മിർ ഖാൻ നായകനായ പികെ എന്ന സിനിമയുടെ പ്രമേയത്തെ ഹൈന്ദവ വിരുദ്ധമായി ചിത്രീകരിക്കുന്നതിൽ ഭീകര സംഘടനയായ ഐസിസിന്റെ ഗൂഢാലോചനയുണ്ടോ? അമിർ ഖാന്റേതായി പാക്കിസ്ഥാനി വെബ്‌സൈറ്റുകളിൽ വന്ന വ്യാജ അഭിമുഖങ്ങളാണ് ഈ സംശയത്തിന് ഇടയാക്കുന്നത്. തന്റെ വ്യാജ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ച പാക്കിസ്ഥാനി വെബ്‌സൈറ്റുകൾക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് അമിർ.

പികെയെ അടിസ്ഥാനപ്പെടുത്തിയാണ് ആമിറിന്റെ അഭിമുഖം പാക് വെബ്‌സൈറ്റുകളിൽ വന്നത്. അത്തരമൊരു അഭിമുഖം ആമിർ നൽകിയിട്ടില്ലെന്ന് താരത്തിനുവേണ്ടി വക്കീൽ നോട്ടീസ് അയച്ച ഡിഎസ്‌കെ ലീഗലിന്റെ മാനേജിങ് പാർട്ണർ ആനന്ദ് ദേശായ് പറഞ്ഞു. മുംബൈ പൊലീസിന്റെ സൈബർക്രൈം സെല്ലിലും ആമിർ പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈന്ദവവിരുദ്ധമെന്ന് ആരോപിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അഭിമുഖത്തിലുള്ളത്. ഇസ്ലാം മതത്തെയും പാക്കിസ്ഥാനെയും പ്രകീർത്തിക്കുന്ന തരത്തിലാണ് ആമിർ ഖാൻ ഉത്തരങ്ങൾ പറയുന്നതും. ഇന്ത്യക്കാർ കരുതുന്നതുപോലെ പാക്കിസ്ഥാൻകാർ വഞ്ചകരോ ശത്രുക്കളോ അല്ലെന്നാണ് തന്റെ സിനിമയിൽ സൂചിപ്പിക്കുന്നതെന്ന് അഭിമുഖത്തിൽ ആമിർ ഖാൻ പറയുന്നുണ്ട്.

എന്നാൽ, ഇത്തരമൊരു അഭിമുഖത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. പികെയ്‌ക്കെതിരെ ഇന്ത്യയിൽത്തന്നെ പല കോണുകളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ആ സാഹചര്യത്തിൽ ആമിർ ഖാന്റെ പേരിൽ പാക്കിസ്ഥാനി വെബ്‌സൈറ്റുകളിൽ വളരെ പ്രകോപനപരമായ അഭിമുഖം പ്രത്യക്ഷപ്പെട്ടത് നടനെ ഹൈന്ദവ വിരുദ്ധനാക്കി ചിത്രീകരിക്കാൻ മാത്രമല്ല, ഇന്ത്യയിൽ വർഗീയ സ്പർദ്ധ വർധിപ്പിക്കാൻ കൂടിയാണെന്ന് കരുതപ്പെടുന്നു.