മുക്കം: കഴിഞ്ഞ 38 വർഷത്തിനിടയിൽ പഠിച്ചിറങ്ങിയ ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയയിലെ ആയിരത്തോളം പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും ഒരിക്കൽ കൂടി ഓർമയുടെ തിരുമുറ്റത്ത് സംഗമിച്ചു. കഥകൾ പറഞ്ഞും പാടിയും അവർ പഴയകാല ഓർമകൾ അയവിറക്കി. 1979 ൽ സ്ഥാപിതമായ മദ്റസയുടെ 38-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായയാണ് 'ഓർമയുടെ തീരങ്ങളിൽ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

'നിദാ മഅ്വ' നഗരിയിൽ നടന്ന സംഗമം മഹല്ല് ഖത്വീബ് പി.കെ അബ്ദുല്ലാഹി ഉദ്ഘാടനം ചെയ്തു. കുടുംബ സംസ്‌കരണം എന്ന വിഷയത്തിൽ വി.പി ശൗക്കത്തലി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രഥമ പ്രധാനാധ്യാപകൻ കെ.എൻ അലി മൗലവി അധ്യക്ഷത വഹിച്ചു. പഴയകാല അദ്ധ്യാപകരായ ഹംസ മൗലവി ലക്കിടി, എ. അബൂബബക്കർ മൗലവി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

പൂർവ വിദ്യാർത്ഥികളുടെ ഉപഹാരമായി മദ്റസക്കു നിർമ്മിച്ചു നൽകുന്ന സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രഖ്യാപനം പ്രധാനാധ്യാപകൻ പി. ശിഹാബുൽ ഹഖും ഫണ്ട് ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയായ ടി.ഇർഷാദും നിർവഹിച്ചു.ബി.ആർ അംബേദ്കർ സംസ്ഥാന പുരസ്‌കാരം നേടിയ പൂർവ അദ്ധ്യാപകനായ പത്രപ്രവർത്തകൻ ഷെബീൻ മെഹബൂബിനെയും ഗിന്നസ് ജേതാവ് പൂർവ വിദ്യാർത്ഥി കാർട്ടൂണിസ്റ്റ് എം ദിലീഫിനെയും ചടങ്ങിൽ ആദരിച്ചു.

അകാലത്തിൽ വിട്ടുപിരിഞ്ഞ പൂർവ വിദ്യാർത്ഥികളായ മുനീർ മാവായിൽ, ചേറ്റൂർ നാസർ, ആയിശ പാലാട്ട്, ഇർഫാന എന്നിവരുടെ ഓർമകൾ പി അബ്ദുസത്താർമാസ്റ്റർ അനുസ്മരിച്ചത് സഹപാഠികളുടെ കണ്ണുനനയിച്ചു. പി. ശാഹിന, നസ്റുല്ല എളമ്പിലാശ്ശേരി, ബാവ പവർവേൾഡ്, മുജീബ് മാവായിൽ എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് അബ്ദുൽ കലാം, സലാം നീരൊലിപ്പിൽ, ഷാഹിൽ, സാബിത്ത്, മുജീബ് പുതിയോട്ടിൽ നേതൃത്വം നൽകി. പൂർവവിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനവിരുന്നും ഖവാലിയും അരങ്ങേറി. പുതിയോട്ടിൽ മുഹമ്മദ് സ്വാഗതവും യഹ്യ കമ്മുക്കുട്ടി നന്ദിയും പറഞ്ഞു.