വാഷിങ്ടൺ: ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് ജലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആയിരത്തഞ്ഞുറോളം അമേരിക്കക്കാർ അതിർത്തി കടന്ന് കാനഡയിലെത്തി. റാഫ്റ്റിലും ബോട്ടിലുമായി ജലോത്സവത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘമാണ് കാറ്റിൽ കാനഡയിലെത്തിയത്.

അമേരിക്കൻ സംസ്ഥാനമായ മിഷിഗണിനും കാനഡയ്ക്കും ഇടയിലുള്ള സെന്റ് ക്ലെയർ നദിയിൽ നടക്കുന്ന വാർഷിക ജലോത്സവ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയ അമേരിക്കക്കാർക്കാണ് അപ്രതീക്ഷിതമായി അയൽ രാജ്യത്ത് പോകേണ്ടി വന്നത്. കണക്കുകൂട്ടലുകൾ തെറ്റിച്ച് കാനഡയിലെത്തിയ അമേരിക്കക്കാരെ ഒന്റാറിയോ സാർണിയയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തിരിച്ച് സ്വദേശത്തേക്കു മടക്കി അയച്ചു.

മിഷിഗണിലെ പോർട്ട് ഹാരോണിലെ ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നാണ് ജലോത്സവം ആരംഭിക്കേണ്ടിയിരുന്നത്. മേരീസ്വില്ലെയിലെ ക്രിസ്ലർ ബീച്ചിൽ പരിപാടി അവസാനിക്കുകയും ചെയ്യേണ്ടിയിരുന്നതിനിടെയാണ് കാറ്റ് വില്ലനായത്. ശക്തമായ തോതിൽ കാറ്റ് വീശാൻ തുടങ്ങിയതോടെ ജലോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ അവസാനം ഒന്റാരിയോയിലുള്ള സാർനിയ ബീച്ചിൽ എത്തിപ്പെടുകയായിരുന്നു. തണുപ്പിനെ നേരിടാൻ സന്നാഹങ്ങളൊന്നുമില്ലാതിരുന്നതിനാൽ കാനഡയിലെ കൊടുംതണുപ്പിൽ ഇവർ വിറയ്ക്കുകയായിരുന്നു. പിന്നീട് 19 ബസുകളിലായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പക്കൽ ഇവരെ പറഞ്ഞുവിടുകയായിരുന്നു.