- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റിയിലെ മുറിവ് കണ്ട് മകൻ പറഞ്ഞു ഇത് സാധാരണ മരണമല്ലെന്ന്; ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി ഭാര്യയുടെ മൃതദേഹം കൊണ്ടു പോകാനൊരുങ്ങിയ ഭർത്താവ് പറഞ്ഞത് മകനെതിരായ ആരോപണം; ഒടുവിൽ സത്യം തെളിഞ്ഞു; പാർക്കിൻസൺ രോഗിയെ കൊന്നത് ഭർത്താവ് തന്നെ; അമ്പലപ്പുഴയെ ഞെട്ടിച്ച കൊലയുടെ ചുരുൾ അഴിയുമ്പോൾ
ആലപ്പുഴ. അമ്പലപ്പുഴ വീണു പരുക്കേറ്റെന്നു പറഞ്ഞ് ഭർത്താവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചതിന് പിന്നിലെ ദുരൂഹത മാറിയത് പൊലീസിന്റെ കരുതൽ. തലയ്ക്കേറ്റ പരുക്കു കാരണമാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ കൊലപാതകമെന്ന് വ്യക്തമായി. ഭർത്താവിനെയും ഇളയ മകനെയും പൊലീസ് ചോദ്യം ചെയ്യുന്നു. അമ്പലപ്പുഴ തെക്കേനട കരൂർ ശ്യാംനിവാസിൽ ശശിയുടെ ഭാര്യ രമയാണ് (63) ചൊവ്വാഴ്ച രാവിലെ വീട്ടിൽ മരിച്ചത്.
രമയുടെ നെറ്റിയിലെ മുറിവു കണ്ട് ഇളയമകൻ ശരത് മരണത്തിൽ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, ശരത് രമയെ മർദിച്ചെന്നു ശശി പറഞ്ഞതിനെ തുടർന്ന് ശരത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. രമയുടെ നെറ്റിയിലും തലയിലും മറ്റും കണ്ടെത്തിയ 5 മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടുള്ള മർദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം.
എംബിഎ വിദ്യാർത്ഥിയായ ശരത് രാവിലെ പരീക്ഷയ്ക്ക് പോയ ശേഷം 10.20ന് ആണ് ആംബുലൻസ് വിളിച്ച് ശശി രമയെ ആശുപത്രിയിൽ എത്തിച്ചത്. പാർക്കിൻസൺസ് രോഗമുള്ള രമ കസേരയിൽനിന്നു വീണെന്നാണ് ശശി ആശുപത്രിയിൽ അറിയിച്ചത്. നെറ്റിയിലെയും തലയിലെയും മുറിവുകൾ വീഴ്ചയിൽ ഉണ്ടായതാണെന്നും പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
തുടർന്ന് അമ്പലപ്പുഴ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാൻ ശശി ശ്രമിച്ചെന്നു പൊലീസ് പറയുന്നു. വിവരമറിഞ്ഞ് എത്തിയ ശരത് മാതാവിന്റെ നെറ്റിയിലെ മുറിവു കണ്ട് സംശയം ഉന്നയിച്ചു. അതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഫൊറൻസിക് വിഭാഗം ഡോക്ടർമാർ കൊലപാതകമെന്ന നിഗമനം പൊലീസിനെ അറിയിച്ചു. തുടർന്ന് ശശിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മകനാണ് രമയെ മർദിച്ചതെന്ന് ശശി പറഞ്ഞു.
ഇതോടെയാണ് ശരത്തിനെയും ചോദ്യം ചെയ്യാൻ വിളിച്ചത്. രമയുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. മൃതദേഹം സംസ്കരിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ ശശി കുറ്റം സമ്മതിച്ചതായാണ് വിവരം. പാർക്കിസൺസ് രോഗിയായ രമയെ ശശി നിരന്തരം ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും മർദ്ദനവും പതിവായിരുന്നു. മക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്.
രമ മരിച്ച ദിവസവും ശശി ഇവരെ ഉപദ്രവിച്ചിരുന്നു.രമയുടെ നെറ്റിയിലും തലയിലുമുണ്ടായമുറിവ് ശശിയുടെ മർദ്ദനത്തിൽ ഉണ്ടായതാണ്. രമയുടെ മരണ ശേഷം ശശി ആരൊയൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ പരിശോധിക്കുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്