- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങൾ മുസാഫർനഗർ കലാപം മറന്നോ? മറന്നിട്ടില്ലെങ്കിൽ വോട്ട് ചെയ്യുമ്പോൾ തെറ്റുണ്ടാകരുത്; കലാപത്തിന് ഉത്തരവാദികളെ എസ് പി സർക്കാർ സംരക്ഷിച്ചു; യോഗി ഭരണത്തിൽ വർഗീയ കലാപങ്ങളില്ല'; ക്രമസമാധാനം ചർച്ചയാക്കി അമിത് ഷാ
ലക്‌നൗ: പശ്ചിമ യുപിയിൽ മുസഫർ നഗർ കലാപം വിഷയമായി ഉയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം. കലാപത്തിന് ഉത്തരവാദികളെ സമാജ്‌വാദി പാർട്ടി സർക്കാർ സംരക്ഷിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു.
ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന എസ്‌പി ആർഎൽഡി സഖ്യത്തിന് മേൽ പശ്ചിമ യുപിയിൽ ആധിപത്യം നേടാനാണ് മുസഫർനഗർ കലാപത്തെ വീണ്ടും ചർച്ചയിലേക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കൊണ്ടുവരുന്നത്. എസ്‌പി സർക്കാരിന്റെ ക്രമസമാധാന നിലയുടെ ഉദാഹരണമാണ് മുസഫർനഗർ കലാപം. ബിജെപി അധികാരത്തിലെത്തിയ ശേഷം ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
നിങ്ങൾ മുസാഫർനഗർ കലാപം മറന്നോ? മറന്നിട്ടില്ലെങ്കിൽ വോട്ട് ചെയ്യുമ്പോൾ തെറ്റുണ്ടാകരുത്. തെറ്റു സംഭവിച്ചാൽ അതേ കലാപകാരികൾ തന്നെ ലക്‌നൗവിന്റെ സിംഹാസനത്തിൽ വീണ്ടും ഇരുപ്പുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നിലയിൽ എസ്‌പി, ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യാത്യാസം ചർച്ച ചെയ്യാൻ അഖിലേഷ് യാദവിനെ അമിത് ഷാ വെല്ലുവിളിച്ചു. ബിജെപി പ്രചാരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും. 21 മണ്ഡലങ്ങളിൽ നിന്നായി 10 ലക്ഷം പേർ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
യുപിയിൽ ബിജെപിയെ താഴെയിറക്കാൻ ഫെബ്രുവരി മൂന്നു മുതൽ മിഷൻ ഉത്തർപ്രദേശ് ക്യാംപെയ്ൻ ആരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ലഖിംപുർ കർഷക കൊലപാതകത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
അതേസമയം പഞ്ചാബിൽ തിരഞ്ഞെടുപ്പാവേശമുയർത്തി നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി. പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാനും പിസിസി അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവും നാമനിർദേശ പത്രിക സമർപ്പിച്ചു.




