കുവൈറ്റ് സിറ്റി: പൗരത്വം നൽകാനും പിൻവലിക്കാനും ഉള്ള അവകാശം ഭരണഘടനാകോടതിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതിരിപ്പിച്ച കരട് പ്രമേയം പരാജയപ്പെട്ടു. നിലവിൽ പൗരത്വം അനുവദിക്കാനും പിൻവലിക്കാനുമുള്ള അധികാരം മന്ത്രിസഭയ്ക്കാണുള്ളത്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്.

വ്യക്തി വിരോധത്തിന്റെ പേരിൽ സ്വദേശികൾക്ക് അർഹമായ അവകാശങ്ങൾ ഹനിക്കപ്പെടാൻ നിലവിലെ നിയമം അവസരമൊരുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഭേദഗതി നിർദ്ദേശം മുന്നോട്ടുവെച്ചത്. പൗരത്വ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാ കോടതിക്ക് നൽകണമെന്നതായിരുന്നു നിർദേശത്തിന്റെ കാതൽ.

പൗരത്വ നിയമമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ മൂന്ന് എംപിമാർ കുറ്റവിചാരണ നോട്ടീസ് സമർപ്പിച്ചു. കുവൈത്ത് പാർലിമെന്റിലെ ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗീകരിച്ച ഭേദഗതി നിർദ്ദേശം ചൊവാഴ്ച വോട്ടിനിട്ടപ്പോൾ കാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ 36 പേര് എതിർത്തും 27 പേർ അനുകൂലിച്ചും വോട്ടു ചെയ്തു. വോട്ടെടുപ്പിൽ പരാജയപെട്ടതോടെ നിർദ്ദേശംപാർലിമെന്റ് അജണ്ടയിൽ നിന്ന് നീക്കി. പൗരത്വം അനുവദിക്കലും റദ്ദാക്കലും രാജ്യത്തിന്റെ പരമാധികാരത്തിൽ പെട്ട കാര്യമായതിനാൽ ഭരണ നിർവഹണസഭയുടെ പരിധിയിലാണെന്നും ജുഡീഷ്യറിയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും കാബിനറ്റ് കാര്യമന്ത്രി ഷെയ്ഖ്മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് പറഞ്ഞു.

പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം.