മുംബൈ:ആമിർ ഖാൻ നായകനായി എത്തുന്ന ലാൽ സിങ് ഛദ്ദ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ റിലീസാകുന്നതിനു മുൻപ് തന്നെ ഒരു വിഭാഗം ചിത്രത്തിനെതിരെ രംഗത്തെത്തി. ബോയ്കോട്ട് ലാൽ സിങ് ഛദ്ദ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിർ ഖാൻ. രാജ്യത്തെ സ്നേഹിക്കാത്ത ആളാണ് താനെന്നാണ് ചിലർ വിശ്വസിക്കുന്നതെന്നും എന്നാൽ അത് ശരിയല്ലെന്നുമാണ് ആമിർ പറയുന്നത്.

'ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ആമിർ ഖാൻ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ. ഇന്ത്യയെ സ്നേഹിക്കാത്ത ഒരാളാണ് ഞാൻ എന്ന് വിശ്വസിച്ച് നിരവധി ആളുകൾ ഇത് പറയുന്നു എന്നതിലാണ് എനിക്ക് വിഷമം. അവരുടെ ഹൃദയത്തിൽ അവർ വിശ്വസിക്കുന്നത് അങ്ങനെയാണ്. എന്നാൽ അത് സത്യമല്ല. എന്റെ രാജ്യത്തെ ഞാൻ ഏറെ സ്നേഹിക്കുന്നു. അങ്ങനെയാണ് ഞാൻ. ചിലർക്ക് മറ്റൊരു രീതിയിൽ തോന്നുന്നത് നിർഭാഗ്യമാണ്. എന്നാൽ അത് അങ്ങനെയല്ല എന്ന് ഞാൻ എല്ലാവർക്കും ഉറപ്പു നൽകുകയാണ്. ദയവായി എന്റെ സിനിമകൾ ബോയ്കോട്ട് ചെയ്യരുത്. ദയവായി എന്റെ സിനിമകൾ കാണൂ.'- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.

2015 ലെ ആമിർ ഖാന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ബോയ്കോട്ട് ലാൽ സിങ് ഛദ്ദ ട്രെൻഡിങ്ങായത്. രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിനാൽ രാജ്യം വിടുന്നതിനെക്കുറിച്ച് മുൻ ഭാര്യ കിരൺ റാവു തന്നോട് പറഞ്ഞു എന്നാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. ഇത് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ടോം ഹാങ്ക്സ് നായകനായി എത്തിയ ലോക ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. അധൈ്വത് ചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂർ നായികയാവുന്ന ചിത്രത്തിൽ നാഗ ചൈതന്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.