മേരിക്കൻ വിസ ആവശ്യപ്പെടുന്ന ചില വിദേശ സഞ്ചാരികളിൽനിന്ന് അഞ്ചുവർഷത്തെ സോഷ്യൽ മീഡിയ ഇടപെടലുകളുടെ ചരിത്രമുൾപ്പെടെയുള്ളവ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ഷെയർ ചെയ്തതും ലൈക്ക് ചെയ്തതുമായ കാര്യങ്ങളുടെ കോപ്പിയെടുത്ത് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ, ജോലി-യാത്ര വിവരങ്ങളും ഇമെയിൽ വിലാസങ്ങളും കോൺടാക്ടിലുള്ള ഫോൺ നമ്പറുകളുമൊക്കെ നൽകിയാലേ വിസ പരിഗണിക്കൂ.

സഞ്ചാരികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയതാണ് പുതിയ നിബന്ധനകൾ. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. എന്നാൽ, പൊതുജനാഭിപ്രായം എന്തായാലും മെയ് 18 മുതൽ ആറുമാസത്തേക്ക് ഈ നിബന്ധനകൾ പാലിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

ഭീകരരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലൂടെ യാത്ര ചെയ്തിട്ടുള്ളവർക്കാണ് വിസ പരിഗണിക്കുന്നതിന് ഇത്തരം വിശദാംശങ്ങൾ നൽകേണ്ടിവരിക. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഇതെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ലോകമെമ്പാടുനിന്നും അമേരിക്കൻ വിസയ്ക്കായി അപേക്ഷിക്കുന്ന അരശതമാനം പേരെ മാത്രമേ പുതിയ തീരുമാനം ബാധിക്കൂവെന്നും ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ വിവരങ്ങൾ കോപ്പിയെടുത്ത് നൽകിയാൽ മതിയാകും. പാസ്‌വേഡോ മറ്റോ ഷെയർ ചെയ്യേണ്ട കാര്യമില്ല. ആരുടെയും സ്വകാര്യതയ്ക്ക് ഇത് ഭീഷണിയാകില്ലെന്ന് യു.എസ. കോൺസുലർ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം മുതൽ ചില വിസ അപേകേഷകരിൽനിന്ന് സോഷ്യൽ മീഡിയ വിവരങ്ങൾ അധികൃതർ ആവശ്യപ്പെടാറുണ്ട്.

പുതിയ നിബന്ധനകളനുസരിച്ച് വിവരങ്ങൾ കൈമാറേണ്ടവർ, 15 വർഷത്തെ ജോലി-യാത്രാ വിവരങ്ങളും സമർപ്പിക്കണം. അതിന് പുറമെ, ബന്ധുക്കളുടയും മറ്റും പേരും ജനനത്തീയതിയും നൽകണം. ഇപ്പോഴത്തെയും മുമ്പത്തെയും പങ്കാളികളുടെ വിവരങ്ങളും കുട്ടികളുടെ വിവരങ്ങളും ഇതോടൊപ്പം ചേർക്കണം. സംശയം തോന്നുന്നവരുടെ കുടുംബാന്തരീക്ഷം മനസ്സിലാക്കുന്നതിനാണിതെന്ന് അധികൃതർ പറഞ്ഞു.