അമൃത്സർ: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി തിരഞ്ഞെടുക്കപ്പെട്ടതിൽ പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്കപ്പുറത്തുനിന്ന് വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരൺജിതിന് കഴിയുമെമന്ന് പ്രതീക്ഷിക്കുന്നതായി അമരീന്ദർ സിങ് പറഞ്ഞു.

'' ചരൺജിത് സിങ് ചന്നിക്ക് എന്റെ ആശംസകൾ. അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്കപ്പുറത്തുനിന്ന് വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'' സിങ് സന്ദേശത്തിൽ പറഞ്ഞു.

കോൺഗ്രസിൽ പോര് മൂർച്ഛിച്ചതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദർ സിങ് രാജിവെച്ചിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനിൽക്കാൻ അമരീന്ദറിനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ചരൺജിത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ അധ്യക്ഷൻ സുനിൽ ജഖർ, പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയിൽ ഉണ്ടായിരുന്നത്. രജീന്ദർ സിങ് ബജ്വ, പ്രതാപ് സിങ് ബജ്വ തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു.