎൽഎമാരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദർ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദർ ബിജെപിയിലേക്ക് പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങൾ പരന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്