പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മാതാവ് എല്ലാം കരുതികൂട്ടി ചെയ്തതാണെന്ന നിഗമനത്തിൽ പൊലീസ്. ഇതിനായി കൃത്യമായ മുന്നൊരുക്കം അവർ നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച കത്തി തന്നെ ഇവർ വളരെ തന്ത്രപരമായാണ് സംഘടിപ്പിച്ചത്. മകനെ കൊല്ലാൻ പിതാവിനെ കൊണ്ടാണ് ഷാഹിദ കത്തി വാങ്ങിപ്പിച്ചത്. ഇതിന് വേണ്ടി കറിക്കത്തിക്ക് മൂർച്ചയില്ലെന്നും ഇവർ ഭർത്താവ് സുലൈമാനോട് പഞ്ഞു.

മകനെ കൊലപ്പെടുത്താൻ കത്തി വാങ്ങിപ്പിച്ചത് ഭർത്താവ് സുലൈമാനെ കൊണ്ടെന്ന് മാതാവ് ഷാഹിദ പൊലീസ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീൽ കത്തി ഉപയോഗിക്കാൻ വിഷമമാണെന്നും അതിനാൽ ഇരുമ്പിൽ തീർത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താൻ ഭർത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

സുലൈമാൻ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളിൽ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇന്നലെ മൊഴിയെടുക്കുമ്പോഴെല്ലാം താൻ ചെയ്തത് ശരിയാണെന്ന ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഷാഹിദ പ്രതികരിച്ചിരുന്ന തെന്നാണ് അറിയുന്നത്.
സ്റ്റേഷനിൽ പ്രാർത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങൾ പൊലീസ് ഏർപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ച മുമ്പ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നിൽ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോൾ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോൾ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസിൽ അറിയിക്കാൻ തീരുമാനിച്ചതെന്നും ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു.

തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇവർക്ക് തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതി ഷാഹിദ ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അദ്ധ്യാപികയായിരുന്നു. അതേസമയം യുവതിക്ക് മാനസിക വിഭ്രാന്തിയാണെന്ന വാദം പൊലീസ് തള്ളി. ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും, കുഞ്ഞിനെ ബലി നൽകിയതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

മൂന്നുമക്കളിൽ ഇളയവനായ ആമീൽ ഇഹ്‌സാനെ ഉറക്കത്തിനിടെ കൈകാലുകൾ ബന്ധിച്ച ശേഷം കറിക്കത്തിയുപയോഗിച്ച് കൊന്നുതള്ളിയത്. സംഭവം ഷഹീദ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇവരെ പിന്നീട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ഷഹീദയും ഇളയമകനും ഒരുമിച്ചാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലായിരുന്നു സുലൈമാനും മറ്റുമക്കളായ ആദുൽ അത്തീഫ് (11), ആമീൽ ഐദീദ് (8) എന്നിവരും കിടന്നിരുന്നത്.

പുലർച്ചെ മൂന്നരയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന മകനെ ഷഹീദ കുളിമുറിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്തുകൊന്നത്. കൃത്യം നടത്തിയ ശേഷം ഇവർ ജനമൈത്രി പൊലീസിന്റെ സഹായ നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചു. മൊബൈൽ നമ്പർ ലെക്കേറ്റ് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. വാതിലിൽ തട്ടിയതിനെ തുടർന്ന് പുറത്തേക്ക് വന്ന ഷഹീദ താൻ മകനെ ദൈവത്തിന് ബലി നൽകിയെന്ന് പറഞ്ഞു. പൊലീസ് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസാണ് ഉറങ്ങിക്കിടന്ന സുലൈമാനെയും മറ്റ് രണ്ട് കുട്ടികളെയും വിളിച്ചുണർത്തി വിവരം ധരിപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അയൽവാസികളിൽ നിന്നാണ് ജനമൈത്രി പൊലീസിന്റെ നമ്പർ ശേഖരിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദ നിലവിൽ മൂന്നുമാസം ഗർഭിണിയാണ്.മക്കളോട് വലിയ സ്നേഹമായിരുന്നുവെന്നും പുറത്തറിയപ്പെടുന്ന തരത്തിലുള്ള കുടുംബ വഴക്കുകളോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗൾഫിൽ ജോലി ചെയ്തിരുന്ന സുലൈമാൻ മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ നഗരത്തിൽ ടാക്‌സി ഡ്രൈവറാണ്.