ന്യൂഡൽഹി: ബോളിവുഡ് താരം ആമിർ ഖാനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ആമിറിനു ബന്ധമുണ്ടെന്നാണു സ്വാമിയുടെ വിവാദ പ്രസ്താവന.

ഹിറ്റ് ചിത്രമായ പികെയുടെ പ്രചരണത്തിന് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയെ ആമിർ ഖാൻ സമീപിച്ചെന്നാണു സ്വാമിയുടെ ആരോപണം. ഇക്കാര്യം തനിക്ക് അറിയാവുന്നതാണെന്നും സ്വാമി വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ആമിർ തന്റെ ആരോപണത്തോട് എന്തു പറയുന്നു എന്നത് കാര്യമാക്കുന്നില്ല. എന്നാൽ, ആരോപണങ്ങൾക്ക് വിശദീകരണം ആമിർ നൽകിയിട്ടില്ലെന്നും സ്വാമി പറഞ്ഞു. ഇൻക്രെഡിബിൾ ഇന്ത്യയുടെ അംബാസഡർ എന്ന നിലയിൽ ആമിർ പ്രവർത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത് അവർക്കു സുരക്ഷിതത്വം ഇല്ലെന്നാണ്. അങ്ങനെ അവർക്ക് തോന്നുന്നുണ്ടെങ്കിൽ ഇന്ത്യ വിട്ടു പോവുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു.

ആമിർഖാന്റെ അസഹിഷ്ണുത പരാമർശത്തെ തുടർന്ന് ഇതിനു മുൻപും ആമിർഖാനെതിരെ സുബ്രഹ്മണ്യം സ്വാമി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആമിറിന്റെ അസഹിഷ്ണുത പരാമർശത്തെ തുടർന്നായിരുന്നു ഇത്. ഇതിനുശേഷം, ഇൻക്രെഡിബിൾ ഇന്ത്യയുടെ അംബാസിഡർ സ്ഥാനത്തു നിന്നും ആമിർഖാനെ മാറ്റി പകരം അമിതാഭ് ബച്ചനെ നിയമിച്ചിരുന്നു.