അബുദാബി : അടിയന്തര വാഹനങ്ങളിലെ ഡ്രൈവർമാർക്കാകും ഇനി മുതൽ തലസ്ഥാന നഗരത്തിലെ ട്രാഫിക് ലൈറ്റുകളുടെ നിയന്ത്രണമെന്ന് അധികൃതർ. ഇത് പ്രകാരം ആംബുലൻസുകൾ, സൈനിക വാഹനങ്ങൾ, രക്ഷാദൗത്യ വാഹനങ്ങൾ എന്നിവയ്ക്ക് അവരുടെ വാഹനങ്ങളിൽ നിന്ന് തന്നെ നേരിട്ട് സിഗ്‌നലുകൾ നൽകി മുന്നോട്ട് പോകാനാകും. 2014 മാർച്ചിൽ തന്നെ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു.

ഇരുപതോളം സെൻസറുകൾ ഇതിനായി നഗരമെന്പാടും വിന്യസിച്ചു. ആംബുലൻ്സുകൾക്കും മറ്റും മുൻഗണന നൽകുന്ന സംവിധാനമാണിത്. ഇതിന് പുറമെ ഗതാഗതത്തിന്റെ തോത് അനുസരിച്ചും ഇവ പ്രവർത്തിക്കും. ഇതിലൂടെ കാലതാമസവും ഗതാഗത നിരയും കുറയ്ക്കാനാകും. പുതിയ സംവിധാനം നിലവിൽ വരുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ബ്രിട്ടനിൽ സമാനമായ സംവിധാനം നിലവിലുണ്ട്. ബസുകൾക്കാണ് ഇവിടെ മുൻഗണന നൽ്കുന്നത്. പുതിയ സംവിധാനത്തിലുടെ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾക്കും മറ്റും വേഗത്തിൽ എത്തിച്ചേരാനാകും. വാഹനമോടിക്കുന്നവർ അടിയന്തര വാഹനങ്ങളുടെ വരവ് ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. വളരെ വേഗത്തിൽ തന്നെ ഗതാഗതം പൂർവ്വസ്ഥിതിയിലാകാനും ഇത് സഹായിക്കും. നിങ്ങളുടെ തൊട്ടുപിന്നിൽ ആംബുലൻസോ സൈനിക പൊലീസ് വാഹനങ്ങളോ ഉണ്ടെങ്കിൽ അവയ്ക്ക് വഴി നൽകണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ചിലപ്പോൾ ലൈനുകൾ മാറുന്നത് മൂലം അപകടങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ നിതാന്ത ജാഗ്രത പുലർത്തണം. റിയർവ്യൂ മിററിലേക്ക് നോക്കി നിങ്ങളുടെ തൊട്ട് പിന്നിൽ അടിയന്തര വാഹനങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കണം.