- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ; സംഗതി വെറും മതബോധനമാണെന്ന് പറഞ്ഞൊഴിയാൻ എങ്ങനെ കഴിയും, മാഷേ? കഴുത്തിലെ ചെറിയ ഭാഗം കണ്ടപ്പോൾ തുറന്നു വെച്ച വത്തക്ക നിങ്ങൾക്കു ഓർക്കാമെങ്കിൽ, നിങ്ങളുടെ പറച്ചിൽ കേൾക്കുമ്പോൾ നിങ്ങൾ ഉദ്ദേശിച്ചത് അവരുടെ മാറിടങ്ങൾ ആണെന്ന് അവർക്കും തോന്നാം'; അമീറ ഐഷാ ബീഗം എഴുതുന്നു
ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും ന്യായീകരണങ്ങളും ഒരുപാട് കേട്ടു. മതബോധനത്തിനുള്ള സ്വാതന്ത്ര്യം ആണ് ഉപയോഗപ്പെടുത്തിയത് എന്ന് പറഞ്ഞു മാഷെ ന്യായീകരിക്കുന്നവരുണ്ട്. തീർച്ചയായും ശരിയാണ്. സ്വന്തം സമുദായത്തിൽപെട്ടവരെ ഉപദേശിക്കുന്നതിനും നേർവഴിക്കു നടത്തുന്നതിനും ആരും എതിര് നിൽക്കാറില്ല. ഖുർആൻ ക്ലാസുകളും മത പ്രബോധന ക്ലാസുകളും എല്ലായിടത്തും നടന്നു വരുന്നതുമാണ്. അപ്പോൾ ന്യൂനപക്ഷ വിരുദ്ധതാ വാദത്തിന്റെ അനാവശ്യ പ്രിവിലേജ് അവിടെ എങ്ങനെ ബാധകമാവും? പ്രശ്നം ഭാഷ ആണ്. വർണനകൾ ആണ്. സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. അത് ആ മാഷിന്റെ പ്രശ്നം മാത്രമല്ല. സ്ത്രീയുടെ ശരീര ഭംഗിയെ കുറിച്ച് പറയുമ്പോൾ സ്ഥാനത്തും അസ്ഥാനത്തും ഉപമകൾ കടന്നു വരുന്ന അസുഖം അധികവും കണ്ടിട്ടുള്ളത് മദ്രസകാലത്താണ്. ഇഹലോകത്തു നേർവഴിക്കു ജീവിക്കുന്ന പുരുഷന്മാർക്ക് സ്വർഗത്തിൽ ഡസൻകണക്കിനു ഹൂറിമാർ ഉണ്ടാകുമെന്നു പറഞ്ഞു ആൺകുട്ടികളെ പുളകം കൊള്ളിക്കുന്നവരെ അക്കാലത്ത് കണ്ടി
ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ
ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും ന്യായീകരണങ്ങളും ഒരുപാട് കേട്ടു.
മതബോധനത്തിനുള്ള സ്വാതന്ത്ര്യം ആണ് ഉപയോഗപ്പെടുത്തിയത് എന്ന് പറഞ്ഞു മാഷെ ന്യായീകരിക്കുന്നവരുണ്ട്. തീർച്ചയായും ശരിയാണ്. സ്വന്തം സമുദായത്തിൽപെട്ടവരെ ഉപദേശിക്കുന്നതിനും നേർവഴിക്കു നടത്തുന്നതിനും ആരും എതിര് നിൽക്കാറില്ല. ഖുർആൻ ക്ലാസുകളും മത പ്രബോധന ക്ലാസുകളും എല്ലായിടത്തും നടന്നു വരുന്നതുമാണ്. അപ്പോൾ ന്യൂനപക്ഷ വിരുദ്ധതാ വാദത്തിന്റെ അനാവശ്യ പ്രിവിലേജ് അവിടെ എങ്ങനെ ബാധകമാവും?
പ്രശ്നം ഭാഷ ആണ്. വർണനകൾ ആണ്. സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. അത് ആ മാഷിന്റെ പ്രശ്നം മാത്രമല്ല. സ്ത്രീയുടെ ശരീര ഭംഗിയെ കുറിച്ച് പറയുമ്പോൾ സ്ഥാനത്തും അസ്ഥാനത്തും ഉപമകൾ കടന്നു വരുന്ന അസുഖം അധികവും കണ്ടിട്ടുള്ളത് മദ്രസകാലത്താണ്. ഇഹലോകത്തു നേർവഴിക്കു ജീവിക്കുന്ന പുരുഷന്മാർക്ക് സ്വർഗത്തിൽ ഡസൻകണക്കിനു ഹൂറിമാർ ഉണ്ടാകുമെന്നു പറഞ്ഞു ആൺകുട്ടികളെ പുളകം കൊള്ളിക്കുന്നവരെ അക്കാലത്ത് കണ്ടിട്ടുണ്ട്. സ്വാഭാവികമെന്നോണം, എന്നാൽ ചുണ്ടിൽ ഒരു അശ്ലീല ചിരി വരുത്തി, ചുമ്മാ ഒന്ന് കണ്ണിറുക്കി, ഹൂറിമാരുടെ നെഞ്ചളവും തൊലിയുടെ മാർദ്ദവവും കണ്ണുകളിലെ മാദകത്വഭാവവും പറയുന്നവർ. പറയുന്നവർക്ക്, അന്നേരം, കുളിരുകോരിയിട്ടുണ്ടാകുമെങ്കിലും മുന്നിലിരിക്കുന്ന നക്ഷത്രക്കുട്ടികൾക്ക്, മാറിടം വളർന്നു തുടങ്ങിയിട്ടില്ലാത്ത, അതിനെ കുറിച്ചാലോചിക്കാൻ പോലും പാകതയായിട്ടില്ലാത്ത, ഒന്നും ഒന്നും രണ്ടാണോ അതോ ഇമ്മിണി ബല്യ ഒന്നാണോ എന്നാലോചിക്കുന്ന കുഞ്ഞു ബാല്യങ്ങൾക്കു അതത്ര സുഖകരമായിരുന്നിരിക്കില്ല.
ചെറിയ അശുദ്ധി, വലിയ അശുദ്ധി എന്നൊക്കെ പഠിപ്പിക്കുമ്പോൾ എത്രത്തോളം വികലമായ ഇമേജുകളാണ് കുഞ്ഞുമനസിലേക്ക് ഇട്ടു തന്നിട്ടുള്ളത്. സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും വികൃതമായി വിശദീകരിച്ചു നിർവൃതി കൊള്ളുന്നവർ കേൾവിക്കാരുടെ പ്രായം നോക്കിയിരുന്നില്ല. താഴ്ന്നു പോകുന്ന തലകൾ കണ്ടിരുന്നില്ല. തങ്ങളുടെ തരംതാണ ഉപമകളിലും തമാശകളിലും അഭിരമിച്ചു പോയവർക്ക് മനസിലാക്കാൻ പറ്റുന്നതല്ല അത് ഉത്പ്പാദിപ്പിക്കുന്ന അരോചകത. സദസ്സിനെ കയ്യിലെടുക്കുവാനായി മതപ്രഭാഷണ ക്ളാസ്സുകളിലും മറ്റും ഇതേ അഭ്യാസം/ ആഭാസം പയറ്റുന്നവരെ കണ്ടിട്ടുണ്ട്.
അദ്ധ്യാപന പരിശീലനം ലഭിക്കാത്ത, കാര്യമായ ഭൗതിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു തലമുറയിലെ ഉസ്താദുമാരാണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കാം. അവരുടെ പരിമിതികളും. അതിനാൽ, അവർ പറഞ്ഞു പോയതിലെ നെല്ലും പതിരും തിരയുന്നതിൽ അർത്ഥമില്ല. പക്ഷെ അതുപോലെയല്ലല്ലോ, അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന, വിദ്യാസമ്പന്നനായ, കുട്ടികളുടെ മനസ്സ് അറിയുന്ന, ഒരു അദ്ധ്യാപകന്റെ കാര്യം. പഴയ ഉസ്താദുമാരുടെ അതേ ശൈലിയിൽ മസാലപുരട്ടി മതം പഠിപ്പിക്കാൻ ഇറങ്ങിയ ആ അദ്ധ്യാപകൻ പഴയ തലമുറ ഉസ്താദുമാരുടെ അവസ്ഥയിൽ നിൽക്കുന്ന ആളല്ലല്ലോ. അന്ന് അത്തരം മതപ്രഭാഷകർക്കു മുന്നിൽ, അന്തിച്ചിരുന്ന മന:സ്ഥിതിയിൽ നിന്ന് പുറത്തു കടക്കാത്ത ന്യായീകരണ തൊഴിലാളികൾക്കും ആ ആനുകൂല്യം നൽകാനാവില്ലല്ലോ.
അതിനാൽ, സംഗതി വെറും മതബോധനമാണെന്ന് പറഞ്ഞൊഴിയാൻ എങ്ങനെ കഴിയും, മാഷേ? ഉപമകൾ കേൾക്കുന്നവർ തെറ്റിദ്ധരിച്ചതാണെന്ന നിഷ്കളങ്ക വാദവും നിലനിൽക്കില്ല മാഷെ...
ഒരു കാര്യം പറയുമ്പോൾ, അത് കേൾക്കുന്നവരുടെ മനസ്സിൽ എന്ത് തോന്നൽ ഉണ്ടാക്കുമെന്ന ബോധ്യമുണ്ടാകുക വളരെ പ്രധാനമാണെന്ന് ഒരു അദ്ധ്യാപകൻ അറിയേണ്ടതല്ലേ? ചങ്ങായിമാർ സഭ കൂടുമ്പോഴും മറ്റും പറഞ്ഞു ചിരിക്കുന്ന വാക്കുകൾ അതുപോലെ കുടുംബത്തിലും ക്ലാസ് മുറികളിലും പോയി പറയാതിരിക്കുവാനുള്ള വകതിരിവ് അദ്ധ്യാപക പരിശീലനം നൽകുന്ന ആളുകൾക്കു വേണ്ടതല്ലേ?
വിപണിയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്ന ഒരു ചരക്കിനോട് പെണ്ണുടലുകളെ ഉപമിക്കുക. അവർ ശരീരം തുറന്നിട്ടവരാണ് എന്ന് പറയുക. സ്വന്തം വിദ്യാർത്ഥിനികളെ അപമാനിക്കുക. എന്നിട്ട്, ഉദ്ദേശിച്ചത് മാറിനെയല്ല കഴുത്തിനെയാണ് എന്നൊന്നും പറഞ്ഞു ഉരുളുന്നതിൽ അർത്ഥമില്ല. കഴുത്തിലെ ചെറിയ ഭാഗം കണ്ടപ്പോൾ തുറന്നു വെച്ച വത്തക്ക നിങ്ങൾക്കു ഓർക്കാമെങ്കിൽ, നിങ്ങളുടെ പറച്ചിൽ കേൾക്കുമ്പോൾ, നിങ്ങൾ ഉദ്ദേശിച്ചത് അവരുടെ മാറിടങ്ങൾ ആണെന്ന് അവർക്കും തോന്നാം.
മാഷെ, നിങ്ങൾക്ക് ഇസ്ലാമിക വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞു കൊടുക്കാം. ബോധ്യപ്പെടുത്താം. പക്ഷേ, അതിനുപയോഗിക്കേണ്ട ഭാഷ ഇതാണോ? അതിനിത്ര എരിവും പുളിയുമൊന്നും വേണ്ട എന്നറിയാനുള്ള പാകത എന്തുകൊണ്ടാണ് ഇല്ലാതാവുന്നത്? നിങ്ങൾക്ക് ഇപ്പോഴും ഇതിലൊന്നും ഖേദമുണ്ടാവണം എന്നില്ല. വിവാദങ്ങളിൽ പെടുമ്പോൾ ന്യൂനപക്ഷ ഇരവാദവുമായി വരുന്നവരുടെ അനാവശ്യപിന്തുണ നിങ്ങൾക്ക് കിട്ടുന്നുമുണ്ടാകും. അവർക്കു നിങ്ങൾ ധീര യോദ്ധാവുമായിരിക്കും. എന്നാൽ, അങ്ങനെ മൂടിവെച്ചതു കൊണ്ടുമാത്രം ഇല്ലാതാവുന്നതാണോ താങ്കളുടെ സംസാരം ഇളക്കിവിട്ട പ്രശ്നങ്ങൾ?
ഇതുപോലെ ഭീഷണമായ ഒരു ഇന്ത്യനവസ്ഥയിൽ പോലും, സമുദായം നേരിടുന്ന മുഖ്യ പ്രശ്നം സ്ത്രീയുടെ ശരീരം ആണെന്ന് മാത്രം ചിന്തിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ. ഇസ്ലാം സ്ത്രീവിരുദ്ധമാണെന്നു പറയുന്നവർക്ക് സമയാസമയങ്ങളിൽ വെള്ളവും വളവുമിട്ടു കൊടുക്കേണ്ട ബാധ്യത പേറുന്നവർ ആണല്ലോ നിങ്ങൾ? നിലനിൽപ്പു പോലും ബുദ്ധിമുട്ടാവുകയും അന്യവൽകരിക്കപ്പെടുകയും ഇസ്ലാമോഫോബിയ പല തലങ്ങളിൽ വളരുകയും ചെയ്യുന്ന കാലത്ത് അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, പൊതുസമൂഹത്തിനു മുന്നിൽ പെണ്ണുങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള വേവലാതികൾ മാത്രം നിരന്തരം പ്രസരിപ്പിക്കുന്നവർ ഏതുകാലത്തിലാണ് ജീവിക്കുന്നത്?
ഞങ്ങൾ നാല് കെട്ടും, അത് നമ്മുടെ പടച്ചോൻ പറഞ്ഞതാ എന്ന വഷളൻ ചിരിയിൽ ഒരു ഇസ്ലാമിക നിയമത്തെ ഒരു കാലത്ത് പൊതുസമൂഹത്തിൽ അപഹസിച്ചവർക്ക് ഇനിയെപ്പോഴാണ് വെളിവുവരിക? ഞങ്ങളുടെ സ്ത്രീകൾ വാഴക്കുലയെന്നും നിങ്ങളാകുന്ന/ ഞങ്ങളാകുന്ന കാക്കകളും കിളികളും കൊത്താതെ സംരക്ഷിക്കണമെന്നും പറഞ്ഞു വലിയ വായിൽ കരഞ്ഞോണ്ടിരിക്കുകയാണോ ഇനിയും?
ഇസ്ലാമിന്റെ അന്തസ് നിങ്ങളെല്ലാം ചേർന്ന് ഇനിയുമിനിയും ഉയർത്തൂ.
സ്ത്രീകളെ ചാക്കിൽ കെട്ടി പൂട്ടുന്നതോടെ തീരുമല്ലോ ഇക്കാലത്ത് ഈ ദേശത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന എല്ലാ വെല്ലുവിളികളും!