- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
കൊച്ചി: ദാമ്പത്യത്തിലെ താളപ്പിഴകളെ കുറിച്ച് മറുനാടൻ നൽകിയ വാർത്തയ്ക്ക് പിന്നാലെ ഭർത്താവ് ആദ്യത്യനെതിരെ ഗുരുതര ആരോപണവുമായി അമ്പിളി ദേവി. എങ്ങനെയാണ് ചതിക്കുഴിയിൽ വീണതെന്നാണ് അമ്പിളി വിശദീകരിക്കുന്നത്. മനോരമയോടാണ് വെളിപ്പെടുത്തൽ. ആദിത്യനുമായുള്ള വിവാഹബന്ധത്തിൽ സംഭവിച്ചതെന്താണെന്ന് അമ്പിളി ദേവി ഇതാദ്യമായി തുറന്നു പറയുന്നു. ഇതോടെ ഈ ദാമ്പത്യം തകർച്ചയിലാണെന്നും വ്യക്തമാകുകയാണ്. അതിഗുരുതരമായ ആരോപണങ്ങളാണ് അമ്പിളി ദേവി അഭിമുഖത്തിൽ പങ്കുവയ്ക്കുന്നത്.
അമ്പിളി ദേവിയുടെ അഭിമുഖം ചുവടെ
ഞാൻ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. വിവാദം എന്നു തീർത്തു പറയാൻ പറ്റില്ല. അതിൽ സത്യങ്ങളുണ്ട്. നിയമപരമായി ഇപ്പോഴും ഞാൻ തന്നെയാണ് ആദിത്യന്റെ ഭാര്യ. ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നത്. അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഞാൻ ഗർഭിണി ആകുന്നതു വരെ. പക്ഷേ, കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. ഞാൻ ഏപ്രിലിൽ ഗർഭിണി ആയതിനു ശേഷം അഭിനയത്തിൽ നിന്നു ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രയൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞു ഒന്നു രണ്ടു മാസത്തിനുള്ളിൽ ലോക്ഡൗൺ ആയി.
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത്. അതെല്ലാം ഞാൻ വിശ്വസിച്ചു. കഴിഞ്ഞ മാർച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതിൽ വലിയ വിഷമം ഉണ്ട്. ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?
ഞാൻ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാൻ സംസാരിച്ചിരുന്നു. അവർ പറയുന്നത് ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. നിയമങ്ങൾ വരെ അവർക്ക് അനുകൂലമാണെന്നാണ് അവർ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഓരോ വാർത്തകൾ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്. കുറെ നാളുകളായി എന്നെ ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും.
ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമായിരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് എന്നെ കുറച്ചു പേർ വിളിച്ച് 'കൺഗ്രാറ്റ്‌സ്, വീണ്ടും പ്രഗ്‌നന്റ് ആയല്ലേ' എന്നൊക്കെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ആദിത്യന്റെ ഫേസ്‌ബുക്ക് കവർ ചിത്രം ഒരു സ്‌കാനിങ് ഫോട്ടോ ആണെന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്. എന്റെ ഒരു ബന്ധുവിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കയറി ആദിത്യന്റെ അക്കൗണ്ട് നോക്കിയപ്പോൾ അവർ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു.
ഈ പെൺകുട്ടിയുടെ പ്രൊഫൈൽ പിക്ചറും ഈ സ്‌കാനിങ് ഫോട്ടോ ആണ്. ഇത് അവർ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവൻ കണ്ടതാണ്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. അവരിപ്പോൾ അബോർഷൻ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല... തൃശൂർ എല്ലാവർക്കും അറിയാം... ഞങ്ങൾ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.
എന്റെ ഭർത്താവിന്റെ ആവശ്യം ഞാൻ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വൽ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യൻ പറയുന്നത്. ഞാൻ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോൾ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു. ഞാൻ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യൻ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്തുതീർപ്പിന് കുറെ ശ്രമിച്ചിരുന്നു. എന്നാൽ ആൾക്ക് ഇപ്പോൾ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്.
അവർക്ക് സ്വസ്ഥമായി ജീവിക്കാൻ ഞാൻ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടിൽ എന്നാണ് ഞാൻ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയിൽ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവർക്കും ഭർത്താവും മകനും ഉള്ളതാണ്. ആ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.
ആദിത്യൻ എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരിൽ വന്നു സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിൽ കുറെ മോശം അഭിപ്രായങ്ങൾ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ... അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്. അച്ഛനും അമ്മയും ഇല്ല. ഒറ്റയ്ക്കാണ്. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് അന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പറഞ്ഞത്.
എന്നെ വിവാഹം ചെയ്യണമെന്നല്ല പറഞ്ഞത്, എന്റെ കുടുംബത്തെ മൊത്തത്തിൽ വേണമെന്നായിരുന്നു ആദിത്യൻ പറഞ്ഞത്. എന്റെ മകനെ കാണാതെ ഇരിക്കാൻ പറ്റില്ല... അത്ര ജീവനാണ് എന്നെല്ലാമായിരുന്നു ആദിത്യൻ പറഞ്ഞുകൊണ്ടിരുന്നത്. അതു കേട്ടപ്പോൾ വിശ്വാസം തോന്നി. എന്റെ മുൻ വിവാഹത്തെപ്പറ്റി വരെ അറിയാവുന്ന ആളായതുകൊണ്ട് പ്രത്യേകിച്ച് വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ വിശ്വസിച്ചിത്. ഗർഭിണി ആവുന്നതു വരെ അത്രയും സ്‌നേഹമായിരുന്നു.
സത്യം പറഞ്ഞാൽ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്‌നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയിൽ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും ... സൈബർ ആക്രമണം നടത്തും. ചവറയിൽ ജീവിക്കാൻ പറ്റില്ല... എന്നിങ്ങനെയുള്ള ഭീഷണിയാണ്.
എനിക്ക് ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്... ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്... അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകൾ എന്റെ കയ്യിലുണ്ട്. അയാൾക്ക് ഇതൊന്നും നിഷേധിക്കാൻ പറ്റില്ല. എന്റെ കയ്യിൽ തെളിവുകളുണ്ട്. ഞാൻ ക്ഷമിക്കാൻ തയ്യാറായിരുന്നു.
പക്ഷേ, എന്നെ വേണ്ടായെന്നു പറയുമ്പോൾ എനിക്ക് ആളെ നിർബന്ധിച്ച് കൂടെ താമസിപ്പിക്കാൻ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകർച്ചയെ അതിജീവിച്ച് വന്നതാണ് ഞാൻ. വീണ്ടും ഒരു തകർച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് ഞാൻ. ആളു ചെയ്യുന്ന പോലെ ചെയ്യാൻ എനിക്ക് പറ്റില്ലമനോരമയോട് അമ്പിളീ ദേവി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ