ബംഗളൂരു: കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ഇന്ത്യൻ സ്പിന്നർ അമിത് മിശ്രയെ ജാമ്യത്തിൽ വിട്ടു. ബംഗളൂരു പൊലീസാണ് അമിത് മിശ്രയെ അറസ്റ്റ് ചെയ്തത്.

മിശ്രയെ പൊലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. തുടർന്നാണ് ജാമ്യത്തിൽ വിട്ടത്.

ബംഗളൂരു സ്വദേശിനിയും ഹിന്ദി സിനിമാ നിർമ്മാതാവുമായ വന്ദനയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി. ഒരാഴ്ചക്കുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് അമിത് മിശ്രക്ക് നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ മാസമാണ് തന്നെ ശാരീരികമായി കൈയേറ്റം ചെയ്യാൻ അമിത് മിശ്ര ശ്രമിച്ചുവെന്ന് യുവതി പരാതി നൽകിയത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ പരിശീലനത്തിനെത്തിയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സെപ്റ്റംബർ 25ന് ഹോട്ടലിലുണ്ടായ കൈയാങ്കളിയിൽ മിശ്ര തന്റെ കഴുത്തിന് പിടിച്ചുവെന്നും കൈപിടിച്ച് തിരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. അശോക് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

അശോക് നഗർ പൊലീസ് സ്‌റ്റേഷനിൽ സെപ്റ്റംബർ 27 നാണ് യുവതി പരാതി നൽകിയിരുന്നത്. ദക്ഷിണാഫ്രിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം അംഗം ആയിരുന്നു അമിത് മിശ്ര. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാനായി ബംഗളുരുവിൽ എത്തിയതായിരുന്നു മിശ്ര. സെപ്റ്റംബർ 25 ന് അമിത് മിശ്ര താമസിച്ചിരുന്ന ഹോട്ടലിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

മിശ്ര തന്നെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. മിശ്രയ്‌ക്കെതിരെയുള്ള പരാതി പിൻവലിക്കും എന്നാണ് യുവതി നേരത്തെ അറിയിച്ചിരുന്നത്.