- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ 'ഒഴുകുന്ന സ്വർണം' അനിവാര്യം; എണ്ണത്തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ ആംബർഗ്രീസ് കൈവശം വെയ്ക്കുന്നത് കുറ്റകരവും; വീണ്ടും കേരളത്തിൽ തിമിംഗല ഛർദ്ദി വേട്ട; കോയിപ്രയിൽ പിടിച്ചെടുത്തത് 30 കോടിയുടെ മുതൽ; ആ കടൽ നിധിക്ക് പിന്നാലെ മലയാളികളും
തളിപ്പറമ്പ്: നല്ല സുഗന്ധമുള്ള ആഡംബര പെർഫ്യൂം ഏവരുടേയും സ്വപ്നമാണ്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള ആഡംബര പെർഫ്യൂം രൂപപ്പെട്ട് വരുന്നത് തിമിംഗലത്തിന്റെ ഛർദ്ദിയിൽ നിന്നാണ്. ടോം ഫോർഡ്, ഷനേൽ, ഡേവിഡോഫ് തുടങ്ങിയ വൻ കിട ബ്രാൻഡുകളുടെ ആംബർ പെർഫ്യൂമുകൾ ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള പെർഫ്യൂം ഗണത്തിലാണ് വരുന്നത്. ആഡംബര പെർഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ ആംബർഗ്രീസ് 'ഒഴുകുന്ന സ്വർണം' എന്നാണ് അറിയപ്പെടുന്നത്. ഇതിന് കോടികളുടെ വിലയുണ്ട്. ഈ കച്ചവടം കേരളത്തിലും പൊടിപൊടിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ മാതമംഗലം കോയിപ്രയിൽ തിമിംഗിലവിസർജ്യവുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിലായിരുന്നു. ഒൻപത് കിലോയിലധികംവരുന്ന ആംബർഗ്രീസിന് ലോകമാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികൾ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡിൽ കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
കോയിപ്ര സ്വദേശി കെ.ഇസ്മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുൽ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബർഗ്രീസ് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദിൽനിന്ന് ആംബർഗ്രീസ് വാങ്ങിയത്. എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബർഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണനിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതാണ് കേസിനും അറസ്റ്റിനും കാരണം.
സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛർദ്ദി അഥവാ ആംബർ ഗ്രീസ്. കണ്ടാൽ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. എണ്ണത്തിമിംഗലങ്ങളുടെ കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് ഇത്. കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും ആംബർഗ്രീസ് കാണപ്പെടാറുണ്ട്. ഇത് വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.
പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ ആണ് ആംബർഗ്രീസ് എന്ന ഈ അപൂർവ്വ പദാർത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാലാണ് ആംബർഗ്രീസ് കൈവശം വെയ്ക്കുന്നത് കുറ്റകരം ആകുന്നത്. തിമിംഗലങ്ങളുടെ കുടലിലാണ് ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണിത്. അതിനാൽ കട്ടിയുള്ളതും മൂർച്ചയുള്ളതുമായ വസ്തുക്കൾ തിമിംഗലങ്ങളുടെ കുടലിന് കേടുപാടുകൾ വരുത്തുന്നില്ല.
സാധാരണ ഗതിയിൽ ആമ്പർ ഗ്രീസ് മലത്തോടൊപ്പം ആണ് ഈ തിമിംഗലങ്ങൾ പുറത്ത് വിടുക, അതിനപ്പുറം രൂപപ്പെടുന്ന വലിയ ആമ്പർ ഗ്രീസിനെ ഛർദ്ദിച്ചും പുറത്തേക്ക് കളയുന്നു. ഒരു ആയുസ്സു മുഴുവൻ സമ്പാദിച്ചാലും കിട്ടാത്ത അപൂർവ്വ നിധിയാണ് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദ്ദി. ഈ വർഷം തന്നെ മൂന്നോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായി. ഈ മാഫിയയും കേരളത്തിൽ സജീവമാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ