ലണ്ടൻ: യുകെയിലെ ഏറ്റവും പ്രശസ്തരായ മലയാളി ആരെന്നതു അടുത്തിടെ യുകെ മലയാളികൾക്കിടയിൽ ചേരിതിരിഞ്ഞ തർക്കം നടന്നെങ്കിലും യുകെയിലെ പ്രശസ്ത മലയാളി മാത്രമല്ല ഏറ്റവും അറിയപ്പെടുന്ന ഇന്ത്യക്കാരുടെ ലിസ്റ്റിൽ പോലും ഒന്നാം സ്ഥാനത്താണ് അമിക ജോർജ് എന്ന പെൺകുട്ടി. നാലു വർഷം മുൻപ് സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കെ ആർത്തവത്തെ കുറിച്ചു സംസാരിചാണ് അമിക ലോക ശ്രെദ്ധയിലേക്കു പൊടുന്നനെ എത്തുന്നത് . അതുവരെ ആരും കാര്യമായി ഗൗനിക്കാതിരുന്ന എന്നാൽ ദശലക്ഷക്കണക്കിനു പെൺകുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയം എന്ന നിലയിൽ ബ്രിട്ടനിലെ സ്‌കൂളുകളിൽ സൗജന്യമായി സാനിറ്ററി നാപ്കിൻ ലഭ്യമാക്കത്തക്ക തരത്തിൽ ഉള്ള വിപ്ലവകരമായ മാറ്റമാണ് അമികയിലൂടെ സംഭവിച്ചത് . ഈ വിഷയത്തിൽ അമിക തുടക്കമിട്ട ഓൺലൈൻ പരാതി ഒടുവിൽ പാർലിമെന്റിൽ വരെ ചർച്ചയായി . പിന്നീടങ്ങോട്ട് പഠനത്തിനൊപ്പം സ്ത്രീ സഹജമായ സാമൂഹിക വിഷയങ്ങളിൽ കൂടി ഇടപെട്ടു തുടങ്ങിയ അമിക വളരെ പെട്ടെന്നാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ സാമൂഹിക പ്രവർത്തകയായി പേരെടുത്തതു.

അമേരിക്കയിൽ നിന്നും ഇതേവിധത്തിൽ മികവ് കാട്ടിയ ഗ്രെയ്റ്റ ട്യോൻബെർഗ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാർഷിക സമരത്തിൽ അഭിപ്രായം വക്തമാക്കിയതിനെ തുടർന്ന് ലോക ശ്രദ്ധയിൽ ഇടം പിടിച്ചപ്പോൾ ബ്രിട്ടനിൽ അമിക വീണ്ടും വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് . ഇക്കഴഞ്ഞ ജനുവരി 21 നു പുറത്തിറങ്ങിയ അമിക്കയുടെ മെയ്ക് ഇറ്റ് ഹാപ്പൻ എന്ന പുസ്തകമാണ് ഇപ്പോൾ ചൂടുള്ള സംസാര വിഷയം . ഭാവിയിലേക്ക് പ്രതീക്ഷയുള്ള ചെറുപ്പക്കാരാണ് നിങ്ങൾ എങ്കിൽ ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം എന്നാണ് പുസ്തകത്തെ കുറിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെടുന്നത് . അമികയുടെ പുസ്തകത്തെ കുറിച്ച് ഇതിനകം അനേകം മികച്ച റിവ്യൂകൾ എത്തിക്കഴിഞ്ഞു , പുസ്തകം വിപണിയിലും ചൂടപ്പം പോലെ വിറ്റുപോകുകയാണ് . ഇതേതുടർന്ന് തന്നെ കേൾക്കാൻ ഇഷ്ട്ടപ്പെടുന്നവർക്കായി അമിക ഇന്ന് ഓണ്‌ലൈൽനിൽ ചർച്ചക്ക് എത്തുകയാണ് .

ലോകത്തിന്റെ ഏതുഭാഗത്തു നിന്നും ഈ ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാം . ബ്രിട്ടീഷ് സമയം വൈകുനേരം ഏഴുമണിക്കാണ് അമിക ദി ഗാർഡിയൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ സംവദിക്കാൻ എത്തുക . ഈ സംവാദത്തിൽ പങ്കെടുക്കാൻ 5.72 പൗണ്ട് ചിലവുണ്ട് എന്നതും മുൻകൂട്ടി ബുക്ക് ചെയ്യണം എന്നതും പ്രധാനമാണ് . തന്റെ പുസ്തകത്തെ കുറിച്ച് തന്നെയാകും അമിക പറയുക . അമിക്കയോടൊപ്പം യുവ ആക്ടിവിസ്‌റ് അദോഹ അബൊഹായും ചർച്ചയിൽ ഉണ്ടാകും.

ആർത്തവ സമയത്തു ഉപയോഗിക്കാനുള്ള സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം ഇല്ലാതെ പോലും വികസിത രാജ്യമായ ബ്രിട്ടനിൽ പെൺകുട്ടികൾക്ക് സ്‌കൂളിൽ എത്താൻ കഴിയാറില്ല എന്ന അമികയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് രാജ്യം കേട്ടത് . തുടർന്ന് അതൊരു കൊടുംകാറ്റ് പോലെയാണ് നാലു വര്ഷം മുൻപ് ബ്രിട്ടൻ ഏറ്റെടുത്തതു . അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം സമൂഹത്തിന്റെ മുന്നിലേക്ക് എത്തിച്ചതിലൂടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും അമികയിലായി . ഒടുവിൽ സ്‌കൂളുകൾക്ക് പ്രത്യേക ഫണ്ട് അനുവദിചാണ് സർക്കാർ അമിക ഉയർത്തിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത് .

വെറും അഞ്ചു വര്ഷം കൊണ്ട് ഒരു സാധാരണക്കാരിയായ പെൺകുട്ടിയിൽ നിന്നും ലോകമറിയുന്ന വനിതയായി മാറിയിരിക്കുന്ന ജീവിത യാത്ര തന്നെയാകും അമിക ഏതുവേദിയിലും പ്രധാനമായും പങ്കുവയ്ക്കാൻ ആഗ്രഹിക്കുക . സാമൂഹ്യമാറ്റത്തിനായി ഒരാൾക്ക് എങ്ങനെ സ്വയം മാറാം എന്നതിന്റെ വെക്തമായ രൂപമാണ് അമിക തന്റെ പുസ്തകത്തിലൂടെ വരച്ചിടുന്നത് . നോബൽ സമ്മാന ജേതാവായ മലാല യൂസഫ് എങ്ങനെ തന്റെ സമൂഹത്തിൽ ഒരു മാറ്റത്തിനു കാരണമായി എന്നതടക്കമുള്ള കാര്യങ്ങൾ ഈ പുസ്തകത്തിൽ പറയുന്നുണ്ട് . മോഡലും മെന്റൽ ഹെൽത് ആക്ടിവിസ്റ്റുമായ അദോഹ അബോഹയെയും അമിക തന്റെ പുസ്തകത്തിൽ വിശദമായി അവതരിപ്പിക്കുന്നുണ്ട്.

പോസിറ്റീവ് ചിന്താഗതി വളർത്താൻ അടുത്തകാലത്ത് ഇറങ്ങിയതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന പുസ്തകം എന്നാണ് മെയ്ക് ഇറ്റ് ഹാപ്പെൻ വിലയിരുത്തപ്പെടുന്നത് . ഓൺലൈൻ വഴി 15.50 പൗണ്ടിന് ഈ പുസ്തകം വാങ്ങാൻ കഴിയും . ലോക പ്രശസ്തരായ എച് ക്യൂ , ഹാർപ്പർ ആൻഡ് കോളിൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. കഴിഞ്ഞ രണ്ടു വർഷത്തെ അമികയുടെ പ്രയത്‌ന ഫലമാണ് ഈ പുസ്തകം . കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിദ്യാർത്ഥിനിയാണ് അമിക ജോർജ്.