സംശയകരമായ സാഹചര്യത്തിൽ ലണ്ടനിലെ പുതിയ യുഎസ് എംബസിക്ക് സമീപം രണ്ട് വാഹനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇതിലൊരു വാൻ പൊലീസ് തകർത്തതായി റിപ്പോർട്ട്. ഇവിടെ കുതിച്ചെത്തിയ ബോംബ് സ്‌ക്വാഡ് നിയന്ത്രിത സ്‌ഫോടനം നടത്തിയതായും സൂചനയുണ്ട്. വാൻ നിർത്തിയിട്ട് സാധനം വാങ്ങാൻ പോയി മടങ്ങി വന്ന തന്റെ ഫോർഡ് വാനിന്റെ ഉടമസ്ഥൻ ടൗസ് ലാർസെൻ (40) തന്റെ വാഹനത്തിന്റെ ഫ്രന്റ് പാസഞ്ചർ വിൻഡോ തകർന്ന് കിടക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്നും റിപ്പോർട്ടുണ്ട്. പുറകിലത്തെ ഡോറും തകർത്തിരുന്നു.

ഇന്നലെ വൈകുന്നേരം 4.38ന് തങ്ങളെ വാൻഡ്‌സ് വർത്തിലുള്ള നൈൻ എംസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് പറയുന്നത്. സംശയരമായ രീതിയിൽ ആളില്ലാതെ രണ്ട് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്ത് കിടക്കുന്നത് കണ്ടതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് മുൻകരുതലെന്നോണം പൊലീസ് ഈ വാഹനങ്ങൾക്ക് ചുറ്റും ഒരു പ്രതിരോധനിര തീർക്കുകയും ചെയ്തിരുന്നു. കൂടാതെ ഇതിനടുത്തുള്ള വെയ്റ്റ്‌റോസ് ഔട്ട്‌ലെറ്റിലെ ഷോപ്പർമാരെ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാർ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

തന്റെ വാഹനത്തിന്റെ വിൻഡോ തകർത്ത് ആരോ മോഷണം നടത്തിയെന്നായിരുന്നു താൻ ആദ്യം ധരിച്ചതെന്നും വാനിന്റെ ഉടമ ടൗസ് ലാർസെൻ പറയുന്നു. തിങ്കളാഴ്ചയായിരുന്നു ലാർസെൻ തന്റെ വാൻ ഈ തെരുവിൽ പാർക്ക് ചെയ്തിരുന്നത്. ഇവിടെ ലണ്ടൻ ആംബുലൻസ് സർവീസും ലണ്ടൻ ഫയർബ്രിഗേഡും മുൻകരുതലെന്നോണം എത്തിയിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. തുടർന്ന് വൈകുന്നേരം അഞ്ചരയോടെ ഇവിടെ ഒരു നിയന്ത്രിത സ്‌ഫോടനം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. ഇതിനെ തുടർന്ന് ആർക്കും പരുക്കൊന്നും പറ്റിയിട്ടില്ലെന്നും തങ്ങൾ ജാഗ്രത പാലിക്കുന്നുവെന്നേയുള്ളുവെന്നും പൊലീസ് പറയുന്നു.

സംഭവത്തെ തുടർന്ന് പോന്റിൻ റോഡ് അടച്ചിരുന്നു. ഇതിന് പുറമെ വൈറ്റ്‌റോസ് സ്‌റ്റോറും കാർപാർക്കും ഒഴിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ലണ്ടനിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ലണ്ടനിലെ എമർജൻസി സർവീസുകൾ കടുത്ത ജാഗ്രതയിലാണ്. ഇതിൽ എട്ട് പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചെറിയ സംശയമുണ്ടായാൽ പോലും വർധിച്ച മുൻകരുതലും പ്രതിരോധവുമാണ് ലണ്ടൻ പപൊലീസ് സ്വീകരിച്ച് വരുന്നത്.