- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാൻ അമരീന്ദർ സിങ്; 'പഞ്ചാബ് വികാസ് പാർട്ടി' ക്കായി അണിയറയിൽ നീക്കം; അടുപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ചു ചേർക്കും; കർഷക നേതാക്കളെയും ചെറു പാർട്ടികളെയും ഒപ്പംനിർത്താൻ ശ്രമം തുടങ്ങി
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നതിന് പിന്നാലെ കോൺഗ്രസ് വിട്ട ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി രൂപവത്കരിക്കുന്നു. തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളിൽ അമരീന്ദർ വിളിച്ചു ചേർക്കും. നവ്ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തേക്കും.
പഞ്ചാബ് വികാസ് പാർട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാർട്ടിയുടെ പേരെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അമരീന്ദർ സിങ് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചാബിലെ എല്ലാ കർഷക സംഘടനാ നേതാക്കളെയും ഒപ്പം നിർത്താനാണ് അമരീന്ദറിന്റെ നീക്കം. ചെറു പാർട്ടികളുമായും അദ്ദേഹം ചർച്ചകൾ നടത്തിയേക്കും.
തന്റെ പ്രഥമ ലക്ഷ്യം സിദ്ദുവിനെ പരാജയപ്പെടുത്തുക എന്നതാണെന്ന് നേരത്തെ തന്നെ അമരീന്ദർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ആകും പുതിയ പാർട്ടിയിൽനിന്ന് അമരീന്ദർ കളത്തിലിറക്കുക.
കോൺഗ്രസ് വിടുകയാണെന്നും എന്നാൽ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസ് ഉന്നത നേതൃത്വത്തിൽനിന്ന് നേരിടേണ്ടി വന്ന അപമാനത്തിൽ ഏറെ ദുഃഖിതനാണെന്നും അമരീന്ദർ പറഞ്ഞിരുന്നു.
ഉൾപാർട്ടി കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. ഇതാദ്യമായല്ല അമരീന്ദർ കോൺഗ്രസ് വിടുന്നത്. 1980-ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ അമരീന്ദർ, 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പിന്നാലെ അകാലിദളിൽ ചേരാൻ പാർട്ടി വിട്ടു. 1998-ലാണ് അദ്ദേഹം തിരിച്ച് കോൺഗ്രസിൽ എത്തുന്നത്.
കോൺഗ്രസ് വിടുന്നത് പുനരാലോചിക്കണമെന്ന ഹരീഷ് റാവത്തിന്റെ നിർദ്ദേശം അമരീന്ദർ സിങ് നിരാകരിച്ചിരുന്നു. വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അമരീന്ദർ പറഞ്ഞു. കോൺഗ്രസ് അമരീന്ദറിനെ അപമാനിച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞിരുന്നു. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ അന്തകനാകും. ഇപ്പോൾ തന്നെ പാർട്ടിക്ക് ശക്തമായ തിരിച്ചടികൾ നൽകുന്നുണ്ട്. തന്നെ അനുനയിപ്പിക്കാൻ ആരും മുതിരേണ്ടെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
അതിനിടെ പഞ്ചാബ് പ്രതിസന്ധിയിൽ തുടർ ചർച്ചകൾക്കായി മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി ദേശീയ നേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഒത്തുതീർപ്പിന്റെ ഭാഗമായി പുതിയ ഡിജിപിക്കായുള്ള പാനൽ സർക്കാർ യുപിഎസ്‌സിക്കയച്ചു.
നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറൽ അമർപ്രീത് സിങ് ഡിയോൾ, ഡിജിപി ഇഖ്ബാൽ പ്രീത് എന്നിവരെ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിജിപി സ്ഥാനത്തേക്ക് സിദ്ദു നിർദ്ദേശിച്ച സിദ്ധാർത്ഥ് ചതോപാധ്യയുടേതടക്കം പേരുകളാണ് യുപിഎസ്‌സിക്കയച്ചിരിക്കുന്നത്. എന്നാൽ എജിയുടെ നിയമനം ഹൈക്കമാന്ഡിന് വിട്ടു.
ഇതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഡൽഹിക്കെത്തുന്നത്. സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചരൺജിത് സിങ് ചന്നി കൂടിക്കാഴ്ച നടത്തും. സർക്കാരും പാര്ട്ടിയും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കാൻ പ്രത്യേക സമിതി രൂപവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി അധ്യക്ഷനാകുന്ന സമിതിയിൽ പഞ്ചാബിന്റെ ചുമതയുള്ള എഐസിസി ജനറൽസെക്രട്ടറി ഹരീഷ് റാവത്ത്, മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണി, നവജ്യോത് സിങ് സിദ്ദു എന്നിവരെ ഉൾപ്പടുത്താനാണ് ആലോചന. അതേസമയം സിദ്ദുവിന് പൂർണണമായി വഴങ്ങേണ്ടതില്ലെന്ന സന്ദേശവും ഹൈക്കമാൻഡ് ചന്നിക്ക് നൽകും.
ന്യൂസ് ഡെസ്ക്