ഡാലസ്: ജൂൺ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. പി. ഹരികുമാറിനൊപ്പം' എന്ന പേരിലായിരിക്കും നടത്തുക. മലയാള ഭാഷാ സാഹിത്യത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. പി. ഹരികുമാർ. അദ്ദേഹത്തിന്റെതായി ധാരാളം ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങൾ മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളിയും മലയാള ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുകയും ആദരിക്കുകയും അതിന്റെ വളർച്ചയ്ക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുരോഗമന ശാസ്ത്രകുതുകിയാണ് ഹരികുമാർ. അന്തരിച്ച ജനപ്രിയ കവി അയ്യപ്പന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പൻ ട്രസ്റ്റ്, മലയാള പുസ്തക പ്രസിദ്ധീകരണ മേഖലയിൽ പുതിയ പരീക്ഷണങ്ങളുമായി പ്രവേശിച്ചിരിക്കുന്ന 'പുലിസ്റ്റർ ബുക്‌സ്' എന്നിവയുടെ പ്രതിനിധി കൂടിയാണ് ഡോ. പി. ഹരികുമാർ.

ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും, ഡോ. പി. ഹരികുമാറിനെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനും, അയ്യപ്പൻ ട്രസ്റ്റ്, പുലിസ്റ്റർ ബുക്‌സ് എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാനും അദ്ദേഹവുമായി നേരിട്ട് സംസാരിക്കുവാനും, അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ വിശദമായി ചിന്തിക്കുവാനും, ചർച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2017 മെയ് ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ജോയൻ കുമരകത്തിനൊപ്പം' എന്ന പേരിലാണ് നടത്തിയത്. മലയാള സാഹിത്യത്തിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരനായ ജോയൻ കുമരകത്തിന്റെതായി ധാരാളം പുസ്തകങ്ങൾ മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളിയും ഇപ്പോൾ കാലിഫോർണിയയിൽ സ്ഥിരതാമാസക്കാരനുമാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് എൺമ്പതാം പിറന്നാൾ ആഘോഷിച്ച ജോയൻ കുമരകം. ഭാഷാസ്‌നേഹിയായ ജോയൻ കുമരകം ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ഉദാഹരണ സഹിതം വിവരിക്കുകയുണ്ടായി. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ ജീവിതാന്ത്യം ചിലവഴിക്കുന്ന ജോയൻ കുമരകത്തിനെക്കുറിച്ച് കൂടുതൽ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ചർച്ചകളും വളരെ പ്രയോജനകരമായിരുന്നു.

ഡോ. എൻ. പി. ഷീല, ഡോ. തെരേസ ആന്റണി, തമ്പി ആന്റണി, പ്രേമ തെക്കെക്ക്, ഡോ. രാജൻ മർക്കോസ്, ബിനോയ് സെബാസ്‌റ്യൻ, കോട്ടയം കുഞ്ഞുമോൻ, തോമസ് കെ, വർഗീസ്, അറ്റോർണി മാത്യു വൈരമൺ, മാത്യു നെല്ലിക്കുന്ന്, ജോളി കുര്യൻ, വർഗീസ് എബ്രഹാം ഡെൻ വർ, രാജു തോമസ്, യു. എ. നസീർ, സജി കരിമ്പന്നൂർ, പി. ടി. പൗലോസ്, അലക്‌സ് കോശി വിളനിലം, വർഗീസ് സ്‌കറിയ, ജോൺ തോമസ്, തോമസ് ഫിലിപ്പ് റാന്നി, കുരുവിള ജോർജ്ജ്, ജോസഫ് മാത്യു, ജേക്കബ് കോര, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269