കോഴിക്കോട്: കാരപറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് ആശുപത്രിയിലെ ആംബുലൻസിൽ ഭക്ഷണം എത്തിച്ചതായി പരാതി. മണിക്കൂറുകൾ മുൻപ് മൃതദേഹം കയറ്റിപ്പോയ ആംബുലൻസിലാണ് മന്ത്രിക്ക് ആഹാരമെത്തിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹോമിയോ കോളേജിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായാണ് മന്ത്രി കോഴിക്കോട് എത്തിയത്. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കായി മലാപ്പറമ്പിലായിരുന്നു ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്.

ബിജെപി ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറ്റേതെങ്കിലും വാഹനത്തിൽ ഭക്ഷണവുമായെത്തിയാൽ ഗതാഗതക്കുരുക്കിൽ പെടുമെന്ന് ഉറപ്പായിരുന്നു.

പിന്നീട് തിരക്കുകളെ മറികടന്ന് മന്ത്രിക്കുള്ള ഭക്ഷണം എത്തിക്കാനായി ആശുപത്രി അധികൃതർ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ആംബുലൻസ് ഉപയോഗിക്കുകയെന്നത്. സംഭവം മാദ്ധ്യമവാർത്തയായതോടെ വിശദീകരണവുമായി അധികൃതരെത്തി. മന്ത്രിയുടെ ഭക്ഷണം വൈകേണ്ടന്നു കരുതിയാണത്രേ ആംബുലൻസിനെ ആശ്രയിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നു വാങ്ങിയ ആംബുലൻസാണെങ്കിലും ഇതുവരെ മൃതദേഹങ്ങൾ കയറ്റിയിട്ടില്ലെന്നുമാണ് വിശദീകരണം.

പൊതുമുതൽ മന്ത്രിക്കായി ദുരുപയോഗം ചെയ്തുവെന്ന് പരിഹസിച്ച് കൊണ്ട് സൈബർ കോൺഗ്രസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ രംഗതെത്തിയിട്ടുണ്ട്. ഇതുതാൻടാ മന്ത്രി എന്ന തലക്കെട്ടോടെയാണ് മന്ത്രിയെ പരിഹസിക്കുന്ന ചിത്രം സൈബർ കോൺഗ്രസ് ഷെയർ ചെയ്തിരിക്കുന്നത്. സംഭവം ഷെയർ ചെയ്തതോടെ മന്ത്രിയേയും ഇത്തരം നടപടികൾ സ്വീകരിച്ച അധികൃതരേയും കണക്കിന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. അധികൃതരുടെ നടപടിക്ക് മന്ത്രിയെ പഴിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല.