- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോപാർക്ക് ജീവനക്കാരിയുടെ മൃതദേഹം കിടന്നത് കട്ടിലിൽ; ദേഹത്തും മറിയിലും വെള്ളം ഒഴിച്ചത് ദുരൂഹം; കെട്ടി തൂങ്ങിയ ഫാൻ കറങ്ങി കൊണ്ടിരുന്നത് അസ്വാഭാവാകിത; നാല് വർഷം മുമ്പ് വരെ ഒന്നിച്ച് ട്യൂഷൻ ക്ലാസ് നടത്തിയ യുവാവിന്റെ വീട്ടിലെ യുവതിയുടെ മരണത്തിൽ സംശയങ്ങൾ; കൂട്ടുകാരന്റെ വീട്ടിലെ ആമ്പല്ലൂരുകാരി സൂര്യയുടെ മരണത്തിൽ വിവാദം
മുളന്തുരുത്തി : ഇരുപത്തിയെട്ടുകാരിയായ യുവതിയെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവ്വത്ര ദൂരൂഹത. ആമ്പല്ലൂർ ക്ഷേത്രത്തിനു സമീപം ആര്യച്ചിറപ്പാട്ട് വീട്ടിൽ സുകുമാരന്റെ മകൾ സൂര്യമോളാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സുഹൃത്ത് പുത്തന്മലയിൽ അശോകിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങി മരണമാണെന്നാണ് നിഗമനമെങ്കിലും മൃതദേഹം കട്ടിലിൽ കണ്ടെത്തിയതും മൃതദേഹവും മുറിയും നനഞ്ഞ നിലയിലായതുമാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. സൂര്യയുടെ വീടിന് കുറച്ചകലെയുള്ള പുത്തന്മലയിൽ അംബുജാക്ഷന്റെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അംബുജാക്ഷന്റെ വീട് പെയിന്റ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് യുവതി വീടിന്റെ മുകളിലെ നിലയിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടത്. ഇതറിഞ്ഞ് വീട്ടിലുണ്ടായിരുന്നവരും തൊഴിലാളികളും അവിടെയെത്തിയപ്പോൾ യുവതി മുറിയിൽ കയറി വാതിലടച്ചിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അംബുജാക്ഷന്റെ മകൻ അശോകനും സൂര്യയും വർഷങ്ങളായി സുഹൃത്തുക്കളാണ്. അശോകന്റെ വിവാഹം ഡിസംബർ 15 ന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
ഇന്നലെ രാവിലെ അശോകിന്റെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയിൽ കയറി വാതിലടച്ചെന്നും, ഈ വിവരം സൂര്യയുടെ വീട്ടിൽ അറിയിച്ച ശേഷം വാതിൽ തകർത്തു മുറിയിൽ കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെന്നുമാണ് അശോക് പൊലീസിന് നൽകിയ മൊഴി. സൂര്യമോളും അശോകനും എം.സി.എയ്ക്ക് ഒരുമിച്ചാണ് പഠിച്ചിരുന്നത്.
ഇരുവരും സൂര്യമോളുടെ വീട്ടിൽവെച്ച് പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്ക് നേരത്തെ ട്യൂഷനെടുത്തിരുന്നു. സൂര്യമോൾ കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരിയും അശോകൻ സോഫ്റ്റ് വെയർ എൻജിനിയറുമാണ്. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമൊന്നുമില്ലായിരുന്നുവെന്നും അശോകന്റെ വിവാഹം മറ്റൊരു യുവതിയുമായി ഡിസംബർ 15ന് നടത്തുവാൻ തീരുമാനിച്ചിരുന്നതായും അശോകന്റെ വീട്ടുകാർ പറയുന്നു.
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.പകൽ വീട്ടിൽ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തിൽ ദുരൂഹതയുണ്ടെന്നാണു പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
വിവരമറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോൾ മൃതദേഹം കണ്ടത് കട്ടിലിലാണെന്നും ലാപ്ടോപ്പ്, കസേര, ടിവി എന്നിവ മുറിക്കുള്ളിൽ തകർന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ മുളന്തുരുത്തി പൊലീസ് കേസെടുത്തു.മുളന്തുരുത്തി സിഐ മുഹമ്മദ് നിസാർ, എസ്ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രാജേശ്വരിയാണ് സൂര്യയുടെ മാതാവ്. സഹോദരി ആര്യ.
മറുനാടന് മലയാളി ബ്യൂറോ