ലണ്ടൻ: വിമാനത്താവളത്തിലേക്ക് ആംബർ റൂഡ് അന്ന് പോയത് ഭർത്താവിനെ നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ്. തന്നെ വഞ്ചിച്ച് ഭർത്താവ് കാമുകിക്കൊപ്പം ചുറ്റുന്നകാര്യം മനസ്സിലാക്കിയിരുന്ന അവർ, വിമാനത്താവളത്തിൽനിന്ന് കൈയോടെ അേേദ്ദഹത്തെ കൂടെക്കൂട്ടാനാണ് അവിടേക്ക് പോയത്. ആംബറിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. വിമാനത്താവളത്തിൽ അവർ കാത്തുനിൽക്കെ, കാമുകിയുടെ തോളിൽ കൈയിട്ട് ഭർത്താവ് ഇറങ്ങിവന്നു. കാണാനിഷ്ടപ്പെടാത്ത കാഴ്ചയായിരുന്നു അതെങ്കിലും വിമാനത്താവളത്തിൽ സീനുണ്ടാക്കാൻ ആംബർ തയ്യാറായിരുന്നില്ല. പകരം, ഒന്നും മിണ്ടാതെ, തന്റെ കാറിൽ ഭർത്താവിനെയും കാമുകിയെയും അവർ കൂട്ടിക്കൊണ്ടുപോന്നു.

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആംബർ റൂഡാണ് തന്റെ ജീവിതത്തിൽ നേരിട്ട അത്യപൂർവമായ അനുഭവത്തെക്കുറിച്ച് മനസ്സുതുറന്നത്. എഴുത്തുകാരനായ എ.എ. ഗില്ലായിരുന്നു ആംബറിന്റെ ഭർത്താവ്. റെസ്റ്ററന്റുകളെക്കുറിച്ചുള്ള അദദ്ദേഹത്തിന്റെ നിരൂപണം ഏറെ വിലമതിക്കപ്പെട്ടിരുന്നു. അത്തരമൊരു ആവശ്യത്തിനായാണ് മോണ്ടി കാർലോയിലേക്ക പോയതും. ഭർത്താവ് തിരിച്ചുവരുമ്പോൾ താനറിയാതെ മറ്റെവിടേക്കെങ്കിലും പോകാതിരിക്കാനാണ് നേരെ ഹീത്രൂ വിമാനത്താവളത്തിൽ ആംബറെത്തിയത്.

അപ്പോഴാണ്, ആംബർ ഭയന്നതുപോലെ ഗിൽ വന്നത്. ഒപ്പം ദക്ഷിണാഫ്രിക്കൻ മോഡലും ടാറ്റ്‌ലർ മാസികയിലെ മാധ്യമപ്രവർത്തകയുമായ നിക്കോള ഫോംബിയും. നിക്കോളയ്്‌ക്കൊപ്പമാണ് ഗിൽ മോണ്ടി കാർലോയിലേക്ക് പോയത്. മറ്റേത് ഭാര്യയാണെങ്കിലും അലമ്പുണ്ടാക്കുന്ന നിമിഷം. എന്നാൽ, ആംബർ പിടിച്ചുനിന്നു. ഗില്ലും മോണിക്കയും സ്തബ്ധരായെങ്കിലും ഒന്നും സംഭവിക്കാത്തതുപോലെ ഇരുവരെയും തന്റെ കാറിലേക്ക് ക്ഷണിക്കുകയാണ് ആംബർ ചെയ്തത്.

വിമാനത്താവളത്തിലേക്ക് പോകുമ്പോൾ തനിക്കൊരു സംശയം മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് 1995-ൽ നടന്ന സംഭവം ഓർത്തെടുത്ത ആംബർ പറഞ്ഞു. അതൊന്ന് പരിശോധിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനായാണ് ഹീത്രൂവിലേക്ക് പോയതും. എന്നാൽ, വിമാനത്താവളത്തിനുള്ളിൽനിന്ന് ഇരുവരും ഒരുമിച്ച് പുറത്തേക്ക് വന്നതോടെ കാര്യങ്ങലെല്ലാം ബോധ്യപ്പെട്ടു. ഇരുവർക്കും ഒരുമിച്ചായിരുന്നു മോണ്ടികാർലോയിൽ അസൈന്മെന്റെന്നൊക്കെ ഗിൽ വിശദീകരിക്കാൻ നിന്നെങ്കിലും ആംബർ അതൊന്നും ഗൗരവത്തിലെടുത്തില്ല.

ഇതിന്റെ പേരിൽ താൻ ഗില്ലുമായി വഴക്കുണ്ടാക്കിയില്ലെന്ന് ആംബർ പറയുന്നു. മോണിക്കയുമായും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. മോണിക്ക തന്റെ ശത്രുവായിരുന്നില്ലെന്ന് അവർ പറയുന്നു. ആ സമയത്ത് ആ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് സംസാരിച്ച് താനും ഗില്ലും ചിരിച്ചിട്ടുണ്ടെന്ന് ആംബർ പറഞ്ഞു. ആ ചിരി അധികകാലമുണ്ടായില്ല. ഗിൽ വിവാഹബന്ധം വേർപിരിഞ്ഞ് നിക്കോളയുമായി താമസമാരംഭിച്ചു. ഗില്ലുമായുള്ള ബന്ധത്തിൽ ആംബറിന് രണ്ടുമക്കളുണ്ട്. ഫ്‌ളോറയും അലസ്റ്ററും. 2016-ൽ അദ്ദേഹം അർബുദ ബാധിതനായി മരിക്കുകയും ചെയ്തു.

വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും താനും ഗില്ലും എന്നും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് ആംബർ പറഞ്ഞു. നിക്കോളയുമായും തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഗില്ലിന്റെ മരണത്തിനുശേഷം ആംബറും നിക്കോളയും മക്കളുമൊത്ത് ഒത്തുകൂടിയിരുന്നു. നിക്കോളയിലും ഗില്ലിന് രണ്ടുമക്കളാണുള്ളത്. ആംബർ ആഭ്യന്തരസെക്രട്ടറിയാകുന്നത് കണ്ടതിനുശേഷമാണ് ഗിൽ മരിക്കുന്നത്. തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് കരുതിയ ആംബറിന്, അഞ്ചുമാസം മുമ്പ് വിൻഡ്‌റഷ് കുടിയേറ്റ വിവാദത്തെത്തുടർന്ന് രാജിവെക്കേണ്ടിവരികയായിരുന്നു.