ന്യൂഡൽഹി: മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽനിന്നുള്ള ഉള്ളടക്കം ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്ന പ്രൈം വിഡിയോ ചാനൽ ആമസോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. തുടക്കത്തിൽ എട്ട് ഒടിടി സർവീസുകൾ ഈ സൗകര്യം അനുസരിച്ചു ലഭ്യമാവും. ആഡ് ഓൺ സബ്സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലാവും സർവീസ്.

ഡിസ്‌കവറി പ്ലസ്, ലയൺഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യൂബേ, മൂബി, ഹോയ്ചോയ്, മനോരമ മാക്സ്, ഷോർട്ട്സ് ടിവി എന്നീ ഒടിടി സർവീസുകളാണ് പ്രൈംവിഡിയോയിൽ ലഭ്യമാവുക. ഏതു സർവീസ് ആണോ തെരഞ്ഞെടുക്കുന്നത് അതിനു മാത്രം പണം നൽകിയാൽ മതിയാവും. ആമസോൺ പ്രൈം വിഡിയോ ചാനൽ സർവീസ് തുടങ്ങുന്ന പന്ത്രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

ഒറ്റ ആപ്പിൽ തന്നെ കൂടുതൽ വിഡിയോ ഉള്ളടക്കങ്ങൾ ലഭ്യമാവും എന്നതാണ് പ്രൈം വിഡിയോ ചാനലിന്റെ സവിശേഷത. പ്രൈം വരിക്കാർക്കായി ഓരോ സർവീസുകളും പ്രത്യേക നിരക്കു പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‌കവറി പ്ലസ്-299 രൂപ, ഡോക്യൂബേ 499, ഇറോസ് നൗ -299, ലയൺഗേറ്റ് പ്ലേ 699, മനോരമ മാക്സ് 699, മൂബി 1999, ഷോർട്ട്സ് ടിവി 299 എന്നിങ്ങനെയാണ് നിരക്ക്.