താരമക്കളുടെ സിനിമാപ്രവേശനം ഇപ്പോൾ ട്രെന്റായി മാറുന്ന കാലമാണിത്. ഓരേ കാലഘട്ടത്തിൽ മലയാള സിനിമയിലെത്തിയ പലരുടെ മക്കൾ ആണ് ഇപ്പോൾ സിനിമയിൽ പുതിയതായി ഇടംപിടിച്ചിരിക്കുന്നത്. ദുൽഖറും, പ്രണവും, കാളിദാസും, ഒക്കെ നായകനായി അരങ്ങേറ്റം നടത്തി മലയാള സിനിമയിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരിക്കെ പഴയകാല നടി അംബികയുടെ മകനും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയാണ്.

അംബികയുടെ മകൻ രാംകേശവ് കലാശൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.. തെന്നിന്ത്യയുടെ പ്രിയ നായികയായിരുന്ന അംബികയുടെ മകന് നായികയാകുന്നത് സംവിധായകനായും നായകനായും സ്വഭാവ നടനായുമൊക്കെ തമിഴകത്ത് തരംഗം തീർത്ത ലിവിങ്സ്റ്റണിന്റെ മകൾ ജോവിതയാണ്. അംബികയും കലാശനിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

സുന്ദർ.സിയുടെ അസോസിയേറ്റായിരുന്ന അശ്വിൻ മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാധാ രവി, മുരുകദാസ്, മദൻബാബു, അഭിഷേക്, ഭാനു ചന്ദർ, സായിപ്രിയ എന്നിവരാണ് മറ്റ് താരങ്ങൾ. കലൈതായ് ഫിലിംസിന്റെ ബാനറിൽ പി.സി. ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലായി പൂർത്തിയാക്കും.