- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ക്‌നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്
ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാർ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോൾ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാർക്കും വൈദികർക്കുമെതിരേ തുറന്ന പോരിന്റെ വക്കിലെത്തി നിൽക്കുകയാണ്. കേരളത്തിനു വെളിയിൽ, പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ക്‌നാനായ സമുദായത്തിന് സ്വന്തമായി ഒരു രൂപത വേണമെന്ന ക്‌നാനായ സമുദായ സംഘടനയായ കെ.സി.സി.എൻ.എയുടെ ആവശ്യം പരിഗണിക്കാത്തതാണ് ഇപ്പോൾ സമുദായ സംഘടനകളും സഭാ നേതൃത്വവും തമ്മിൽ തുറന്ന പോരിലെത്തിയത്. സമുദായത്തിന് അർഹതപ്പെട്ട രൂപത യാഥാർഥ്യമാക്കാൻ ക്‌നാനായ മെത്രാന്മാരോ വൈദികരോ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും മറിച്ച് സീറോ മലബാ
ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാർ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോൾ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാർക്കും വൈദികർക്കുമെതിരേ തുറന്ന പോരിന്റെ വക്കിലെത്തി നിൽക്കുകയാണ്.
കേരളത്തിനു വെളിയിൽ, പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ക്‌നാനായ സമുദായത്തിന് സ്വന്തമായി ഒരു രൂപത വേണമെന്ന ക്‌നാനായ സമുദായ സംഘടനയായ കെ.സി.സി.എൻ.എയുടെ ആവശ്യം പരിഗണിക്കാത്തതാണ് ഇപ്പോൾ സമുദായ സംഘടനകളും സഭാ നേതൃത്വവും തമ്മിൽ തുറന്ന പോരിലെത്തിയത്. സമുദായത്തിന് അർഹതപ്പെട്ട രൂപത യാഥാർഥ്യമാക്കാൻ ക്‌നാനായ മെത്രാന്മാരോ വൈദികരോ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും മറിച്ച് സീറോ മലബാർ സഭാ നേതൃത്വത്തിനു വിധേയപ്പെട്ടുകൊണ്ട് ക്‌നാനായ സമുദായക്കാരുടെ മൊത്തം വികാരമായ സ്വന്തമായി ഒരു രൂപതയും മെത്രാനും എന്ന സ്വപ്‌നത്തിന് സമുദായത്തിലെതന്നെ ആത്മീയ നേതൃത്വം തുരങ്കം വയ്ക്കുകയുമാാണെന്നാണ് ഭൂരിപക്ഷം സമുദായാംഗങ്ങളും ആരോപിക്കുന്നത്.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ എൻഡോഗാമസ് (Endogamous) അഥവാ കലർപ്പില്ലാത്ത രക്തബന്ധത്തിനുടമകളായ സമുദായം എന്ന ഖ്യാതി പുലർത്തുന്ന ക്‌നാനായ സമുദായത്തിന് കേരളത്തിൽ കോട്ടയം കേന്ദ്രീകരിച്ച് ഒരു രൂപതയും ഒരു ആർച്ച് ബിഷപും ഒരു സഹായമെത്രാനും ഒരു വിരമിച്ച ആർച്ച് ബിഷപ്പുമാണുള്ളത്.
കണ്ണൂർ കേന്ദ്രീകരിച്ച് ഒരു മെത്രാനുണ്ടെങ്കിലും അവിടെ മുഴുവൻ സമയ മെത്രാനെ നിയമിച്ചിട്ടില്ല. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ മെത്രാസനത്തിന്റെ ചുമതല സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലാണ്. കോട്ടയം അതിരൂപതയുടെ ചുമതല ആർച്ച് ബിഷപ് മാർ മാത്യു മൂലേക്കാട്ടിലിനാണ്. കൂടാതെ ആർച്ച് ബിഷപ് എമിരറ്റസ് മാർ കുര്യാക്കോസ് കുന്നശേരിയുമുണ്ട്, ഭരണ നിർവഹണകാര്യത്തിൽ.
രക്തബന്ധ കണികകളെന്നപോലെ ഐക്യത്തിന്റെ കാര്യത്തിൽ ചങ്ങലപോലെ കൊളുത്തിപ്പിടിച്ചുകിടക്കുന്ന കെട്ടുറപ്പുള്ള ക്‌നാനായ സമുദായം പരസ്പര സഹായ സഹകരണത്തിന്റെ കാര്യത്തിൽ മറ്റേതു സമുദായത്തെക്കാളും ഏറ്റവും മുമ്പിലാണ്. അതുകൊണ്ടുതന്നെ രക്തത്തിന്റെ കാര്യത്തിൽ ഒരു കണിക അമേരിക്കയിലോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ എത്തുമ്പോൾ പിന്നാലെയുള്ള മുഴുവൻ കണ്ണികളും എത്തിപ്പെടും. അതുകൊണ്ടുതന്നെ സമുദായത്തിന്റെ കേരളത്തിനു പുറത്തുള്ള വളർച്ച അത്ഭുതാവഹമാണ്.
അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിലുള്ള ക്‌നാനായ മക്കളേക്കാൾ കൂടുതൽ പേർ പുറത്തു ജീവിക്കുന്നു എന്നാണ്. ഈ സാഹചര്യത്തിൽ കേരളത്തിനു വെളിയിൽ പ്രത്യേകിച്ച്, അമേരിക്ക കേന്ദ്രീകരിച്ച് ഒരു രൂപത വേണമെന്ന ആവശ്യം കെ.സി.സി.എൻ.എ ഉന്നയിച്ചു. എന്നാൽ, റോമിൽനിന്നു പണ്ട് ലഭിച്ച ഉത്തരവുപ്രകാരം ക്‌നാനായ സഭയ്ക്ക് കേരളത്തിൽ ഒരൊറ്റ രൂപത മാത്രമേ അനുവദനീയമായുള്ളൂ.
ക്‌നാനായ സമുദായത്തിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായ മാർ മാക്കിൽ പിതാവാണ് പരിശുദ്ധ സിംഹാസനത്തിൽ സ്വാധീനം ചെലുത്തി അതുവരെ സീറോ മലബാർ രൂപതകളിൽ ചിതറിക്കിടന്നിരുന്ന ക്‌നാനായ സമുദായാംഗങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഒരു രൂപതയുണ്ടാക്കിയത്. അന്ന്, രക്തബന്ധ കലർപ്പിൽ ചോർച്ചയുണ്ടാകുമെന്ന് കരുതിയാകാം ക്‌നാനായ സമുദായാംഗങ്ങൾ കേരളം വിട്ടെങ്ങും പോയിരുന്നില്ല. പിന്നീട് സമുദായം വളർന്നപ്പോൾ സർവ അതിർവരമ്പുകളും കടന്ന് ഇന്നത്തെ നിലയിൽ ലോകമാന വ്യാപാര പരിപ്യാപ്തിയിലെത്തിച്ചേർന്നു. ഇന്ന് കേരളത്തിലുള്ളവരേക്കാൾ കൂടുതൽ ക്‌നാനായക്കാർ കേരളത്തിന് പുറത്ത് അധിവസിക്കുമ്പോൾ മാക്കിൽ പിതാവ് കൊണ്ടുവന്ന കേരളത്തിനൊരു രൂപത എന്ന ആവശ്യം മതിയാകാതെ വന്നു.
സമുദായത്തിന്റെ വളർച്ചയെത്തുടർന്ന് കേരളത്തിനു പുറത്ത് പ്രത്യേകിച്ച്, അമേരിക്കൻ ഐക്യനാടുകളിൽ ഒരു അനിവാര്യതയെന്നോണം അതിനുള്ള അനുമതിക്കായി സമുദായ ആത്മീയ നേതൃത്വം മുട്ടാത്ത വാതിലുകളില്ല. എൻഡോഗമി അഥവാ കലർപ്പില്ലാത്ത രക്തബന്ധം കാത്തുസൂക്ഷിക്കുക എന്ന പ്രവാസി ക്‌നാനായർക്കിടയിലെ ശ്രമകരമായ ദൗത്യം നടപ്പിലാക്കുക ഏറെ ആയാസകരമായിരിക്കെ, ഒരു രൂപതയും മെത്രാനും എന്നതിൽക്കുറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന തീരുമാനത്തിൽ ക്‌നാനായ സമുദായ സംഘടനയായ കെ.സി.സി.എൻ.എ ഉറച്ചു നിൽക്കുന്നു.
അതേസമയം, സഭാ നേതൃത്വത്തിന്റെ ചട്ടക്കൂടിൽ നിൽക്കേണ്ടതുള്ളതുകൊണ്ട് ക്‌നാനായ ബിഷപുമാർക്കും വൈദികർക്കും സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ ധിക്കരിക്കാനാവില്ല. കേരളത്തിനു വെളിയിൽ പുതിയൊരു രൂപത അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് സീറോ മലബാർ സഭാ നേതൃത്വം. സ്വതന്ത്ര ഭരണാവകാശമുള്ള സീറോ മലബാർ നേതൃത്വത്തിന്റെ നിലപാടുകളെ എതിർക്കാൻ റോമിനുമാവില്ല. ഈ ഘട്ടത്തിൽ അക്ഷരാർഥത്തിൽ വിഷമസന്ധിയിലായിരിക്കുന്നത് ക്‌നാനായ സമുദായത്തിന്റെ ആത്മീയ നേതൃത്വമാണ്. അവർക്ക് കക്ഷത്തിലുള്ളത് കളയാനും വയ്യ ഉത്തരത്തിലുള്ളത് എടുക്കുകയും വേണമെന്ന സ്ഥിതിയാണ്.
റോമിൽനിന്നുള്ള ഡിക്രി (ഉത്തരവ്) ഇക്കാര്യത്തിലെ സുതാര്യത വ്യക്തമാക്കുന്നുമുണ്ട്. ഇതിനൊരു മാറ്റം വരണമെങ്കിൽ റോമിൽനിന്നു പുതിയ നിയമഭേദഗതിയോടെ പുതിയ ഡിക്രി പുറപ്പെടുവിക്കണം. സീറോ മലബാർ സഭാനേതൃത്വത്തിന്റെ ശിപാർശയില്ലാതെ ഇക്കാര്യം നടക്കാൻ പോകുന്നുമില്ല. ഇക്കാര്യത്തിലാകട്ടെ, വിപരീത നിലപാടിലാണ് സീറോ മലബാർ നേതൃത്വവും. ആദ്യം സഭ, പിന്നീടു മതി സമുദായവും കലർപ്പില്ലാത്ത രക്തവും മറ്റുമൊക്കെയെന്നാണ് സീറോ മലബാർ സഭാ നേതൃത്വം. മാത്രവുമല്ല, പലയിടങ്ങളിലും സീറോ മലബാർ സഭയേക്കാൾ കൂടുതൽ ആസ്തിയും പള്ളികളും ക്‌നാനായ സമുദായത്തിനുണ്ട്. ഇവയിൽ പലതും ക്‌നാനായ സെന്ററുകൾ എന്ന പേരിൽ അതാത് ലോക്കൽ കമ്മിറ്റികളുടെ പേരിലാണുള്ളത്. ഇവയെല്ലാം പള്ളികളായി രജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്വാഭാവികമായും അതിന്റെ ഉടമസ്ഥാവകാശം സീറോ മലബാർ സഭയുടെ കീഴിലുള്ള രൂപതകളുടെ അധീനതയിലായി മാറും. അപ്പോൾ തങ്ങൾ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി നിർമ്മിച്ച സ്വത്തുക്കൾ പൊതുവിൽ സീറോ മലബാർ സഭയുടേതായി മാറുമെന്നാണ് ക്‌നാനായ സമുദായം ഭയപ്പെടുന്നത്.
എന്നാൽ, ഇത് നാട്ടുനടപ്പാണെന്നും സമുദായത്തിനു മുകളിലാണ് സഭ എന്നുമുള്ളതിനാൽ സമുദായത്തിന്റെ പള്ളികളുടെ ഉടമസ്ഥ - ഭരണാവകാശം സീറോ മലബാർ സഭയുടേതാണെന്ന ഉറച്ച നിലപാടിലാണ് സഭ. എൻഡോഗമിയൊക്കെ അങ്ങ് കേരളത്തിൽ മതിയെന്നും ഇവിടെ അമേരിക്കയിൽ പ്രത്യേക സാഹചര്യത്തിൽ യുവതീയുവാക്കളെ എൻഡോഗമി കാത്തുപാലിക്കാൻ നിർബന്ധിക്കാനാവില്ലെന്നുമാണ് സഭാ നേതൃത്വം. ഇതിനായി സഭാ നേതൃത്വം സമുദായ ആത്മീയ നേതൃത്വത്തിൽ കടുത്ത സമ്മർദം ചെലുത്തി വരികയാണ്. ആത്മീയ നേതൃത്വത്തിനാകട്ടെ, സഭാ നേതൃത്വത്തിനു വിധേയപ്പെടേണ്ടതുകൊണ്ട് ഉത്തരവ് തള്ളിക്കളയാൻ കഴിയില്ല.
കാനോനിക നിയമപ്രകാരം സഭയുടെ ഉത്തരവ് സമുദായത്തിലെ മെത്രാന്മാരും, മെത്രാന്മാരുടെ ഉത്തരവ് വൈദികരും, വൈദികരുടെ ഉത്തരവ് അത്മായരും പാലിക്കണമെന്നാണ്. എന്നാൽ ആത്മീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാടിനോട് അണുവിട യോജിക്കാൻ തയാറല്ലെന്ന ശക്തമായ നിലപാടിലാണ് ഭൂരിപക്ഷം സമുദായാംഗങ്ങളും. അതിനുള്ള തെളിവാണ് സമുദായം ഓരോ ദൈവവർഷത്തിലും നടത്തിവരാറുള്ള കെ.സി.സി.എൻ.എ ദേശീയ സമ്മേളനത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സീറോ മലബാർ സഭയുടെ അറിവോടെ ആത്മീയ നേതാക്കളുടെയും സമുദായത്തിലെ ചില വിഘടന ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടത്താനിരുന്ന ബദൽ സമ്മേളനം രജിസ്‌ട്രേഷൻ പോലും തുടങ്ങാൻ കഴിയാതെ എട്ടുനിലയിൽ പൊട്ടിയത്. സമുദായാംഗങ്ങൾ ആരും തന്നെ രജിസ്‌ട്രേഷൻ നടത്താതെ നിസഹകരിക്കുകവഴി രജിസ്‌ട്രേഷൻ ഇടപാടുകൾ തന്നെ അവതാളത്തിലായിരുന്നു.
അതിനു പുറമേയാണ് കലർപ്പില്ലാത്ത രക്തത്തിനുടമകൾ (Endogamous) എന്ന് അറിയപ്പെടുന്ന സമ്മേളനത്തിലേക്ക് ദത്തെടുത്ത ഒരുകുട്ടിയുമായി ഒരു കുടുംബം രജിസ്‌ട്രേഷനു വന്നത്. ഇവർ രജിസ്റ്റർ ചെയ്താൽ കേസിന്റെ നൂലാമാലകളുടെ പരമ്പരതന്നെ ഉണ്ടാകുമെന്ന് ഭയപ്പെട്ട് ആത്മീയ നേതൃത്വം സമ്മേളനം തന്നെ വേണ്ടെന്നു വച്ച് ഷിക്കാഗോയിൽ മാത്രമായി ഫാമിലി കോൺഫറൻസ് നടത്താൻ തീരുമാനിച്ച് തടിതപ്പുകയായിരുന്നു.
രക്തക്കലർപ്പിനെത്തുടർന്ന് സമുദായത്തിൽ വിലക്കു കല്പിക്കപ്പെട്ടവരുടെ സംഘടനയായ കാന (KANA) യുടെ പിന്തുണയും അത്മായ നേതൃത്വത്തിനുണ്ടായിരുന്നു. കാനക്കാരെയും കെ.സി.സി.എൻ.എയുടെ കോൺഫറൻസിൽ പങ്കെടുപ്പിക്കണമെന്നാണ് സീറോ മലബാർ സഭാ നേതൃത്വത്തിന്റെയും അവരുടെ ചുവടുപിടിച്ച് ക്‌നാനായ ആത്മീയ നേതൃത്വത്തിന്റെയും നിലപാട്. തങ്ങൾക്ക് സ്വന്തമായി ഒരു രൂപതയും ഒരു മെത്രാനേയും വേണമെന്ന നിലപാട് നേടിയെടുക്കുന്നതിൽ കെ.സി.സി.എൻ.എയും സമുദായ നേതൃത്വവും നയപരമായി പരാജയപ്പെട്ടുവെന്നുവേണം വിലയിരുത്താൻ. ഇക്കാര്യത്തിൽ റോമിൽ പിടിപാടുള്ള നയതന്ത്രബന്ധമുള്ള കർദ്ദിനാൾമാരെയോ, മെത്രാന്മാരെയോ, വൈദികരെയോ ഇടപെടുത്തി വളരെ തന്ത്രപരമായി നയതന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുപകരം സീറോമലബാർ സഭയ്‌ക്കെതിരേ വളരെ പ്രകോപനപരമായ തരത്തിൽ പ്രസ്താവന യുദ്ധങ്ങൾ നടത്തി സമുദായാംഗങ്ങൾ സ്വയം കുഴിതോണ്ടുകയാണ് ചെയ്തുവരുന്നത്.
ഇവിടെ വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് എന്ന തരത്തിൽ ഓരോരുത്തരും ഇ -മെയിൽ, സോഷ്യൽ മീഡിയ വഴി പ്രസ്താവനാ യുദ്ധങ്ങൾ നടത്തിവരികയാണ്. സീറോ മലബാർ സഭയുടെ കീഴിൽ (വിധേയപ്പെട്ട്) നിന്നുകൊണ്ടുതന്നെ സഭാ നേതൃത്വത്തെ അടച്ചാക്ഷേപിക്കുകയും സമുദായത്തിലെതന്നെ പിതാക്കന്മാരെയും വൈദികരെയും യാതൊരു ബഹുമാനവുമില്ലാതെ തരം താഴ്ന്ന വാക്കുകളുപയോഗിച്ച് ഭത്സിക്കുകയും ചെയ്യുന്ന സമുദായ ശ്രേഷ്ഠർ അല്പം പ്രതിപക്ഷ ബഹുമാനം കാണിച്ചിരുന്നുവെങ്കിൽ ഈ പ്രശ്‌നം വളരെ നയപരമായി കൈകാര്യം ചെയ്യാമായിരുന്നു.
നിലവിലുള്ള നിയമപ്രകാരം ക്‌നാനായ സമുദായത്തിന് പുതുതായി ഒരു രൂപതയോ മെത്രാനെയോ ലഭിക്കുകയില്ലെന്ന് സമുദായത്തിലെ ഓരോ കൊച്ചുകുഞ്ഞിനുവരെ അറിയാം. തങ്ങളുടെ പൂർവികർ കാട്ടിയ ബുദ്ധിശൂന്യതയും ദീർഘവീക്ഷണമില്ലായ്മയുമാണ് സംഗതികൾ ഈ നിലയിൽ എത്തിച്ചത്. ഈ സാഹചര്യത്തിൽ ഏറെ ഡിപ്ലോമാറ്റിക് ആയി തന്ത്രങ്ങൾ മെനയുകയായിരുന്നു വേണ്ടിയിരുന്നത്. പകരം എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉമ്മാക്കി കയ്യിലെടുത്ത് പരസ്പരം ചെളിവാരിയെറിയൽ കലാപരിപാടി തുടർന്നുകൊണ്ടിരിക്കുകയാണ്, മലർന്നു കിടന്നു തുപ്പുന്നതിന് തുല്യമാണെന്ന് വൈകിയെങ്കിലും സമുദായ നേതൃത്വം മനസിലാക്കേണ്ടതുണ്ട്. രണ്ടു വർഷങ്ങൾ കൂടുമ്പോൾ ജനബാഹുല്യംകൊണ്ട് ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന സമ്മേളനങ്ങൾ നടത്തി, കമ്മിറ്റികൾ രൂപീകരിച്ച് പബ്ലിസിറ്റി സൃഷ്ടിച്ചതല്ലാതെ ഇക്കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ സമദുായത്തിനുവേണ്ടി എന്തു നേടി എന്ന് സംഘടനാ നേതൃത്വം ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇനിയും വൈകിയിട്ടില്ല, ശൈലി മാറ്റിയാൽ തീരാവുന്ന പ്രശ്‌നങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ.